ജോസഫ് ചിന്തകൾ 283: ജോസഫ് നീതിയുടെ പച്ചപ്പ് വിരിയിച്ചവൻ

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ഒരു ബനഡിക്ടൻ സന്യാസിനിയും വേദപാരംഗതയുമായിരുന്നു ബിൻങ്ങനിലെ വിശുദ്ധ ഹിൽഡെഗാർഡ്. എപ്പോഴും പ്രകാശമായ ദൈവത്തിൽ ജീവിച്ച അവൾ എല്ലാ കാര്യങ്ങളിലും ദൈവസാന്നിധ്യം കണ്ടത്തി. പ്രകൃതിയിലും മൃഗങ്ങളിലും മനുഷ്യരിലും അവൾ അവനെ കണ്ടത്തി. 1179 സെപ്റ്റംബർ 17 -ന് മരിച്ച ഹിൽഡെഗാർഡിനെ 2012 മെയ് 10 -നു ബെനഡിക്ട് പതിനാറാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുകയും അതേ വർഷം ഒക്ടോബർ ഏഴാം തീയതി വേദപാരംഗതയായി ഉയർത്തുകയും ചെയ്തു.

“നീതിയുടെ പച്ചപ്പ് ഇല്ലാത്ത ഒരു വ്യക്തിയുടെ ജീവിതം വരണ്ടതാണ്. ആർദ്രതയും നന്മയും, പുണ്യവും പ്രകാശിപ്പിക്കാതെയുമുള്ള ജീവിതമായിരിക്കും അത്.”-ഹിൽഡെഗാർഡിൻ്റെ ഈ വാക്കുകളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. നീതിമാനായ യൗസേപ്പിൻ്റെ ജീവിതത്തിൽ ആർദ്രതയും നന്മയും പുണ്യവും പ്രകാശം പരത്തിയെങ്കിൽ ദൈവത്തിൻ്റെ നീതി അവനിൽ ഭരണം നടത്തിയതുകൊണ്ടാണ്. അതവൻ്റെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിത ദർശനങ്ങൾക്കു തെളിമ നൽകുകയും ചെയ്തു.

നീതിമാന്‍മാരുടെ പ്രതിഫലം ജീവനിലേക്കു നയിക്കുന്നു, (സുഭാ 10 : 16) അവർ തിന്മയിൽ നിന്നു ഒഴിഞ്ഞു മാറുകയും (സുഭാ 12: 16) കാപട്യത്തെ വെറുക്കുകയും ചെയ്യുന്നു. അവരുടെ പ്രതിഫലം ഐശ്വര്യമായിക്കും. യൗസേപ്പിതാവിൻ്റെ നീതിയിൽ നമുക്കു വളരാൻ പരിശ്രമിക്കാം. നീതിമാന്‍മാരുടെ ആത്‌മാവ്‌ ദൈവകരങ്ങളിലാണ്‌, ഒരു ഉപദ്രവവും അവരെ സ്‌പര്‍ശിക്കുകയില്ല.(ജ്‌ഞാനം 3 : 1) എന്ന തിരുവചനം സദാ നമുക്കു മനസ്സിൽ സൂക്ഷിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.