ദൈവം മാത്രം മതി

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

ഒരു കുഞ്ഞുപൂവിലും, തളിര്‍ക്കാറ്റിലും, മണല്‍ത്തരിയിലും, മനുജരിലും, സര്‍വ്വസൃഷ്ടിയിലും സൃഷ്ടാവിന്റെ ഒരംശമെങ്കിലും കണ്ടെത്തുമ്പോള്‍ അവിടെ വിശ്വാസം, ദൈവമായി അവതരിക്കുകയാണ്. വി. അമ്മത്രേസ്യാ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു: ‘എന്റെ സഹോദരിമാരേ, നിങ്ങള്‍ അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ ദൈവം അവിടുത്തെ പാത്രങ്ങള്‍ക്കിടയിലും നടക്കും.’

ദൈവത്തിന്റെ കരസ്പര്‍ശം ജീവിതത്തിലും, ദൈവത്തിന്റെ സാന്നിധ്യം അനുദിന ജീവിതത്തിലും 500 വര്‍ഷങ്ങള്‍ക്കും മുമ്പേ അനുഭവിച്ചറിഞ്ഞ പുണ്യവതി കേവലം ഒരു വിശുദ്ധ മാത്രമല്ല, നൂറ്റാണ്ടുകളായി ലോകത്തെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത ദിവ്യസാന്നിധ്യമായിരുന്ന ആവിലായിലെ വി. തെരേസ. ധ്യാനപ്രാര്‍ത്ഥനാശീലം, ദൈവീക ദര്‍ശനങ്ങള്‍, കര്‍മ്മലീത്താ സഭാനവീകരണം എന്നിവയാൽ ആത്മാർത്ഥമായി സഭയെ സ്‌നേഹിച്ച്, സന്യാസത്തിന്റെ പവിത്രതയും വിശ്വസ്തതയും മാതൃകാപരവുമായ ജീവിതത്താല്‍, കഴിഞ്ഞ 436 വര്‍ഷങ്ങളായി തലമുറകളെ സ്വാധീനിക്കുകയും അനേകരെ വിശ്വാസത്തിലേയ്ക്കും വിശുദ്ധിയിലേയ്ക്കും നയിച്ച മഹദ്‌വ്യക്തിത്വത്തിനുടമയും വേദപാരംഗതയുമാണ് ആവിലായിലെ വി. ത്രേസ്യാമ്മ.

…എന്നാൽ, ദൈവമാണ് എന്റെ ബലം. അവിടുന്നാണ് എന്നേയ്ക്കുമുള്ള എന്റെ ഓഹരി – അമ്മത്രേസ്യാ 

നശ്വരമായവ നഷ്ടപ്പെടുമ്പോള്‍ അനശ്വരമായതിനെ പുല്‍കുവാനുള്ള ത്വര ജന്മനാ ത്രേസ്യാ പുണ്യവതിയിലുണ്ടായിരുന്നു. 14-ാം വയസ്സില്‍ തന്റെ പ്രിയപ്പെട്ട അമ്മച്ചി അകാലത്തില്‍ മരിച്ചപ്പോള്‍ ആ ദുഃഖത്തില്‍ തകരാതെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിലേയ്ക്ക് ഓടി അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അമ്മേ, ഇന്നുമുതല്‍ നീയാണ് എന്റെ അമ്മ.’ അന്നുമുതല്‍ ദൈവമാതാവ് കൊച്ചുപുണ്യവതിയെ ഒരുക്കുകയായിരുന്നു… വേദനകളുടെയും, തീരാ രോഗത്തിന്റെയും, അവഗണനയുടെയും മുള്ളുകളിലൂടെ… നിഷ്പാദുക സഭയുടെ നവീകരണ മാതാവാകാന്‍, നിശബ്ദതയുടെ ആഴങ്ങളില്‍ അനശ്വരമായ പരമദൈവത്തെ ദര്‍ശിക്കുവാന്‍.

നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പീഢാനുഭവങ്ങളെയോര്‍ത്ത് നിത്യവും പൂര്‍ണ്ണസ്‌നേഹത്തില്‍ ത്രേസ്യാ പുണ്യവതി ധ്യാനിച്ചിരുന്നു. ഒരിക്കല്‍ പാടുപീഢകളേറ്റ യേശുവിന്റെ ചിത്രം കണ്ട് ഒരുപാട് ദിനം അവള്‍ കരഞ്ഞിരുന്നു. ഈശോയുടെ മുറിവുകള്‍ തന്റെ വേദനകളില്‍ പലപ്പോഴും സ്‌നേഹത്തോടെ സഹിച്ചിരുന്ന ത്രേസ്യാമ്മ, വേദനകളുടെയും സഹനത്തിന്റെയും ആഴവും എണ്ണവും കൂടുമ്പോള്‍ ഇപ്രകാരം ഈശോയോടു പറയുമായിരുന്നു: ‘ചുമ്മാതല്ല നിന്നെ ആരും സ്‌നേഹിക്കാത്തത്. സ്‌നേഹിക്കുന്നവരെ എത്രമാത്രം സഹനങ്ങള്‍ കൊടുത്താണ് നീ പരീക്ഷിക്കുന്നത്..’  തന്റെ ദിവ്യനാഥനും മണവാളനുമായ യേശുവിനോട് അതിയായ സ്‌നേഹം അമ്മ പ്രകടിപ്പിച്ചിരുന്നു.

ചരിത്രത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തി ത്രേസ്യാ പുണ്യവതിയാണ്. കര്‍മ്മലീത്താ നിഷ്പാദുക സഭയുടെ നവീകരിച്ച ആദ്യ കമ്മ്യൂണിറ്റിയെ വി. യൗസേപ്പിതാവിന്റെ പേരിലാണ് നാമകരണം ചെയ്തത്. കൂടാതെ, ഏതെങ്കിലുമൊരു ആവശ്യത്തിനോ, യാത്രയ്‌ക്കോ പുറത്തുപോകുമ്പോള്‍ ത്രേസ്യാ പുണ്യവതി, തന്റെ മഠത്തിനു മുന്നിലെ യൗസേപ്പിതാവിന്റെ  തിരുസ്വരൂപത്തിനു മുന്നില്‍ വന്ന് പ്രാര്‍ത്ഥിച്ച് അകത്തുള്ളവരുടെ സംരക്ഷണവും, യാത്രയും ആ പിതാവിനെ ഭരമേല്‍പിക്കുക നിത്യശീലമായിരുന്നു. യൗസേപ്പിതാവിനോട് ചോദിച്ച ഒരു കാര്യവും എനിക്ക് ഇതുവരെ ലഭിക്കാതിരുന്നിട്ടില്ല എന്ന് അടിവരയിട്ട് വിശുദ്ധ ആവര്‍ത്തിക്കുമായിരുന്നു.

ലോകത്തിന്റെ തിളങ്ങുന്ന ആകര്‍ഷണങ്ങളിലും, മറ്റുള്ളവരുടെ പരിഹാസത്തിന്റെയും അവഗണനയുടെയും നടുവിലും, നോവുന്ന സഹനദിനങ്ങളിലും അന്തരാത്മാവിലേയ്ക്ക് നിശബ്ദതയുടെ ആഴങ്ങളിലൂടെ, പ്രാര്‍ത്ഥനയുടെ അഭിഷേകത്തിലൂടെ നടന്ന് ആയിരങ്ങള്‍ക്ക് സുകൃതസരണിയായി അമ്മ ഉറക്കെ പ്രഘോഷിച്ചു: ‘ദൈവം മാത്രം മതി! ദൈവം മാത്രം മതി!’ ‘ഈ ലോകത്തിലുള്ള സര്‍വ്വവും മറഞ്ഞുപോകും; എന്നാല്‍, നാഥനായ അങ്ങു മാത്രം നിത്യസത്യമായി വാഴും.’ സനാതനവും നിത്യസത്യവുമായ സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ച് അഗാധമായ ജ്ഞാനവും അനുഭവവും പുണ്യവതിക്ക് ഉണ്ടായിരുന്നു.

1515 മാര്‍ച്ച് 28-ാം തീയതി സ്‌പെയിനിലെ ആവിലായില്‍ ജനിച്ച പുണ്യവതി കര്‍മ്മനിരതയായും ഭക്തി, വിശ്വാസവതിയായും ജീവിച്ച് 1582 ഒക്‌ടോബര്‍ 4-ന് തന്റെ ദിവ്യമണവാളന്റെ അരികിലേയ്ക്ക് യാത്രയായി. 1622 മാര്‍ച്ച് 12-ാം തീയതി ഗ്രിഗറി 15 മൻ മാര്‍പാപ്പാ ഒരു വിശുദ്ധയായി അവളെ ഉയര്‍ത്തി.

കേരളത്തിലെ ഉത്തര മലബാറുകാര്‍ക്ക് ഏറ്റവുമധികം ഭക്തിയുള്ള ഒരു വിശുദ്ധയാണ് വി. അമ്മത്രേസ്യാ. മാഹീലമ്മ എന്ന ചെല്ലപ്പേരില്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത് വി. അമ്മത്രേസ്യായെ ആണ്. 1723 ഡിസംബറിലാണ് അമ്മത്രേസ്യായുടെ തിരുസ്വരൂപം, തലശ്ശേരിക്കടുത്തുള്ള മാഹിയിലെത്തിയത്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയായി അന്നുമിന്നും അമ്മയെ വണങ്ങുകയാണ് എല്ലാവരും.

മാഹീലമ്മേ, വി. ത്രേസ്യായെ പ്രാര്‍ത്ഥിക്കണേ ഞങ്ങള്‍ക്കായി…

സി. സോണിയ കെ. ചാക്കോ DC