കുഴഞ്ഞുമറിഞ്ഞ മാനസികാവസ്ഥകളെ നേരെയാക്കാന്‍ വി. പാദ്രെ പിയോ പഠിപ്പിക്കുന്ന മാര്‍ഗ്ഗം

ശാന്തമായ ഒരു മാനസികാവസ്ഥ നിലനിര്‍ത്തുക എന്നത് പലരെയും സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളോ മറ്റോ ഉള്ളവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മനസ് ആകെ അസ്വസ്ഥവും അലങ്കോലവുമായിരിക്കും.

സമര്‍പ്പിതനായിരുന്നെങ്കിലും മാനസികാവസ്ഥ ശാന്തമല്ലാതാവുന്ന അവസ്ഥ വി. പാദ്രെ പിയോയ്ക്കും ഉണ്ടായിട്ടുള്ളതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനെ മറികടക്കാനുള്ള വഴിയും അദ്ദേഹം തന്നെ കണ്ടെത്തുകയുണ്ടായി. കുറച്ച് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുമെങ്കിലും സംഘര്‍ഷഭരിതമായ മനസിനെ ശാന്തമാക്കാന്‍ ഈ വിദ്യ നമ്മെ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

അദ്ദേഹം പറയുന്നു: “മാനസിക പിരിമുറുക്കവും അതുവഴിയായുള്ള പൊട്ടിത്തെറികളും ദേഷ്യപ്പെടലുകളും ഒഴിവാക്കേണ്ടതാണെന്ന് അറിയാമെങ്കിലും അതിന് സാധിക്കാതെ വരുമ്പോള്‍ കര്‍ത്താവിനോട് ഞാന്‍ പരാതി പറയാറുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ സൗഖ്യം അവിടുന്ന് നല്‍കിയില്ല. അതുകൊണ്ട്, ഇത്തരം അവസരങ്ങളില്‍ ഞാന്‍ ജാഗരൂകതയോടെ ഇരുന്ന് സ്വയം ഈ അവസ്ഥയില്‍ നിന്ന് രക്ഷ നേടുകയാണ് പതിവ്. അതിന് തിരുക്കുടുംബത്തോട് നിരന്തരം സഹായം യാചിക്കാറുമുണ്ട്. അനാവശ്യ മാനസിക പിരിമുറുക്കവും അതുവഴിയായുള്ള അസ്വസ്ഥതകളും ഒഴിവാക്കേണ്ടതാണെന്ന ബോധ്യം നിരന്തരം മനസില്‍ സൂക്ഷിച്ചാല്‍ ആ തിന്മയില്‍ നിന്ന് നമുക്ക് മോചനം സാധ്യമാണ്.”