വിശുദ്ധ ഓസ്‌കാര്‍ റൊമേരോ: എല്‍ സാല്‍വതോറിന്റെ ലോകത്തിനുള്ള സമ്മാനം

‘അക്രമാസക്തമായ സൈന്യം എന്നെ കൊലപ്പെടുത്തുകയാണെങ്കില്‍ ഞാന്‍ ഈ ജനത്തിന്റെ ഇടയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കും’  ഓസ്‌കാര്‍ റൊമേരോ തന്റെ മരണത്തിന് കുറച്ചുനാള്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇത്. ഇതു ശരിവെച്ചു കൊണ്ട് കത്തോലിക്കാ സഭ,  അദ്ദേഹത്തെ ലോകം മുഴുവന്‍ അള്‍ത്താരയില്‍ വണങ്ങും വിധം ഉയര്‍ത്തി, വിശുദ്ധനായി പ്രഖ്യാപിച്ചു.

അദ്ദേഹത്തിന്റെ ജനനം 1917, ആഗസ്റ്റ് 15 നും മരണം 1980 മാർച്ച്  24 നും ആയിരുന്നു. ദാരിദ്ര്യത്തിനും, അനീതിക്കും, സാമൂഹിക അസമത്വങ്ങൾക്കും, സ്വേച്ഛാഭരണത്തിനും, രാഷ്ട്രീയത്തിലെ അതിക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ അദ്ദേഹത്തെ 1980-ൽ ഒരു ആശുപത്രി ചാപ്പലിൽ കുർബ്ബാന അർപ്പിച്ചുകൊണ്ടിരിക്കെ രാഷ്ട്രീയവൈരികൾ വധിച്ചു.

വി. ഓസ്‌കാര്‍ റൊമേരോ സേവനത്തിന്റെ മറ്റൊരു മുഖമായിരുന്നു. റൊമേറോയുടെ ഭൗതികജീവിതം അവസാനിച്ചെങ്കിലും ദൈവത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധവും പാവപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും അദ്ദേഹത്തിന്റെ കരുണയും അവരുടെ മോചനത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തികളും ഒരിക്കലും സാല്‍വതോര്‍ ജനതയുടെ മനസ്സില്‍ നിന്ന് മായില്ല. ശബ്ദിക്കാന്‍ കഴിയാത്തവരുടെ ശബ്ദമായിരുന്നു അദ്ദേഹം. അടിമത്വത്തില്‍ കഴിഞ്ഞവരുടെ മോചനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ അവര്‍ക്ക് അദ്ദേഹത്തോടുള്ള വിശ്വാസവും സ്‌നേഹവും വര്‍ദ്ധിക്കുന്നതിനു കാരണമായി.

സാമൂഹികമായ അസമത്വങ്ങള്‍ നിലനിന്നിരുന സാല്‍വദോറില്‍ അസമത്വത്തിനും അനീതിക്കും എതിരെ നിലകൊള്ളുവാനും അതിനായി പ്രവര്‍ത്തിക്കുവാനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടുവനും തുല്യത നടപ്പാക്കുവാനും വേണ്ടി അദ്ദേഹവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പോരാടി. ആ പോരാട്ടത്തിലൂടെ തളര്‍ന്ന തകര്‍ന്ന ഒരു ജനത്തിനു പ്രതീക്ഷ നല്‍കുവാനും അവര്‍ക്ക് മാതൃകയായി തീരുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതു ഗവണ്മെന്റിന്റെ ശത്രുവാക്കി അദ്ദേഹത്തെ മാറ്റി. ആ ശത്രുത അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.

സഭ പാവപ്പെട്ടവരുടെയും കൂടെയാണെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അദ്ദേഹം വരിച്ച രക്തസാക്ഷിത്വം സഭ അംഗീകരിച്ചു. സഭയിലെ അനേകം രക്തസാക്ഷികളുടെ ഇടയിലേയ്ക്കു അദ്ദേഹത്തെ ഉയര്‍ത്തുമ്പോള്‍ പീഡനങ്ങള്‍ക്ക് നടുവിലും ഒരു ജനത അഭിമാനം കൊള്ളുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ