വിശുദ്ധ മറിയം ത്രേസ്യായുടെ വിശുദ്ധ പദവി: ദേശീയതല ആഘോഷം 16 ന്

വിശുദ്ധ  മറിയം ത്രേസ്യായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും 16നു നടക്കും. വിശുദ്ധയുടെ കബറിടമുള്ള തൃശൂർ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീർഥാടന കേന്ദ്രത്തിലാണ് ആഘോഷ പരിപാടികൾ നടക്കുകയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ഉദയ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

16ന് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന കൃതജ്ഞതാബലിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകും. ഭാരതസഭയിലെ നൂറോളം മെത്രാന്മാരും നിരവധി വൈദികരും സഹകാർമികരാകും.

വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. അപ്പസ്തോലിക് നുണ്ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി ഹോളി ഫാമിലി സന്യാസിനി സമൂഹം നടപ്പാക്കുന്ന അഞ്ചു കോടി രൂപയുടെ കാരുണ്യപദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതയും വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാൻ കുടുംബവും നേതൃത്വം നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇറ്റലി, ജർമനി,അമേരിക്ക, കാനഡ, ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, കെനിയ, സൗത്ത് സുഡാൻ,ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോർ എന്നിവിടങ്ങളിൽനിന്നും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും വിവിധ രൂപതകളിൽനിന്നു വിശ്വാസികളും ഉൾപ്പെടെ മുപ്പതിനായിരത്തോളം പേർ ദേശീയ ആഘോഷത്തിൽ പങ്കെടുക്കാനെത്തും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും മാർ കണ്ണൂക്കാടൻ അറിയിച്ചു.

വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ചു കോടി രൂപയാണു ജീവകാരുണ്യ സംരംഭങ്ങൾക്കായി വിനിയോഗിക്കുക. ഇതിൽ മൂന്നു കോടി രൂപ ചെലവഴിച്ചു നിർധന കുടംബങ്ങൾക്ക് 50 വീടുകൾ നിർമിച്ചു നൽകും. നിർധനർക്കു പഠനം, ചികിത്സ, വിവാഹം എന്നിവയ്ക്കും സഹായങ്ങൾ നൽകുമെന്നു മദർ ജനറൽ സിസ്റ്റർ ഉദയ അറിയിച്ചു.

ഇരിങ്ങാലക്കുട രൂപത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പുത്തൻചിറയിൽ ലഹരി വിമുക്ത പുനരധിവാസകേന്ദ്രം, ചാലക്കുടിയിൽ കിടപ്പുരോഗികൾക്കായി സാന്ത്വന ഭവനം,ഷംഷാബാദ് രൂപതയുടെ വിവിധ മേഖലകളിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സർവീസ് എന്നിവയ്ക്കായാണു തുക വിനിയോഗിക്കുക.

വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാൻ കുടുംബം 15ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തും. പ്രമേഹ രോഗികൾക്ക് ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനാണു തുക ഉപയോഗിക്കുക.