മാർഗരീത്ത ബയസ് – നാട്ടുകാരുടെ ‘ഗോഡ് മദർ’

സി. സൗമ്യ DSHJ

“നാം ഒരു വിശുദ്ധയുടെ ശവസംസ്കാരത്തിലാണ് പങ്കെടുക്കുന്നത്.” വാഴ്ത്തപ്പെട്ട മാർഗരീത്ത ബയസിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തവർ സെമിത്തേരിയിൽ നിന്നുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. അനുദിന ജീവിതത്തിൽ അനുകരണീയമായ നിരവധി കാര്യങ്ങൾ സ്വന്തം ജീവിത മാതൃകയിലൂടെ നമുക്ക് പറഞ്ഞു തരുന്ന വിശുദ്ധ ജീവിതമാണ് വിശുദ്ധ മാർഗരീത്ത ബയാസിന്റേത്. ഈ പുണ്യ ജീവിതത്തിന്റെ വഴികളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

കുട്ടിക്കാലം

1815 സെപ്റ്റംബർ 8 ന് സ്വിറ്റ്സർലണ്ടിലെ ഫ്രിബോർഗ് എന്ന പ്രദേശത്തെ പിയറയിലാണ് മാർഗരീത്തയുടെ ജനനം. ഒരു സാധാരണ കർഷക കുടുംബത്തിലെ ഏഴ് മക്കളിൽ രണ്ടാമത്തവൾ. മാതാപിതാക്കളെ സഹായിക്കുന്നതിൽ മാർഗരീത്ത ചെറുപ്പം മുതൽ ഉൽസുകയായിരുന്നു. ചെറിയ ചില കുസൃതിത്തരങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും പ്രാർത്ഥനയിലും ഏകാന്തതയിലും അവൾ ചെറുപ്പത്തിലേ വളർന്നു വന്നു. അവളുടെ ജീവിത രീതികൾ കണ്ട് അവൾ കോൺവെന്റിൽ ചേരുമെന്ന് എല്ലാവരും കരുതി. എന്നാൽ അവൾ കോൺവെന്റിൽ ചേർന്നില്ല. പകരം ഒരു തയ്യൽക്കാരിയായി മാറി. എങ്കിലും സ്വമനസാൽ അവൾ ദൈവത്തോട് ചേർന്ന് തന്നെ ജീവിച്ചു.

ജോലിയിലൂടെ ഈശോയിലേക്ക് അടുത്തവൾ

മാർഗരീത്ത തൻ്റെ തൊഴിലിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കുകയും ആഴപ്പെടുകയും ചെയ്തു. അവൾ കാണുന്നവർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുവാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ‘ഈശോ അവളിലൂടെ ജീവിക്കുന്നു’ എന്ന് അവളെ കാണുന്നവർക്ക് അനുഭവവേദ്യമാകുന്ന ഒരു ജീവിത ശൈലിയായിരുന്നു മാർഗരീത്തയുടേത്. എല്ലാ ദിവസവും തീക്ഷണതയോടെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന അവൾ കണ്ടുമുട്ടുന്ന എല്ലാവരെയും അതിനായി പ്രോത്സാഹിപ്പിക്കുവാനും മറന്നിരുന്നില്ല. മാത്രമല്ല, അവരുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെയും വേദനകളെയും ശ്രവിക്കുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയ കാര്യങ്ങൾ അവളുടെ ജീവിതചര്യയായി മാറി.

അവളുടെ കുടുംബം, വിശുദ്ധിയുടെ സ്ഥലം

മാർഗരീത്ത വിവാഹം കഴിക്കാതിരുന്നതിനാൽ തൻ്റെ പിതാവിൻ്റെ ഭവനത്തിലായിരുന്നു അവളുടെ ജീവിതം. താൻ ചെയ്യുന്ന ചെറിയ ജോലി കൊണ്ട് സ്വയം അധ്വാനിച്ച് ജീവിക്കണം എന്നത് അവൾക്ക് നിർബന്ധമായിരുന്നു. തൻ്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് അവൾ മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തു. എന്നാൽ അവളുടെ സഹോദരന്റെ ഭാര്യ ജോസ്റ്റെ അവളുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കി. അവൾ പലപ്പോഴും മർഗരീത്തയെ വേദനിപ്പിച്ചു. അവയുടെയെല്ലാം മുൻപിൽ മാർഗരീത്ത സഹിഷ്ണത കൈവിട്ടില്ല. ജോസെറ്റയുടെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അവളെ ശുശ്രൂഷിക്കുകയും മരണത്തിന് ഒരുക്കുകയും ചെയ്തത് മാർഗരീത്തയാണ്.

തന്നെ ദ്വേഷിക്കുന്നവരോട് പോലും സ്നേഹത്തോടെ പെരുമാറുവാൻ തക്കതായ ഒരു ആദ്ധ്യാത്മികത അവളിൽ നിറഞ്ഞിരുന്നു. വിവാഹ ബന്ധം വേർപെടുത്തി വീട്ടിൽ വന്നു നിൽക്കുന്ന സഹോദരി, ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു സഹോദരൻ, വഴിവിട്ട ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായ മറ്റൊരു ജേഷ്ഠൻ – മൊത്തത്തിൽ കുത്തഴിഞ്ഞ ഒരു കുടുംബം. ഈ സാഹചര്യത്തിലും വിശുദ്ധമായ ഒരു ജീവിതം നയിക്കുവാൻ മാർഗരീത്തയ്ക്ക് കഴിഞ്ഞു. തെറ്റായ ബന്ധത്തിൽ സഹോദരന് ജനിച്ച മകനെ പഠിപ്പിക്കുവാൻ വേണ്ട സഹായം നൽകുവാനും മാർഗരീത്ത മറന്നില്ല. തെറ്റായ വഴികളിലൂടെ ചരിച്ച തൻ്റെ സഹോദരങ്ങളെ അവൾ ഒരിക്കലും കുറ്റം വിധിക്കാതെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ സ്നേഹത്തിലൂടെയും കാരുണ്യത്തിലൂടെയും നേർവഴിക്ക് നയിക്കുവാൻ നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

രക്തബന്ധത്തിനപ്പുറമുള്ള കുടുംബം

ഇടവകയുടെ എല്ലാവിധ പ്രവർത്തനങ്ങളിലും മാർഗരീത്ത വലിയ ഉത്സാഹത്തോടെ പങ്കെടുത്തിരുന്നു. കുട്ടികൾക്ക് അവൾ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും അദ്ധ്യാത്മികതയിൽ അവരെ വളർത്തുവാൻ പ്രചോദിപ്പിക്കുകയും ചെയ്തു. ദരിദ്രരായ കുട്ടികൾക്ക് അവൾ സൗജന്യമായി ഉടുപ്പുകൾ ഉണ്ടാക്കി നൽകി. ആ പ്രദേശത്തെ കുട്ടികൾക്കെല്ലാം മാർഗരീത്ത ‘ഗോഡ് മദർ’ ആയിരുന്നു. ഒപ്പം ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ അംഗമായിരുന്നു ഇവർ.

ക്യാൻസർ രോഗം അവളെ യേശുവിന്റെ സഹനത്തിൽ പങ്കാളിയാക്കി

തന്നെ ബാധിച്ച ക്യാൻസർ രോഗം ക്രിസ്തുവിന്റെ സഹനത്തിൽ തന്നെ പങ്കാളിയാക്കുന്നുണ്ടെന്ന് അവൾ വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ ആ സഹനങ്ങളെ ഏറെ സ്നേഹത്തോടെ അവൾ സ്വീകരിച്ചു. വേദനയിലൂടെയും സഹനങ്ങളിലൂടെയും കടന്നു പോയ അവൾ അദ്‌ഭുതകരമായി സൗഖ്യപ്പെട്ടു. 1854 സെപ്തംബർ എട്ടാം തിയതി, പരിശുദ്ധ അമ്മയുടെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ച ആ ദിവസം ആയിരുന്നു ക്യാൻസർ രോഗത്തിൽ നിന്ന് അവൾ സൗഖ്യപ്പെട്ടത്. ക്യാൻസർ രോഗം സുഖപ്പെട്ടു എങ്കിലും ജീവതത്തിൽ ഒരുപാട് സഹനങ്ങളിലൂടെയും വേദനകളിലൂടെയും മാർഗ്ഗരീത്താ കടന്നു പോയി. അവിടെയൊക്കെ തളരാതെ സഹനങ്ങളെ ഈശോയുടെ കുരിശിനോട് ചേർത്തുവയ്ക്കുവാൻ അവൾക്കു കഴിഞ്ഞു. ഇത്തരം അവസരങ്ങളിൽ പുറത്തുനിന്നുള്ളവരുടെ സാമിപ്യത്തിൽ നിന്ന് അകന്നുമാറി തൻ്റെ മുറിക്കുള്ളിൽ തന്നെ അവൾ കഴിഞ്ഞുകൂടി.

പ്രാർത്ഥനയുടെ സ്ത്രീ

ഓരോ നിമിഷവും ദൈവത്തിൽ ആശ്രയിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു മാർഗ്ഗരീത്തായുടേത്. തന്റെ ആത്മീയ ജീവിതത്തിനു ആവശ്യമായ ശക്തി അവൾ സംഭരിച്ചിരുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണ്. ഒപ്പം തന്നെ സമീപിക്കുന്നവരെ ആശ്വസിപ്പിക്കാനും അവരെ ശ്രവിക്കുവാനും അങ്ങനെ അവരുടെ ദു:ഖത്തിൽ പങ്കാളിയാകുവാനും മാർഗരീത്തയ്ക്ക് കഴിഞ്ഞു. തന്റെ പക്കൽ എത്തുന്നവരോടെല്ലാം നിരന്തരം ജപമാല ചൊല്ലുവാൻ അവൾ ആവശ്യപ്പെട്ടു. മാർഗരീത്ത പറയുന്നു, “കൊന്ത ചൊല്ലി പ്രാർത്ഥിക്കുക. അപ്പോൾ എല്ലാം ശുഭമായി മാറുന്നത് കാണുവാൻ നിങ്ങൾക്ക് കഴിയും.” അങ്ങനെ തൻ്റെ ഭവനത്തിലും നാട്ടിലും അവൾ പ്രാർത്ഥനയുടെ ഒരു സ്ത്രീ ആയി മാറി.

നിത്യതയിലേക്കുള്ള യാത്ര

1879 ജൂൺ 27 ന് മാർഗരറ്റ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. അവളുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തിരുന്നു. ഒരു ഗ്രാമ പ്രദേശമായിരുന്നത് കൊണ്ട് ലളിതമായിരുന്നു ചടങ്ങുകൾ. എന്നിരുന്നാലും തങ്ങളുടെ പ്രിയപ്പെട്ടവൾക്കു അന്ത്യയാത്ര ചൊല്ലാൻ വലിയ ജനക്കൂട്ടം എത്തി. പങ്കെടുത്തവർ അവരുടെ ജപമാലകൾ അവളുടെ ശവമഞ്ചത്തിൽ തൊട്ട് പ്രാർത്ഥിക്കുവാൻ തിരക്ക് കൂട്ടിയിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകൾ ഒരു വിശുദ്ധയുടെ തിരുകർമങ്ങളിൽ പങ്കെടുക്കുന്ന മനോഭാവത്തോടെയാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഈ കബറിടം സന്ദർശിക്കുവാൻ അനേകർ ഇന്നും കടന്നുവരുന്നു.

അതിൽ ഇപ്രകാരം ആലേഖനം ചെയ്തു വെച്ചിരിക്കുന്നു. “ഞങ്ങളുടെ പ്രിയപ്പെട്ട ഗോഡ് മദർ, നിങ്ങൾ ഈ ഭൂമിയിൽ ഉപേക്ഷിച്ച ഞങ്ങളെ മറക്കരുത്. നിങ്ങളുടെ ഓർമ്മ അനുഗ്രഹിക്കപ്പെടും. കാരണം ഈ ഭൂമിയിൽ നിങ്ങൾ അനേകർക്ക് അനുഗ്രഹമായി ജീവിച്ചു.” വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട മാർഗ്ഗരീത്തായുടെ ജീവിത വഴികൾ നമുക്ക് പ്രചോദനമാകട്ടെ.