ജോസഫ് ചിന്തകൾ: 226 മഗ്ദലനമറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ

ജൂലൈ 22 -ന് സഭ വിശുദ്ധ മഗ്ദലന മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 2016 ജൂൺ മാസം പത്താം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ “അപ്പസ്തോലന്മാരുടെ അപ്പസ്തോല” എന്നറിയപ്പെടുന്ന മഗ്ദലന മറിയത്തിൻ്റെ ഓർമ്മ ദിനം തിരുനാൾ പദവിയിലേക്ക് ഉയർത്തിയത്.

ഈശോയുടെ പുനരുത്ഥാനത്തിന് ശേഷം അവിടുത്തെ ദര്‍ശനം ലഭിച്ച ആദ്യ വ്യക്തിയാണ് മഗ്ദലന മറിയം. തുടർന്ന് അവൻ ഉയർത്തെഴുന്നേറ്റു എന്ന കാര്യം അപ്പസ്തോലന്‍മാരെ അറിയിച്ചത് മഗ്ദലന മറിയമാണ്. വിശുദ്ധ തോമസ് അക്വീനാസിൻ്റെ അഭിപ്രായത്തിൽ ആദ്യ മനുഷ്യനോടു മരണവാക്കുകൾ ഒരു സ്ത്രീ പറഞ്ഞതുപോലെ പുതിയ നിയമത്തിൽ അപ്പസ്തോലന്മാരോട് ജീവൻ്റെ വാക്കുകൾ പറയാൻ നിയോഗിക്കപ്പെട്ട സ്ത്രീയായിരുന്നു മഗ്ദലനാ മറിയം.

യൗസേപ്പിതാവിൻ്റെ വർഷത്തിൽ വിശുദ്ധ മഗ്ദലന മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അഞ്ചു കാര്യങ്ങളാണ് എൻ്റെ ഓർമ്മയിൽ തെളിയുന്നത്. യൗസേപ്പിതാവിനെപ്പോലെ ഈശോയെ അത്യയധികം സ്നേഹിച്ച വ്യക്തിയായിരുന്നു മഗ്ദലനമറിയം. തങ്ങളുടെ സ്നേഹഭാജനമായ ഈശോയ്ക്കു വേണ്ടി സ്വയം മറന്ന് എന്തും ചെയ്യാൻ ഇരുവരും സന്നദ്ധരായിരുന്നു. രണ്ടാമതായി, ഈശോയോടു അടുപ്പമുണ്ടായിരുന്നവരും ഈശോയ്ക്ക് അടുപ്പമുണ്ടായിരുന്നവരയുമായിരുന്നു ഇരുവരും. രണ്ടു പേർക്കും അവൻ ഹൃദയത്തിൽ സ്ഥാനം നൽകിയിരുന്നു.

മൂന്നാമതായി, ഈശോ എന്ന പേര് ദൈവപുത്രനു നൽകിയത് യൗസേപ്പിതാവായിരുന്നു. (മത്താ: 1:25) രക്ഷകൻ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തു എന്ന സത്യം അപ്പസ്തോലന്മാരോടു പറയാൻ നിയോഗിക്കപ്പെട്ടതു മഗ്ദലന മറിയം ആയിരുന്നു. “നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക.” (യോഹന്നാന്‍ 20:17) നാലാമതായി, ദൈവപുത്രൻ ഭൂമിയിൽ മനുഷ്യവതാരം എടുത്തപ്പോൾ ആദ്യം ദർശിക്കാൻ ഭാഗ്യം സിദ്ധിച്ച വ്യക്തികളിൽ ഒരാളായിരുന്നു യൗസേപ്പിതാവെങ്കിൽ ദൈവപുത്രൻ മരണത്തെ പരാജയപ്പെടുത്തി നവജീവനിലേക്കു ഉയർത്തെഴുന്നേറ്റപ്പോൾ ആദ്യം കാണുവാൻ ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു മഗ്ദലന മറിയം. അവസാനമായി, ഈശോ ആയിരുന്നു ഇരു ജീവിതങ്ങളുടെയും കേന്ദ്രം. മനുഷ്യരോടുള്ള ദൈവസ്നേഹത്തിൻ്റെ സത്യം ജീവിതത്തിൽ തിരിച്ചറിഞ്ഞവരായിരുന്നു രണ്ടു വിശുദ്ധാത്മാക്കളും.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.