പറക്കും വിശുദ്ധനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ?

17 -ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന നിഷ്കളങ്കനായ ഒരു സന്യാസവൈദികനായിരുന്നു കുപ്പർത്തിനോയിലെ വി. ജോസഫ്. വായുവിൽ ഉയർന്നുപോകാനുള്ള അത്ഭുതസിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ട് ‘പറക്കും വിശുദ്ധൻ’ എന്ന അപരനാമത്തിലാണ് വി. ജോസഫ് കുപ്പർത്തിനോ അറിയപ്പെടുന്നത്.

നിരവധി പ്രത്യേകതകളുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യേശുവിന്റെ ജനനംപോലെ ജോസഫിന്റെ ജനനവും ഒരു കാലിത്തൊഴുത്തിലായിരുന്നു. കുട്ടിക്കാലം മുതൽക്കേ ആത്മീയനിർവൃതിയും ദർശനങ്ങളും ജോസഫിന് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന് ബുദ്ധിപരമായ ചില വൈകല്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അക്ഷരങ്ങൾ ശരിയായി വായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാലും, ദൈവനിവേശിതമായ വിജ്ഞാനത്താൽ എത്ര വലിയ ദൈവശാസ്ത്രപരമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവ് വി. ജോസഫ് കുപ്പർത്തീനോക്കുണ്ടായിരുന്നു.

ആത്മീയകാര്യങ്ങളിൽ തല്പരനായിരുന്ന യുവാവായിരുന്നു ജോസഫ്. എങ്കിലും സ്വന്തം നാട്ടിലെ Conventual Franciscan ആശ്രമത്തിൽ അംഗമാകാൻ പരിശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. പിന്നീട് അടുത്ത നഗരത്തിലെ Franciscan Capuchin ആശ്രമത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഒരു തുണസഹോദരനായി ജോസഫിനെ അവർ അവിടെ സ്വീകരിച്ചു. എന്നാൽ അത് അധികനാൾ നീണ്ടുനിന്നില്ല. തുടർച്ചയായുണ്ടായ ആത്മീയനിർവൃതികൾമൂലം അവിടെ തുടരാൻ അദ്ദേഹത്തിനു സാധിച്ചില്ല.

വീട്ടിൽ തിരിച്ചെത്തിയ ജോസഫ് Conventual Franciscan ആശ്രമത്തിലെ പ്രവേശനത്തിനായി വീണ്ടും ശ്രമിച്ചു. ജോസഫിന്റെ പ്രാർഥനാചൈതന്യവും ലളിതജീവിതവും കണക്കിലെടുത്ത് സന്യാസാശ്രമത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. പഠനത്തിൽ പുറകിലായത് പൗരോഹിത്യപരിശീലനത്തിൽ പല ബുദ്ധിമുട്ടുകളുമുണ്ടാക്കിയെങ്കിലും പരീക്ഷാവേളകളിൽ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരംനൽകാൻ ജോസഫിനായി. എല്ലാവരെയും സംബന്ധിച്ച് അത് വലിയ അത്ഭുതമായിരുന്നു. ഒടുവിൽ, പഠനത്തിന്റെ കടമ്പകളെല്ലാം പൂർത്തിയാക്കി 1628 -ൽ ജോസഫ് പുരോഹിതനായി അഭിഷിക്തനായി.

പ്രവചനവരവും രോഗികളെ സൗഖ്യമാക്കാനുള്ള കഴിവും ദൈവം അദ്ദേഹത്തിനു നൽകി. മനുഷ്യരുടെ മുഖത്തുനോക്കി അവരിൽ പാപികൾ ആരൊക്കെയാണെന്നു  തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പാപത്താൽനിറഞ്ഞ ആളുകൾ മുൻപിൽവരുമ്പോൾ അവരുടെ മുഖം കറുപ്പായിട്ടാണ് അദ്ദേഹത്തിനു കാണപ്പെട്ടത്. അതുപോലെതന്നെ പാപജീവിതം നയിച്ചിരുന്നവരിൽ നിന്ന് അരോചകമായ ഗന്ധവും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു.

1630 ഒക്ടോബർ നാലിന് കുപ്പർത്തീനോ നഗരത്തിൽ അസീസിയിലെ വി. ഫ്രാൻസിസിന്റെ തിരുനാൾ ദിനത്തോടനുബന്ധിച്ചുനടന്ന ഒരു പ്രദക്ഷിണത്തിൽ അദ്ദേഹം പങ്കെടുക്കുകയായിരുന്നു. പെട്ടന്ന് അദ്ദേഹം അന്തരീക്ഷത്തിൽ ഉയർന്ന്, ജനക്കൂട്ടത്തിനുമുകളിൽ നിലകൊണ്ടു. തിരികെ താഴെയെത്തിയതിനുശേഷം തനിക്ക് സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ അദ്ദേഹം അസ്വസ്ഥനായി. അതിനുശേഷവും നിരവധിതവണ വായുവിലൂടെ പറന്നുനടക്കുന്ന അനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായി. പരിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിലും പ്രാർഥിക്കുന്നതിനിടയിലും ആത്മീയനിർവൃതിയിൽ ലയിച്ച് ജോസഫച്ചൻ അന്തരീക്ഷത്തിലൂടെ ചരിക്കുമായിരുന്നു. സ്വന്തം മുറിയിൽ യാമപ്രാർഥനകൾ ചൊല്ലുന്ന സമയവും അന്തരീക്ഷത്തിലൂടെ അദ്ദേഹം പറന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പൊതുപ്രദക്ഷിണ സമയങ്ങളിൽ ഈ പറക്കൽ തുടങ്ങിയതോടെ എല്ലാവരും ഇതേപ്പറ്റി അറിയാനിടയായി. ഊർബൻ എട്ടാമൻ മാർപാപ്പായുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ ഒരിക്കൽ ജോസഫ് അന്തരീക്ഷത്തിലുടെ പറന്നു. വളരെ പെട്ടന്നുതന്നെ ഈ പറക്കലിന് പ്രചുരപ്രചാരം ലഭിച്ചു. ഈ അത്ഭുതപറക്കൽ കാണാൻ ആളുകൾ ആശ്രമത്തിലേക്കൊഴുകി.

അതോടെ, ജോസഫച്ചന്റെ പറക്കൽ ഒരു പ്രശ്നമായി അധികാരികളുടെ പക്കലെത്തി. അതിനുള്ള കാരണങ്ങൾ രണ്ടായിരുന്നു. ആശ്രമജീവിതത്തിന്റെ അച്ചടക്കത്തിനും ധ്യാനാത്മകതയ്ക്കും ഈ പറക്കൽമൂലം ഭംഗംവരുന്നു എന്നതായിരുന്നു ഒന്നാമത്തേത്. അടുത്ത കാരണം അതിലും രൂക്ഷമായിരുന്നു; ദുർമന്ത്രവാദവുമായി ബന്ധപ്പെടുത്തി ഈ പറക്കലിനെ പലരും വ്യാഖ്യാനിച്ചു എന്നതായിരുന്നു അത്. ഇക്കാരണങ്ങളാൽ, സന്യാസാധികാരികൾ ജോസഫിനെ മറ്റു പല ആശ്രമങ്ങളിലേക്കും സ്ഥലംമാറ്റി. പക്ഷേ, ജോസഫച്ചന്റെ ദിവ്യപറക്കൽ തുടർന്നുകൊണ്ടേയിരുന്നു.

യേശുവിന്റെയോ, പരിശുദ്ധ ദൈവമാതാവിന്റെയോ നാമം ഉച്ചരിച്ചുകേൾക്കുമ്പോഴോ വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ കീർത്തനങ്ങൾ പാടുമ്പോഴോ, പരിശുദ്ധ കുർബാന അർപ്പിക്കുമ്പോഴോ ഒക്കെ അദ്ദേഹത്തിന് ആത്മീയനിർവൃതി ഉണ്ടാകുകയും അന്തരീക്ഷത്തിലേക്കുയരുകയും ചെയ്തിരുന്നു. തുടരെയുള്ള ഈ പറക്കൽമൂലം 35 വർഷക്കാലം ഈ വിശുദ്ധന് അദ്ദേഹത്തിന്റെ സന്യാസ സഭാധികാരികൾ പൊതുവിടങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. വലിയ പീഡനങ്ങളുടെയും സംശയങ്ങളുടെയും അതൃപ്തികളുടെയും നടുവിലും ജോസഫച്ചൻ തന്റെ ക്രൈസ്തവവിശ്വാസവും ക്രിസ്തുവിനോടുള്ള ആത്മസമർപ്പണവും നിരന്തരം കാത്തുസൂക്ഷിച്ചു.

1663 സെപ്റ്റംബർ 18 -ന് തന്റെ അറുപതാം വയസ്സിൽ സ്വർഗീയഭവനത്തിലേക്ക് പറക്കും വിശുദ്ധൻ യാത്രയായി. നൂറുവർഷങ്ങൾക്കുശേഷം 1767 -ൽ കത്തോലിക്കാസഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1962 -ൽ പുറത്തിറങ്ങിയ ‘The Reluctant Saint’ എന്ന സിനിമ ജോസഫിന്റെ ജീവിതാവിഷ്കാരമാണ്. ദൈവത്തെ അതിയായി സ്നേഹിക്കാൻ തന്റെ ജീവിതംകൊണ്ട് ഉദ്ബോധിപ്പിച്ച വിശുദ്ധനായിരുന്നു അദ്ദേഹം.

വൈമാനികരുടെയും വിമാനയാത്രക്കാരുടെയും ബഹിരാകാശ യാത്രക്കാരുടെയും ബുദ്ധിപരമായി ഭിന്നശേഷിയുള്ളവരുടെയും പഠനവൈകല്യമുള്ള വിദ്യാർഥികളുടെയും പരീക്ഷകൾ എഴുതുന്നവരുടെയും പ്രത്യേക മധ്യസ്ഥനാണ് വി. ജോസഫ് കുപ്പർത്തിനോ.

വി. ജോസഫ് കുപ്പർത്തീനോയോടുള്ള പ്രാർഥന

കുപ്പർത്തീനോയിലെ മഹാനായ ജോസഫ് പുണ്യവാളാ, ദൈവത്തിൽനിന്ന് പ്രത്യേകമായി നിരവധി അനുഗ്രഹങ്ങൾ അങ്ങ് നേടിയിരുന്നല്ലോ. മറ്റുള്ളവർ ബുദ്ധിശൂന്യനായി മുദ്രകുത്തിയിട്ടും അങ്ങ് ദൈവത്തിനു മുൻപിൽ ശ്രേഷ്ഠനായിരുന്നല്ലോ. വിശുദ്ധമായ അങ്ങയുടെ ജീവിതനിഷ്ഠകളെ അനുകരിക്കാൻ അങ്ങ് എന്നെയും പഠിപ്പിക്കേണമേ.

ജീവിതത്തിലെ പരീക്ഷകളിൽ തോറ്റുപോകാതെ ദൈവസ്നേഹത്തെപ്രതി എല്ലാത്തിനെയും നേരിടാനും അതുവഴി ദൈവത്തെ മഹത്വപ്പെടുത്താനുള്ള കൃപ എനിക്കായി നൽകേണമേ. എനിക്കേറ്റവും അത്യാവശ്യമായിരിക്കുന്ന സഹായങ്ങളെല്ലാം യേശുക്രിസ്തുവിലൂടെ അങ്ങ് എനിക്ക് നേടിത്തരേണമേ, ആമ്മേൻ.

ഫാ. ജെയ്‌സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.