വിശുദ്ധ യൗസേപ്പ്: നിശബ്‌ദതയിലൂടെ വാചാലനാകുന്ന അത്ഭുതമനുഷ്യൻ 

ഫാ. സാജന്‍ ജോസഫ്‌

സുവിശേഷത്തിൽ അധികം വിവരണമൊന്നും യൗസേപ്പിതാവിനെക്കുറിച്ചില്ല. “ജോസഫ് നീതിമാനായിരുന്നു” എന്ന ഒറ്റ വാക്യത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. തന്റെ ഭാര്യയാകാൻ നിശ്ചയിക്കപ്പെട്ടവൾ വിവാഹത്തിനു മുമ്പു തന്നെ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളെ ജനമദ്ധ്യത്തിലേക്ക് കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലാൻ നിയമം അനുശാസിക്കുമ്പോഴും അവളെ അപമാനിക്കാതെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനം എടുക്കുന്നവൻ.

കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാൻ മാത്രം ജീവിതവിശുദ്ധി പാലിച്ചിരുന്നവൻ. സത്യത്തിനും നീതിക്കും വേണ്ടി മാത്രം നിലകൊണ്ടവൻ. തന്റെ നിശ്ശബ്‌ദതയിലൂടെ വാചാലനാകുന്ന അത്ഭുതമനുഷ്യൻ. യൗസേപ്പിതാവ് ഒരു പാഠപുസ്തകമാണ്. അപരനെ അപമാനിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ആധുനിക മനുഷ്യരുടെ മുമ്പിൽ നിശബ്‌ദമായി അത് വേണ്ടായെന്നു വയ്ക്കുന്നവൻ. ഈ ലോകത്തിന്റെ മുഴുവൻ മുമ്പിൽ ജോസഫ് നീതിമാനായ ജോസഫ് ആയി മാറുന്നതും ഈ ഒറ്റ പ്രവൃത്തിയിലൂടെയാണ്.

ദൈവദൂതൻ കല്പിച്ചതു മുഴുവൻ ശിരസ്സാവഹിച്ചപ്പോഴും ഒരു മറുചോദ്യവും ചോദിക്കാതെ നിശബ്‌ദനായി ജീവിച്ചവൻ. ദൈവം തന്നെ ഏല്പിച്ച മറിയം എന്ന യുവതിയേയും അവളുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായ ഉണ്ണീശോയെയും തന്റെ കരവലയത്തിന്റെ സംരക്ഷണയിൽ കൊണ്ടുനടന്നവൻ. ഒരു കാരണവും കൂടാതെ ജീവിതപങ്കാളിയെ സംശയിക്കുന്ന ഉത്തരാധുനിക ലോകത്തിന് ഒട്ടും ദഹിക്കാത്ത ഒരു അപൂർവ്വവ്യക്തി.

യൗസേപ്പിതാവ് തന്റെ നിശബ്ദത നിറഞ്ഞ ജീവിതം വഴിയായി നമ്മേയും ചില കാര്യങ്ങൾ പഠിപ്പിക്കുന്നു:

1. ആരേയും അപമാനിക്കരുത്

2. അപരന്റെ തെറ്റുകളും കുറ്റങ്ങളും പരസ്യമാക്കാൻ ലഭിക്കുന്ന അവസരങ്ങളെ മനഃപൂർവ്വം മറന്നുകളയുക.

3. ദൈവികസ്വരത്തിനായ് എപ്പോഴും കാതോർക്കുക; അതിന് പ്രത്യുത്തരം നൽകുക.

4. ദൈവത്തിന്റെ വാക്കിനെ വിശ്വസിക്കുക; അതനുസരിച്ചു പ്രവർത്തിക്കുക.

5. നിശബ്‌ദമായി ജീവിതസാഹചര്യങ്ങളെ നോക്കിക്കാണുക.

6. നമ്മെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റവും ഭംഗിയായി നിറവേറ്റുക.

7. നമ്മുടെ സംരക്ഷണത്തിനായി ഏല്പിക്കപ്പെടുന്ന വ്യക്തികളെ ഒരാപത്തും വരാതെ പൊതിഞ്ഞുപിടിക്കുക.

8. ദൈവഹിതത്തിനായി പൂർണ്ണമായും വിട്ടുകൊടുക്കുക.

വി. യൗസേപ്പിതാവേ, കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കയാലും മരണഭയത്താലും കഴിയുന്ന ഈ ലോകത്തിനു മുഴുവനും വേണ്ടി നിരന്തരം പ്രാർത്ഥിക്കേണമേ. ഉണ്ണീശോയുടെ വളർത്തുപിതാവാകാൻ ഭാഗ്യം സിദ്ധിച്ച യൗസേപ്പിതാവേ, ഞങ്ങളുടേയും കാവൽക്കാരനായിരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളെ എല്ലാവിധ തിന്മയുടേയും അശുദ്ധിയുടേയും സംശയത്തിന്റെയും പിടിയിൽ നിന്നും കാത്തുസംരക്ഷിച്ചു കൊള്ളണേ.

ഫാ. സാജൻ, തക്കല രൂപത