വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍: തത്വചിന്തകനും ഫലിതപ്രിയനുമായിരുന്ന പാപ്പാ 

ഫ്രാന്‍സിസ് മാര്‍പ്പാപ്പായെപ്പോലെ ‘ജനങ്ങളുടെ മാര്‍പ്പാപ്പാ’ എന്നാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായും അറിയപ്പെട്ടിരുന്നത്. പത്രോസിന്റെ സിംഹാസനത്തില്‍ അഞ്ചു വര്‍ഷം മാത്രമിരുന്ന് സഭയെ നയിച്ച ‘അഞ്ചെല്ലോ റോങ്കല്ലിയെന്ന’ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പാ കോടാനുകോടി ജനങ്ങളുടെ പ്രിയപ്പെട്ട മാര്‍പ്പാപ്പയായിരുന്നു. ആ മഹാനെ ക്രൈസ്തവരും അക്രൈസ്തവരും  ഒന്നുപോലെ ആദരിച്ചിരുന്നു.

1958 ഒക്ടോബര്‍ ഇരുപത്തിയെട്ടാം തിയതി സെന്റ്. പീറ്റേഴ്‌സ് ബസ്സലീക്കായില്‍  തടിച്ചു കൂടിയ ജനത്തോടായി അദ്ദേഹം പറഞ്ഞു, ‘നിങ്ങളെന്നെ ജോണെന്ന് വിളിക്കൂ, 77 വയസുള്ള വൃദ്ധനായ ഞാന്‍ ഒരിക്കല്‍ ഒരു സാധാരണ കൃഷിക്കാരന്റെ മകനായിരുന്നു.’ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി ലോകത്തെ വിസ്മയിപ്പിച്ച മഹാനായ മാര്‍പ്പാപ്പായായി അദ്ദേഹത്തെ ചരിത്രം ആദരിക്കുന്നു. അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന സുനഹദോസ്, അകത്തോലിക്കര്‍ക്കും  അക്രൈസ്തവര്‍ക്കും ഒരുപോലെ വാതില്‍ തുറന്നുകൊടുത്തുകൊണ്ട് സഭയെ നൂതന ചിന്താഗതികളില്‍ ഉയര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഭയുടെ തത്ത്വങ്ങള്‍ക്കും പഠനങ്ങള്‍ക്കും നവമായ ഒരു ജീവിതം പകര്‍ന്നു കൊടുത്തു.

ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പ്പാപ്പ റോമിലെ ബിഷപ്പെന്നതിലുപരി   രൂപതയെ പരിപാലിക്കുന്നതിനൊപ്പം ഹോസ്പിറ്റിലുകളും ജയിലുകളും  സ്‌കൂളുകളും സന്ദര്‍ശിക്കുവാനും സമയം കണ്ടെത്തിയിരുന്നു.   റോമിലെ റെജീന ജയിലില്‍ മാര്‍പ്പാപ്പാ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വസിക്കുന്നവരോട് പറഞ്ഞു, ‘നിങ്ങള്‍ക്ക് എന്റെ പക്കല്‍ വരാന്‍ കഴിയില്ല, അതുകൊണ്ട് ഞാന്‍ നിങ്ങളുടെ സമീപം വരുന്നു’

മാര്‍പ്പാപ്പാ ഒരു ഫലിതപ്രിയനുമായിരുന്നു. ‘രാത്രി കാലങ്ങളില്‍ കൂടെ കൂടെ അര്‍ദ്ധ ബോധാവസ്ഥയില്‍ ഞാനുണരാറുണ്ട്. സഭയുടെ സുപ്രധാനമായ നീറുന്ന പ്രശ്‌നങ്ങള്‍ മാര്‍പ്പായോട് പറയണമെന്നും ചിന്തിക്കും. സുപ്രഭാതത്തില്‍ ഉണരുമ്പോള്‍ ഞാന്‍ തന്നെ മാര്‍പ്പാപ്പയെന്ന് തിരിച്ചറിയുന്നു.’ ‘ ഒരിക്കല്‍ ഒരു കുട്ടിയോടു പറഞ്ഞൂ, ‘മോനെ ആര്‍ക്കും മാര്‍പ്പാപ്പായാകാന്‍ കഴിയും. ഞാനതിനൊരു തെളിവാണ്.’ തന്റെ മരണത്തെപ്പറ്റിയും  കൂടെ കൂടെ അദ്ദേഹം പറയുമായിരുന്നു. ‘എന്റെ വഴികളിലെ  യാത്ര അവസാനിക്കാറായി. സഞ്ചരിച്ചിരുന്ന  പാത ഇനി മുമ്പോട്ടില്ല. എങ്കിലും നോക്കൂ, ഞാനിപ്പോള്‍ നില്ക്കുന്നത് വാരികൂട്ടിയിരിക്കുന്ന ഒരു കച്ചികൂമ്പാരത്തിന്റെ മുകളിലാണ്. അടുത്തടുത്തു വരുന്ന എന്റെ മരണം പടിപടിയായി പിന്തുടരാന്‍ എനിക്ക് കഴിയുന്നു. എന്റെയവസാനം മൃദുലമായി നീങ്ങുകയും ചെയ്യുന്നു.’

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.