സാധാരണക്കാര്‍ക്ക് വചനം ലഭ്യമാക്കിയ പണ്ഡിതനാണ് വി. ജെറോം എന്ന് മാര്‍പാപ്പ

‘തിരുവചന ഭക്തി’ അപ്പസ്‌തോലിക ലിഖിതം

വി. ജെറോമിന്റെ 1600- ാം ചരമവാര്‍ഷിക നാളില്‍ ഫ്രാന്‍സിസ് പാപ്പാ അപ്പസ്‌തോലിക ലിഖിതം, Scripturae Sacrae Affectus ‘തിരുവചന ഭക്തി’ പ്രസിദ്ധപ്പെടുത്തി. വിശുദ്ധന്റെ ചരമവാര്‍ഷിക നാളും അനുസ്മരണദിനവും സന്ധിക്കുന്ന സെപ്തംബര്‍ 30- ാം തീയതിയാണ് ‘തിരുവചന ഭക്തി’ എന്ന പേരില്‍ Scripturae Sacrae Affectus ഒരു അപ്പസ്‌തോലിക ലിഖിതം പാപ്പാ പ്രബോധിപ്പിച്ചത്.

ഹീബ്രൂ ഭാഷയിലുള്ള മൂലരചനയില്‍ നിന്നുമാണ് അക്കാലത്ത് സമകാലീന വിജ്ഞാനലോകത്തിനും സാമാന്യം വിദ്യാഭ്യാസമുള്ളവര്‍ക്കും വായിക്കാവുന്ന ‘ലത്തീന്‍ വുള്‍ഗാത്ത’ (Latin Vulgata) തര്‍ജ്ജിമ വി. ജെറോം ലഭ്യമാക്കിയത്. വിശുദ്ധനാട്ടില്‍ യേശു ജനിച്ച ബെതലേഹം ഗുഹയില്‍ ഒരു താപസനെപ്പോലെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചുകൊണ്ടാണ് ഒരു പണ്ഡിതന്റെയും പരിഭാഷകന്റെയും വ്യാഖ്യാതാവിന്റെയും ഭാഷ്യത്തില്‍ വിശുദ്ധഗ്രന്ഥം മുഴുവന്‍ അദ്ദേഹം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. ക്രിസ്താബ്ദം 375-ലെ തപസ്സുകാലത്ത് സിദ്ധനു ലഭിച്ച ഒരു വെളിപാടിനെ തുടര്‍ന്നാണ് വൈദികനായിരുന്ന ജെറോം തന്നെത്തന്നെ പൂര്‍ണ്ണമായും ക്രിസ്തുവിനും അവിടുത്തെ വചനത്തിന്റെ പരിഭാഷയ്ക്കുമായി മാറ്റിവച്ചത്.

വചനം സാധാരണക്കാരില്‍ എത്തിച്ച വിശുദ്ധന്‍

ജെറോം അങ്ങനെ ദൈവവചനത്തിന്റെ ദാസനും ചരിത്രത്തില്‍ സഭാപിതാക്കന്മാരുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രതിഭകളില്‍ ഒരാളുമായി മാറി. വി. ജെറോം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഒരു പാലമായി മാറിയെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാരണം കിഴക്കിന്റെ ഹീബ്രു മൂലത്തില്‍ നിന്നും ബൈബിള്‍ പശ്ചാത്യഭാഷയായ ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയ ലോകത്തിന് എളുപ്പത്തില്‍ വിശുദ്ധഗ്രന്ഥം ലഭ്യമായി. അതിനുശേഷമാണ് ഇംഗ്ലിഷ് തുടങ്ങി മറ്റ് യൂറോപ്യന്‍ ഭാഷകളിലും പ്രാദേശിക ഭാഷകളില്‍പ്പോലും ബൈബിള്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചുരുളഴിഞ്ഞത്. അതിനാല്‍ വിശുദ്ധഗ്രന്ഥം സാധാരണക്കാര്‍ക്ക് ലഭ്യമാക്കിയ സിദ്ധനാണ് ജെറോം എന്ന് പാപ്പാ തന്റെ ലിഖിതത്തില്‍ എടുത്തുപറയുന്നുണ്ട്. കിഴക്കേ യൂറോപ്പില്‍ ഇന്നത്തെ ക്രൊയേഷ്യ ഭാഗത്ത് ക്രിസ്തുവര്‍ഷം 345-ല്‍ ജനിച്ച അദ്ദേഹം 420-ല്‍ ബെതലഹേമില്‍ മരണമടഞ്ഞു.

യേശുവിനെ അറിയാന്‍

“യേശുവിനെ അറിയണമെങ്കില്‍ വിശുദ്ധഗ്രന്ഥം അറിയണം. വിശുദ്ധഗ്രന്ഥം വായിച്ചിട്ടുള്ളവര്‍ യേശുവിനെയും അറിയും” എന്ന് പ്രസ്താവിച്ചത് വി. ജെറോമാണ്. ‘സുവിശേഷം ക്രിസ്തുവിന്റെ ശരീരം’ ആണെന്നതും വിശുദ്ധന്റെ വിഖ്യാതമായ പ്രസ്താവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.