അറുപത്തിയഞ്ചാം വയസില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വിശുദ്ധ ഹെലേന

മിലന്‍ വിളംബരം വഴി ക്രിസ്തുമതത്തിന് ആരാധനാസ്വാതന്ത്ര്യം നല്‍കിയ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞിയെന്ന് എല്ലാവര്‍ക്കുമറിയാം. മക്‌സെന്‍സുയിസുമായുള്ള യുദ്ധത്തില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്ക് കുരിശിന്റെ അടയാളത്തില്‍ ജയിക്കാമെന്നുള്ള ഉള്‍ക്കാഴ്ച ഉണ്ടായ ശേഷം അദ്ദേഹം ക്രിസ്ത്യാനികളോട് അത്യന്തം ആര്‍ദ്രത പ്രദര്‍ശിപ്പിച്ചുപോന്നു.

എന്നാല്‍, പ്രായമേറെ ആയപ്പോഴും ക്രിസ്തുമതത്തിലേയ്ക്ക് രാജ്ഞി മാറിയിരുന്നില്ല. മക്‌സെന്‍സുയിസുമായുള്ള യുദ്ധവിജയത്തിനു ശേഷമാണ് അവര്‍ മാനസാന്തരത്തിലേയ്ക്ക് എത്തിയത്. കൃത്യമായി പറഞ്ഞാല്‍ 312-ല്‍ തന്റെ അറുപത്തിയഞ്ചാം വയസില്‍. മാനസാന്തരശേഷം ഹെലേന രാജ്ഞി ഭക്താഭ്യാസങ്ങളിലും ദാനധര്‍മ്മങ്ങളിലും അതുത്സുകയായി തീര്‍ന്നു. 326-ല്‍ ജറുസലേമിലെ ബിഷപ് മക്കാരിയുസ്സിന് ഗാഗുല്‍ത്തായില്‍ ഒരു ദേവാലയം പണിയുന്നതിന് കല്‍പന കൊടുത്തു. അന്ന് രാജ്ഞിക്ക് ഏറെ വയസ്സായിരുന്നെങ്കിലും പള്ളിപണി നേരില്‍ കാണാന്‍ രാജ്ഞി ജെറുസലേമിലേയ്ക്കു പോയി. ഈശോയുടെ യഥാര്‍ത്ഥ കുരിശ് കണ്ടുപിടിക്കണമെന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു.

ഗാഗുല്‍ത്തായില്‍ കുന്നുകൂടിക്കിടന്നിരുന്ന ചപ്പുചവറുകൾ മാറ്റുകയും വീനസിന്റെ പ്രതിമ നീക്കുകയും ചെയ്തപ്പോള്‍ മൂന്ന് കുരിശുകളും കണ്ടെത്തി. ഏതാണ് ഈശോയെ തറച്ച കുരിശെന്ന് മനസിലാക്കാന്‍ ഈ കുരിശുകള്‍ ഓരോന്നായി എടുത്ത് ബിഷപ് മക്കാരിയൂസ്, രോഗിണിയായ ഒരു സ്ത്രീയെ സ്പർശിച്ചു നോക്കി. യഥാര്‍ത്ഥ കുരിശ് തൊട്ടപ്പോള്‍ സ്ത്രീയുടെ അസുഖം ഉടനെ മാറി. കുരിശ് കണ്ടെത്തിയതില്‍ ഹെലേന രാജ്ഞി അഭിമാനം കൊണ്ട് അവിടെ ഒരു പള്ളി പണിയുകയും ചെയ്തു.

രാജ്ഞി മെത്രാന്മാരോടും പുരോഹിതരോടും വളരെ ബഹുമാനം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രജകളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പുരോഹിതന്മാരോടുള്ള ബഹുമാനം പ്രയോജനമാകുമെന്ന് ബോധ്യവുമുണ്ടായിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തോട് ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഓരോ പള്ളി പണിയിച്ച്‌, രാജ്ഞി റോമായിലേയ്ക്കു മടങ്ങി. താമസിയാതെ 328-ല്‍ രാജ്ഞി മരണം വരിക്കുകയും ചെയ്തു.

നമ്മുടെ ഭൂതകാലത്തിലെ കുറവുകള്‍ നമ്മെ ദൈവത്തിന്റെ കരുണയില്‍ നിന്ന് അകറ്റുന്നില്ലെന്നും അവിടുത്തെ കരുണയിലേയ്ക്ക് തിരിയാന്‍ സമയപരിധിയില്ലെന്നും പ്രഖ്യാപിച്ച് കടന്നുപോയ വിശുദ്ധയാണ് ഹെലേന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.