വി. ഗബ്രിയേലെ ദെല്‍ അദൊളൊറാത്ത സുവിശേഷത്തിന്റെ അനുകരണീയ സാക്ഷിയെന്ന് മാര്‍പാപ്പാ

1862 ഫെബ്രുവരി 27-ന് മരണമടഞ്ഞ ഗബ്രിയേലെ ദെല്‍ അദൊളൊറാത്ത വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ജൂബിലി വത്സര ഉദ്ഘാടനത്തിന് ഫ്രാന്‍സിസ് പാപ്പാ, ഈ വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍, (27/02/21) നല്‍കിയ സന്ദേശത്തിലാണ് ഇതു പറഞ്ഞരിക്കുന്നത്. ഇരുപത്തിനാലാമത്തെ വയസ്സില്‍ മരണമടഞ്ഞ ഗബ്രിയേലെ ദെല്‍ അദൊളൊറാത്തയെ ബെനഡികട് പതിനഞ്ചാമന്‍ പാപ്പാ വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തിയിട്ട് നൂറു വര്‍ഷം പിന്നിട്ടത് പാപ്പാ തന്റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

ഈ വിശുദ്ധപദ പ്രഖ്യാപനം 1920 മെയ് 13-ന് ആയിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ആരംഭിക്കേണ്ടിയിരുന്ന ജൂബിലി ആഘോഷം കോവിഡ്-19 മഹാമാരി മൂലം നീട്ടിവയ്ക്കുകയായിരുന്നു. ഈ ശനിയാഴ്ച (27/02/21) മുതല്‍ 2022 ഫെബ്രുവരി 27 വരെയാണ് ജൂബിലി ആചരണം. ക്രിസ്തുവില്‍ അഭയം തേടുന്നതിന്, ലൗകികവും ക്ഷണികവുമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചിരുന്ന ഒരു അഭിവാഞ്‌ജയാല്‍ നയിക്കപ്പെട്ടിരുന്ന ജീവസുറ്റ ഉത്സാഹഭരിതനായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു വി. ഗബ്രിയേലെ ദെല്‍ അദൊളൊറാത്തയെന്ന് പാപ്പാ അനുസ്മരിച്ചു.

ദൈവാന്വേഷണവും ദൈവവചനവുമായുള്ള കൂടിക്കാഴ്ചയും സോദരസേവനവും വിശിഷ്യ, ഏറ്റം ദുര്‍ബലരായവരുടെ പരിചരണവും അവിഭാജ്യഘടകമായുള്ള ഒരു ജീവിതത്തിനും സംതൃപ്തിക്കും വേണ്ടിയുള്ള അഭിലാഷം അവനവനില്‍ തിരിച്ചറിയാന്‍ ഈ വിശുദ്ധന്‍ ഇന്നും യുവതയെ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറയുന്നു. വിശ്വാസത്തില്‍ ശക്തനും പ്രത്യാശയില്‍ അചഞ്ചലനും ഉപവിയില്‍ തീക്ഷ്ണമതിയും ആയിരുന്ന പാഷനിസ്റ്റ് സമൂഹാംഗമായ വി. ഗബ്രിയേലെ ദെല്‍ അദൊളൊറാത്ത ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്‌നേഹത്തിലേയ്ക്കുള്ള സരണിയില്‍ സമര്‍പ്പിതരെയും അത്മായ വിശ്വാസികളെയും നയിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു. പ്രത്യേകിച്ച്, ആരോഗ്യപരമായ അടിയന്തരാവസ്ഥയുടെയും അതിന്റെ അനന്തരഫലമായ സാമ്പത്തിക-സാമൂഹ്യ ബലഹീനാവസ്ഥയുടെയുമായ ഈ വേളയില്‍ ക്രിസ്തുശിഷ്യര്‍ എന്നും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും ഉപകരണങ്ങളായിത്തീരേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ ഉപവി മറ്റുള്ളവരിലേയ്ക്കെത്തിക്കുകയും അതിനെ സാമീപ്യം, ആര്‍ദ്രത, സമര്‍പ്പണം എന്നിവയുടെ സമൂര്‍ത്ത മനോഭാവങ്ങളാല്‍ പ്രസരിപ്പിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഉപകരണങ്ങളായി മാറേണ്ടതെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

ഇറ്റലിയില്‍ അബ്രൂസ്സൊ പ്രദേശത്തുള്ള ‘ഈസൊള ദെല്‍ ഗ്രാന്‍ സാസ്സൊ ദിത്താലിയ’യില്‍ 1862 ഫെബ്രുവരി 27-നാണ് വി. ഗബ്രിയേലെ ദെല്‍ അദൊളൊറാത്ത മരണമടഞ്ഞത്. ഇവിടെ ഈ വിശുദ്ധന് പ്രതിഷ്ഠിതമായ ദേവാലയത്തിന്റെ വിശുദ്ധവാതില്‍ ജൂബിലി വത്സരത്തോടനുബന്ധിച്ച് ഈ ശനിയാഴ്ച തുറന്നു. വി. ഗബ്രിയേലെ ദെല്‍ അദൊളൊറാത്തയുടെ ജനനസ്ഥലം അസ്സീസീയാണ്. 1838 മാര്‍ച്ച് 1-നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.