അസാധാരണമാംവിധം ദൈവസാന്നിധ്യം കൂടെയുണ്ടായിരുന്ന വിശുദ്ധന്‍

    അപകട സാഹചര്യങ്ങളില്‍ നിന്ന് രക്ഷപെടുവാന്‍ അപാരമായ കഴിവുണ്ടായിരുന്ന ഒരു കഥാപാത്രമാണ് സ്പൈഡര്‍മാന്‍. അദ്ദേഹത്തിന്‍റെ ആ കഴിവ് കൊണ്ടുതന്നെ പലര്‍ക്കും ആ കഥാപാത്രത്തെ വലിയ ഇഷ്ടമാണ്. ഇതുപോലെ ഒരു വിശുദ്ധന്‍ ഉണ്ടായിരുന്നു. തനിക്കെതിരെ നിന്നവരെ, പാപം ചെയ്യിക്കാന്‍ കാത്തിരുന്നവരെ ഒക്കെ ദൈവത്തിന്റെ പ്രത്യേക സംരക്ഷണം കൊണ്ട് അതിജീവിച്ച വിശുദ്ധന്‍. വി. ഫെലിക്സ്. ചിലന്തികളുടെ സംരക്ഷകനായാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ.

    മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധന്‍ ആണ് വി. ഫെലിക്സ്. ദൈവവുമായി ഏറ്റവും അടുത്ത് ജീവിക്കുവാന്‍ ശ്രമിച്ചിരുന്ന അദ്ദേഹത്തിന്‍റെ മേല്‍ ദൈവത്തിന്റെ പ്രത്യേകമായ ഒരു കരുതല്‍ ഉണ്ടായിരുന്നു. പാപത്തിന്റെ മേഖലയിലൊക്കെ വീഴാമായിരുന്നിട്ടും അദ്ദേഹം ദൈവത്താല്‍ സംരക്ഷിക്കപ്പെടുകയായിരുന്നു. ദുര്‍ഘടമായ നിരവധി സാഹചര്യങ്ങളില്‍ നിന്നും അത്ഭുതത്തോടെ രക്ഷപെട്ട വ്യക്തിയായിരുന്നു വി. ഫെലിക്സ്.

    ക്രിസ്തുവിന്റെ നിയമങ്ങള്‍ കാര്‍ക്കശ്യത്തോടെയും ഏറെ ശ്രദ്ധയോടെയും പാലിച്ചിരുന്ന അദ്ദേഹത്തിന് ധാരാളം ശത്രുക്കളുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ അദ്ദേഹത്തെ പിടിച്ച് അന്യദൈവത്തിന്റെ മുന്നില്‍ക്കൊണ്ട് നിര്‍ത്തിയ ശേഷം അതിനെ ആരാധിക്കുവാന്‍ പ്രേരിപ്പിച്ചു. കോപാകുലനായ ഫെലിക്സ് ആ പ്രതിമയില്‍ ഇടിക്കുകയും അത് തരിപ്പണമാകുകയും ചെയ്തു. പലപ്പോഴും അദ്ദേഹത്തിന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന ശത്രുക്കള്‍ക്ക് അസഹനീയമായ ശരീരവേദന അനുഭവപ്പെട്ടിരുന്നു. ഈ ഒരു കാരണത്താല്‍ തന്നെ വിശുദ്ധന്റെ മുന്നില്‍ വന്നു നില്‍ക്കാതെ പലരും ഓടിമറഞ്ഞിരുന്നു.

    ഒരിക്കല്‍ വിജാതീയരായ കുറച്ചാളുകള്‍ വിശുദ്ധനെ ബന്ധനസ്ഥനാക്കി. എന്നാല്‍ ആ നിമിഷം മുതല്‍ അവര്‍ക്ക് കൈകളില്‍ അതിശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കൊണ്ട് പുളഞ്ഞ അവര്‍, തങ്ങളെ സഹായിക്കണം – എന്ന് അദ്ദേഹത്തോട് അഭ്യര്‍തിച്ചു. “ക്രിസ്തുവാണ്‌ ദൈവം എന്ന് ഏറ്റുപറയുക” – അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ അങ്ങനെ പറഞ്ഞതോടെ അവരുടെ കൈകളിലെ വേദന മാറുകയും അവര്‍ അവിടെ നിന്ന് ഓടിപ്പോവുകയും ചെയ്തു.

    ഒരു ദിവസം അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. ശത്രുക്കള്‍  അദ്ദേഹത്തെ അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. ശത്രുക്കള്‍ അദ്ദേഹത്തെ കണ്ടെത്തും എന്ന സ്ഥിതി വന്നപ്പോള്‍ അപ്രതീക്ഷിതമായി അവിടെ നിന്നും താഴേയ്ക്ക് അദ്ദേഹം തെന്നിവീണു. ശത്രുക്കളുടെ സാന്നിധ്യം അറിഞ്ഞ വിശുദ്ധന്‍ ആ സ്ഥലത്തു തന്നെ ഒളിച്ചിരുന്നു. എങ്കിലും അവര്‍ അന്വേഷിച്ചുവന്നു. ഈ സമയം ദൈവത്തിന്റെ കല്‍പ്പനപ്രകാരം കുറെ എട്ടുകാലികള്‍ അവിടെ എത്തുകയും അദ്ദേഹം ഒളിച്ചിരുന്ന സ്ഥലത്തേയ്ക്ക് ആര്‍ക്കും കടക്കാനാകാത്ത വിധം കട്ടിയില്‍ ചിലന്തിവല കെട്ടുകയും ചെയ്തു. ചിലന്തിവല ആയിരുന്നതിനാല്‍ ആ ഒളിസ്ഥലത്തേയ്ക്ക് ശത്രുക്കള്‍ക്ക് കയറുവാന്‍ കഴിഞ്ഞില്ല. അവര്‍ മടങ്ങിപ്പോയി.