ലോക എയ്‌ഡ്‌സ്‌ ദിനം: അസമത്വങ്ങൾക്കെതിരെ സാന്ത് എജീദിയോ സമൂഹം

ലോകാരോഗ്യ സംഘടന സ്ഥാപിച്ച ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നായ ലോക എയ്‌ഡ്‌സ്‌ ദിനം ഡിസംബർ ഒന്നിന് ആചരിക്കുന്ന അവസരത്തിൽ, അസമത്വങ്ങൾക്കെതിരെ പോരാടി ആഫ്രിക്കയുടെ ഭാവി സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന്, എയ്‌ഡ്‌സ്‌, കോവിഡ് രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുവാനായി, സാന്ത് എജീദിയോ സമൂഹം തയ്യാറാക്കിയ ‘ഡ്രീം’ എന്ന പദ്ധതിയുടെ ഡയറക്ടർ ശ്രീമതി പൗള ജെർമാനോ വ്യക്തമാക്കി. ലോകത്ത് കോവിഡ് മഹാമാരി കൊണ്ടുവന്ന പ്രതിസന്ധിയിലൂടെ മൂന്നാം വർഷത്തിലേക്ക് നാം കടക്കുമ്പോൾ, ലോകത്തെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്ന ഒരു രോഗമായ എയ്ഡ്‌സ് മഹാമാരി വന്നിട്ട് അഞ്ചു പതിറ്റാണ്ടുകളായി എന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

എച്ച്‌ഐവിയുടെ ആദ്യ കേസുകൾ കണ്ടെത്തിയതു മുതൽ ഇന്നുവരെ, ലോകത്ത് ഏതാണ്ട് എട്ടുകോടിയോളം ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും മൂന്നര കോടിയോളം ആളുകൾ എയ്‌ഡ്‌സ് സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചതായും കണക്കാക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, എച്ച്ഐവി പോസിറ്റീവ് ആളുകളിൽ മൂന്നിൽ രണ്ട് ഭാഗവും, അതായത് ഏതാണ്ട് രണ്ടര കോടിയിലധികം ആളുകൾ, ആഫ്രിക്കയിലാണ് താമസിക്കുന്നത്, അവരിൽ എൺപതു ശതമാനവും, 15-നും 19-നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ്.

2002 മുതൽ 10 ആഫ്രിക്കൻ രാജ്യങ്ങളിലായി 50 ആരോഗ്യ കേന്ദ്രങ്ങളിൽ ഇവിടങ്ങളിലുള്ള സ്ത്രീകൾക്കായാണ് ഡ്രീം എന്ന പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. ഇതുവഴി രോഗനിർണയത്തിനും മികച്ച ചികിത്സകൾക്കും ഉള്ള സൗജന്യസഹായം ആണ് നൽകുന്നത്. ഇതിനോടകം ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം ആളുകൾ ഈ പ്രോഗ്രാം വഴി ചികിത്സിച്ചു നേടിയിട്ടുണ്ട്. ഇന്നുവരെ, എച്ച്ഐവി പോസിറ്റീവ് അമ്മമാരിൽ നിന്ന് ആരോഗ്യമുള്ള ഒന്നേകാൽ ലക്ഷം കുട്ടികളുടെ ജനനം ഡ്രീം സാധ്യമാക്കാൻ ഡ്രീമിനായിട്ടുണ്ട് എന്ന് സാന്ത് എജീദിയോ സമൂഹം അറിയിച്ചു.

ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച്, കോവിഡ് വാക്‌സിനുകൾ എല്ലാവർക്കും ലഭ്യമാക്കുക എന്നത് സമത്വത്തിന്റെയും നീതിയുടെയും മാത്രം കാര്യമല്ലെന്നും, ആഫ്രിക്കയെ രക്ഷിക്കുന്നത് എല്ലാവരേയും രക്ഷിക്കുക എന്നതിന് ആവശ്യമാണെന്നും ഡ്രീം പദ്ധതി അധ്യക്ഷ ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.