ഈശോയുടെ തിരുഹൃദയം മാതൃകയും പ്രചോദനവും

ഈശോയുടെ തിരുഹൃദയം – വറ്റാത്ത കരുണയുടെ, മുറിയപ്പെട്ട സ്‌നേഹത്തിന്റെ, ഒഴുകുന്ന കൃപയുടെ, ജ്വലിക്കുന്ന വിശുദ്ധിയുടെയുമെല്ലാം സജീവമായ സാന്നിധ്യമാണ് തിരുഹൃദയം. ശാന്തതയും, വിനയവും, ക്ഷമയും, സ്‌നേഹവുമെല്ലാം നമ്മെ പഠിപ്പിക്കുന്ന പാഠഭാഗമാണ് ഈശോയുടെ തിരുഹൃദയം. ജീവിതക്ലേശങ്ങളുടെ നടുവിലും ക്രിസ്തുസ്‌നേഹത്തില്‍ ജ്വലിക്കാന്‍ അവിടുത്തെ ഹൃദയം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്നില്‍ നിന്ന് പഠിക്കുക എന്ന് ഈശോ പറയുന്നു (മത്തായി 11:29). തിരുഹൃദയം ഒരു പ്രതീകമാണ്. കുറെ നന്മകളുടെ പ്രതീകം. അത് എന്തൊക്കെയാണെന്ന് നോക്കാം.

താഴ്മയിലെ പുണ്യമാണ് തിരുഹൃദയം പഠിപ്പിക്കുന്ന ആദ്യത്തെ കാര്യം. പിതാവിന്റെ ഇഷ്ടത്തിന് സ്വയം വിധേയപ്പെട്ട്, സ്വയം താഴ്ന്നുകൊടുത്ത്, സ്വയം കുത്തി മുറിവേല്‍പിക്കപ്പെട്ടതിന്റെ ഓര്‍മ്മ കൂടിയാണ് തിരുഹൃദയം. താഴ്ന്നവരെ ദൈവം ഉയര്‍ത്തുമെന്ന സൂചന കൂടി തരുന്നുണ്ട് ഈശോയുടെ തിരുഹൃദയം.

രണ്ടാമതായി, തിരുഹൃദയം ശാന്തതയുടെ പ്രതീകമാണ്. ക്ലേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനല്ല, ക്ലേശങ്ങളില്‍ ശാന്തത അഭ്യസിക്കുവാനാണ് തിരുഹൃദയം പഠിപ്പിക്കുന്നത്. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാട്ടിന്‍കുട്ടിയെപ്പോലെയും മൗനം പാലിച്ച് (ഏശയ്യാ 53:7) അവന്‍ എല്ലാം സഹിച്ചു.

പരാതികളില്ലാതെ ക്ഷമിക്കുന്ന തിരുഹൃദയമാണ് മറ്റൊരു പ്രതീകം. നമ്മുടെ സമകാലിക ഹൃദയങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സഹോദരന്റെ ചെറിയ തെറ്റ് പോലും ക്ഷമിക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ആ തിരുഹൃദയത്തോട് നാം ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കുകയില്ലേ അത്?

അതുപോലെ തന്നെ, സ്‌നേഹത്തിന്റെ പ്രതീകമാണ് തിരുഹൃദയം. ‘നമ്മോടുള്ള സ്‌നേഹത്താല്‍ കത്തിയെരിയുന്ന തിരുഹൃദയമേ’ എന്നല്ലേ നാമതിനെ വിശേഷിപ്പിക്കാറുള്ളതു തന്നെ. അതുകൊണ്ട് ഈ പ്രതീകങ്ങളിലൂടെയെല്ലാം നമ്മുടെ ഹൃദയങ്ങള്‍ക്ക് ഈശോയുടെ തിരുഹൃദയം മാതൃകയും പ്രചോദനവുമാകട്ടെ.