വിശുദ്ധ ഗ്രന്ഥം ബഹുമാനവും ആദരവും അർഹിക്കുന്നു: വത്തിക്കാൻ

വിശുദ്ധ ഗ്രന്ഥത്തെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തി വത്തിക്കാൻ. ജനുവരി 24 -ന് ദൈവ വചന ഞായർ ആചരിക്കുന്നതിനു മുന്നോടിയായി നൽകിയ അറിയിപ്പിലാണ് വത്തിക്കാൻ ഈ കാര്യം ഊന്നി പറയുന്നത്.

ഉന്നത നിലവാരം പുലർത്തുന്ന വിശുദ്ധ ഗ്രന്ഥം പ്രാർത്ഥനയ്ക്കും ആരാധന ക്രമത്തിലെ പ്രത്യേക സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനു വേണ്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണ്. അത് കമന്ററികൾക്കോ പ്രഖ്യാപനങ്ങൾക്കോ ആയി ഉപയോഗിക്കരുത് എന്ന് ദൈവാരാധനയ്ക്കും കൂദാശകൾക്കും ആയുള്ള വത്തിക്കാൻ കോൺ‌ഗ്രിഗേഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് തയ്യാറാക്കിയ പ്രസ്താവനയിൽ കോൺ‌ഗ്രിഗേഷൻ പ്രിഫെക്റ്റ് കർദിനാൾ റോബർട്ട് സാറയും സെക്രട്ടറി ആർച്ച് ബിഷപ്പ് ആർതർ റോച്ചും ഒപ്പിട്ടു.

ക്രിസ്തീയ ജീവിതത്തിൽ വിശുദ്ധ തിരുവെഴുത്തിന്റെ പ്രാധാന്യവും മൂല്യവും മനസിലാക്കുന്നതിനും വചനവും ആരാധന ക്രമവും തമ്മിലുള്ള ബന്ധം കൂടുതൽ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി 2019 -ൽ ഫ്രാൻസിസ് പാപ്പായാണ് ദൈവവചനത്തിന്റെ ഞായർ ആചരിക്കുവാൻ ആഹ്വാനം ചെയ്തത്. ഇത് എല്ലാവർഷവും മൂന്നാമത്തെ ഞായറാഴ്ച ആചരിക്കുവാൻ തീരുമാനിച്ചിരുന്നു. ഈ വർഷം ജനുവരി 24 -നാണ് ദൈവ വചനത്തിന്റെ ഞായർ ആചരിക്കുന്നത്.

ദൈവം തന്റെ വചനത്തിലൂടെ സംസാരിക്കുന്നത് തുടരുകയാണ്. അതിനാൽ കത്തോലിക്കർ വിശുദ്ധ തിരുവെഴുത്തുകളുമായി കൂടുതൽ അടുത്ത ബന്ധം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.