വിജയകരമായ പര്യവസാനത്തിനൊരുങ്ങി സേക്രട്ട് മ്യൂസിക് കോണ്ടസ്റ്റ്

ആരാധനക്രമ സംഗീതത്തിൽ നിന്ന് ക്രിസ്തീയ ഭക്തിഗാനങ്ങളെ വേർതിരിച്ചു കാണുവാൻ വിശ്വാസികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ടുമാസമായി നടന്നുവരുന്ന സേക്രട്ട് മ്യൂസിക് കോണ്ടസ്റ്റ് വിജയകരമായ പര്യവസാനത്തിലേയ്ക്ക് അടുക്കുകയാണ്. എറണാകുളം- അങ്കമാലി രൂപതയുടെ ശതോത്തര ജൂബിലിയുടെ പശ്ചാത്തലത്തിൽ സേക്രട്ട് മ്യൂസിക് ചാനൽ സംഘടിപ്പിച്ച സംഗീത മത്സരത്തിൽ 29 ടീമുകളാണ് പങ്കെടുത്തത്.

കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള ഗ്രൂപ്പുകൾ പങ്കെടുത്ത ഈ മത്സരം അതിന്റെ സമൂഹ ഗാനാലാപന രീതികൊണ്ടും ഹൃദ്യത കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കേട്ടുശീലിച്ച ഭക്തിഗാന മത്സരങ്ങളുടെ സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായി ഭക്തിരസം നിറയ്ക്കുവാൻ ഈ മത്സരത്തിന് തുടക്കം മുതൽ കഴിഞ്ഞു. വിശുദ്ധ കുർബാനയ്‌ക്കോ ദൈവാലയത്തിൽ മറ്റു തിരുക്കർമ്മങ്ങൾക്കോ ഉപയോഗിക്കാവുന്ന ഗാനങ്ങളാണ് സമൂഹ ഗാനാലാപന ശൈലിയിൽ പാടി അവതരിപ്പിച്ചത്. കൂടാതെ ആരാധനാക്രമ സംഗീതത്തിന് അനുയോജ്യമായ വിധത്തിൽ മിതമായ സംഗീത ഉപകരണങ്ങളുടെ ഉപയോഗം, പുതുതായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അവതരിപ്പിക്കുന്നതിനും പഴയ ഗാനങ്ങളുടെ പുനരാവിഷ്കാരത്തിനും ഉള്ള അവസരവും ഈ മത്സരത്തിന്റെ പ്രത്യേകതയായിരുന്നു.

രണ്ടുമാസമായി നീണ്ടുനിന്ന ഈ മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ അവതരണങ്ങൾ മാർച്ച് ഒൻപതു മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ സേക്രട്ട് മ്യൂസിക് യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തിരുന്നു. മെയ് മാസം അവസാനിക്കുന്ന ഈ മത്സരത്തിന്റെ വിധിനിർണ്ണയം നടത്തുന്നത് സംഗീതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരായ ജെറി അമൽ ദേവ്, ഫാ. ഉരുളിയാനിക്കൽ, ഫാ. പീറ്റർ കണ്ണമ്പുഴ, സിജോയ് വർഗ്ഗീസ്, ടീന മേരി അബ്രഹാം എന്നിവരുൾപ്പെടുന്ന പാനൽ ആണ്. 50,000 രൂപയുടെ ഒന്നാം സമ്മാനവും 25,000 രൂപയുടെ രണ്ടാം സമ്മാനവും 10,000 രൂപ വീതമുള്ള പത്തു പ്രോത്സാഹന സമ്മാനവും സേക്രട്ട് മ്യൂസിക് കോണ്ടസ്റ്റ് വിജയികൾക്ക് നൽകപ്പെടും.

മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ പാട്ടുകളിൽ ചിലത്:

https://www.youtube.com/watch?v=kcCfBhu07IQ&t=0s

https://www.youtube.com/watch?v=6A85lpT3Lh8
https://www.youtube.com/watch?v=sGoiZw7CJqE

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.