ഓഫീസിൽ സൂക്ഷിക്കാവുന്ന വിശുദ്ധ വസ്തുക്കൾ

മതപരമായ വസ്തുക്കൾ ഓഫീസിൽ സൂക്ഷിക്കാന്‍ നമുക്ക് ഒരുപാട് പരിമിതികളുണ്ട്. വാസ്തവത്തിൽ, ജോലിസ്ഥലത്തെ തിരക്കുള്ള സമയങ്ങളില്‍, ദൈവത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനു ചില കാര്യങ്ങൾ നമ്മെ ഒരുപാട് സഹായിക്കും. ദൈവത്തിൽ നിന്നുള്ള പ്രത്യേക കൃപ ലഭിക്കാന്‍ വൈദികൻ പ്രാർത്ഥിച്ച് അനുഗ്രഹിച്ച വസ്തുക്കളായ ക്രൂശിതരൂപവും ചെറിയ ഫോട്ടോകളുമൊക്കെ നമ്മുടെ ഓഫീസിൽ ഉപയോഗിക്കാവുന്നതാണ്.

1. ക്രൂശിത രൂപം

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന അടയാളങ്ങളാണ് ക്രൂശിതരൂപങ്ങൾ. ഓഫീസിൽ നമുക്ക് സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണിത്. ക്രൂശിതരൂപം ദർശിക്കുന്നതിലൂടെ സഹപ്രവർത്തകർക്കും ആശ്വാസം ലഭിക്കും. കാണുമ്പോൾ ദൈവസാന്നിധ്യം ദർശിക്കാനും ഈ അടയാളം നമ്മെ സഹായിക്കുന്നു. അവിടുത്തെ മഹത്തായ ത്യാഗത്തെക്കുറിച്ച് പതിവായി ധ്യാനിക്കാനും പ്രലോഭനസമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി ക്രൂശിതരൂപത്തെ നമ്മുടെ തൊഴിലിടങ്ങളിൽ ചേർത്തുവയ്ക്കാം.

2. വെന്തിങ്ങയും കാശുരൂപവും

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തമായ ആചാരങ്ങളിലൊന്നാണ് വെന്തിങ്ങയും കാശു‌രൂപങ്ങളും കൈവശം വയ്ക്കുകയോ, ധരിക്കുകയോ ചെയ്യുന്നത്. പ്രാർത്ഥനയോടെ ഇത് കൈവശം വയ്ക്കുകയോ, ധരിക്കുകയോ ചെയ്യുന്നവർക്ക് ദൈവമാതാവിന്റെ പ്രത്യേകമായ സംരക്ഷണം ലഭിക്കും. ഓഫീസിൽ നിങ്ങളുടെ കയ്യിലുള്ള ചെറിയ കാശു‌രൂപങ്ങൾ ഡെസ്കിലോ, എളുപ്പം കാണാവുന്ന ഇടങ്ങളിലോ സജ്ജീകരിക്കാവുന്നതാണ്. പരിശുദ്ധ അമ്മയ്ക്ക് നമ്മോടുള്ള സ്നേഹം ഓർമ്മപ്പെടുത്തുന്നതിനുള്ള മാർഗ്ഗമാണിത്.

3. ഫോട്ടോ കാർഡുകൾ

നിങ്ങളുടെ ഇരിപ്പിടത്തിനരികെയുള്ള മേശയിൽ വിശുദ്ധരുടെയോ, യേശുവിന്റെയോ, തിരുക്കുടുംബത്തിന്റെയോ, നമ്മുടെ പേരിന് കാരണഭൂതരായ വിശുദ്ധരുടെയോ ചെറിയ ചിത്രങ്ങൾ സൂക്ഷിക്കാവുന്നതാണ്. അരികിലുള്ള ഇവരുടെ സാന്നിധ്യം നമ്മുടെ പ്രതിസന്ധിയിൽ വലിയ ആശ്വാസമായേക്കാം. വിഷമതകളിൽ നാം അറിയാതെയാണെങ്കിലും വിശുദ്ധരുടെയും മറ്റും മാദ്ധ്യസ്ഥം നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുമെന്നതിൽ സംശയമില്ല. ഒരുപക്ഷേ, നമ്മെക്കാൾ ഉപരി നമ്മെ സമീപിക്കുന്ന മറ്റൊരാൾക്കും ആശ്വാസമായേക്കാവുന്ന വലിയ സാധ്യതകൾ കൂടിയാണിവയൊക്കെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.