കരുണയുടെ ഇരിപ്പിടമായ തിരുഹൃദയം

സ്‌നേഹത്തിന്റെ ഉറവിടമാണ് അവിടുത്തെ ഹൃദയം. എന്നാല്‍ കരുണയുള്ള ഹൃദയത്തിലാണ് സ്‌നേഹത്തിന്റെ പൂര്‍ണ്ണത നിലകൊള്ളുന്നത്. നല്ല കള്ളനോട് ഈശോ കരുണ കാണിക്കുന്നു. അതൊരു രക്ഷാകര സ്‌നേഹമായിരുന്നു. പാപിയായ അവന്‍ പശ്ചാത്താപത്തോടെ എളിമപ്പെട്ട് ദൈവത്തിന്റെ കരുണയെ ആശ്രയിച്ചതുകൊണ്ട് ഈശോ അവിടുത്തെ ഹൃദയത്തിന്റെ കരുണാര്‍ദ്രസ്‌നേഹം ചൊരിഞ്ഞു.

പിടഞ്ഞു മരിക്കുമ്പോഴും മറ്റുള്ളവരെ രക്ഷിക്കാന്‍ നോക്കുന്ന ഈശോ. എല്ലാവരും രക്ഷിക്കുക എന്നത് പിതാവിന്റെ ഹിതമായിരുന്നു. ഇതു തന്നെയല്ലേ ഇന്ന് നമ്മോടും ആവശ്യപ്പെടുന്നത്. അവിടുത്തെ രക്ഷാകരസ്‌നേഹം ഏറ്റവും ആവശ്യമുള്ളവരിലേയ്ക്ക് എത്തിക്കുക. അതിനായി നമ്മള്‍ ആദ്യം അവിടുത്തെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു ജീവിതം നയിക്കേണ്ടത് ആവശ്യമാണ്. ‘കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കിനിൽക്കും’ (യോഹ 19:37). കരുണയുടെ അനുഭവം നമ്മള്‍ ആവോളം ആസ്വദിച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ഈ കരുണ നിറഞ്ഞ ഹൃദയസ്‌നേഹമാകൂ.

ആരെയും മാറ്റി നിർത്താത്ത സ്നേഹം

എല്ലാവര്‍ക്കുമായി തുറന്നുപിടിച്ച കരുണയുള്ള സ്‌നേഹം. ആ ഹൃദയമുറിവ് എല്ലാവര്‍ക്കുമായി ഒരു വലിയ വാതിലായി എല്ലാവരെയും സ്വീകരിക്കുന്നു. ആരെയും മാറ്റി നിര്‍ത്താത്ത കരുണയുള്ള സ്‌നേഹം. ഒന്നും മേടിക്കാന്‍ നോക്കാതെ കൊടുക്കുന്ന ആ സ്നേഹത്തെ നമുക്ക് മാതൃകയാക്കാം. നമ്മള്‍ അര്‍ഹിക്കാതെ കിട്ടുന്ന സ്‌നേഹമാണ് കരുണ. ഈ രക്ഷാകരസ്‌നേഹം ഈ കാലഘട്ടത്തിലും തുടരേണ്ടത് ആവശ്യമാണ്. പാപികളോട് ഈശോ കാണിച്ചതുപോലെ കരുണ കാണിക്കാം.

ഫ്രാന്‍സിസ് പാപ്പാ പറയുന്നു: “നമ്മള്‍ പാപം ചെയ്ത് ക്ഷീണിച്ചേക്കാം. എന്നാല്‍ കരുണ കാണിക്കുന്നതിലും മാപ്പ് നല്‍കുന്നതിലും ദൈവം ക്ഷീണിക്കുന്നില്ല”. അവിടുത്തെ കരുണ നിറഞ്ഞ സ്‌നേഹത്തിന്റെ മുറിവുകള്‍ കണ്ട് അനുഭവിച്ചവര്‍, സന്തോഷിച്ചു എന്ന് തിരുവചനം പറയുന്നുവെങ്കില്‍ നമുക്ക് സന്തോഷിക്കാന്‍ തന്ന അടയാളം മുറിവേറ്റ ഹൃദയമാണ്. അത് ഇന്നും ദിവ്യകാരുണ്യമായി, ബലിയായി നമ്മുടെ സന്തോഷം പൂര്‍ണ്ണമാക്കുന്നു. നമ്മോടുള്ള കാരുണ്യത്താല്‍ മുറിവേറ്റ ഹൃദയം ദുഃഖത്തിന്റെ അടയാളമല്ല; സന്തോഷത്തിന്റെ അടയാളമാണ്. അവിടുത്തെ കരുണയില്‍ ശരണപ്പെടുന്നവര്‍ അവിടുത്തെ സ്‌നേഹത്തിന്റെ ആഴമറിയുന്നു. വിശ്വാസത്തില്‍ വളരുകയും മറ്റൊരു ക്രിസ്തുവായി മാറുകയും ചെയ്യുന്നു.

പീലാത്തോസിന്റെ അരമന മുതല്‍ കാല്‍വരി വരെയുള്ള ക്രിസ്തുസ്‌നേഹത്തിന്റെ ആഴം അനുഭവിച്ച, പരിശുദ്ധ അമ്മയോടൊപ്പം നമ്മുടെ യാത്ര തുടരാം. അത് കരുണയുടെയും സ്‌നേഹത്തിന്റെയും പാതയായിരുന്നു. ഈശോയുടെ കരുണ നിറഞ്ഞ സ്നേഹത്തിന്റെ സാക്ഷികളായി ജീവിക്കാൻ പരിശ്രമിക്കാം.

സി. മരീന ചാക്കോനാല്‍ DSHJ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.