അറിയാതെ പോകരുതേ ആ ഹൃദയസ്നേഹം

ജീവിതത്തില്‍ ഒത്തിരിയേറെ ഹൃദയങ്ങളെ തൊട്ടറിഞ്ഞു. എന്നാല്‍ ആ ഹൃദയം എല്ലാവരില്‍ നിന്നും വ്യത്യസ്തമായിരുന്നു. എല്ലാവര്‍ക്കും മാതൃകയായിരുന്നു. എല്ലാവര്‍ക്കും വേണ്ടി തുറന്നിട്ടതായിരുന്നു. ‘ആ ഹൃദയം’ ആരുടേതാണെന്നു ചോദിച്ചാല്‍ എല്ലാവരുടെയും നാവില്‍ ഒരേ ഉത്തരമായിരിക്കും. അതെ, യേശുവിന്റെ വിശാലമായ ഹൃദയം. ആ ഹൃദയത്തെപ്പോലെ എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍, സ്‌നേഹിക്കുവാന്‍, എല്ലാവര്‍ക്കുമായി മുറിയപ്പെടുവാന്‍ ആര്‍ക്ക് കഴിയും?

ഒരു കുമ്പസാരക്കൂട് പോലെ എല്ലാവരെയും പൊതിഞ്ഞുസൂക്ഷിക്കുന്നവന്‍, തനിക്കുള്ളതു മുഴുവനും പങ്കുവയ്ക്കുന്നവന്‍, തന്റെ സ്‌നേഹവലയത്തില്‍ നിന്നും ആരെയും മാറ്റിനിര്‍ത്താത്തവന്‍. തന്റെ മൂന്നു വര്‍ഷത്തെ പരസ്യജീവിതം കൊണ്ട് ഒരു മനുഷ്യായുസ്സിനു മുഴുവന്‍ നന്മ ചെയ്ത് കടന്നുപോയവന്‍.

തിരുവചനത്തില്‍ എത്ര മനോഹരമായി ആ സ്‌നേഹത്തെ വര്‍ണ്ണിക്കുന്നു. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്. തന്റെ സര്‍വ്വസൃഷ്ടിയുടെയും മേല്‍ അവിടുന്ന് കരുണ ചൊരിയുന്നു. ഈശോയുടെ ജനനത്തെക്കുറിച്ച് ദൈവദൂതന്‍ ആട്ടിടയന്മാരോട് പറഞ്ഞ വചനം എത്രയോ അര്‍ത്ഥപൂര്‍വ്വകം. “ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത.”

പ്രഭാതത്തിലെ പ്രകാശം പോലെ, കാര്‍മേഘരഹിതമായ പ്രഭാതത്തില്‍ പ്രകാശിക്കുന്ന സൂര്യനെപ്പോലെ, ഭൂമിയില്‍ പുല്ലു മുളപ്പിക്കുന്ന മഴ പോലെ, രാത്രിയാമങ്ങളില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ ഈശോയുടെ ഹൃദയം എല്ലാ ജീവിതങ്ങളെയും ശോഭപൂര്‍ണ്ണവും മനോഹരവും ജീവനുള്ളതുമാക്കുന്നു. എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുതിയ പുലരികള്‍ പ്രദാനം ചെയ്യും.

ക്രിസ്തു ദരിദ്രനായി കാലിത്തൊഴുത്തില്‍ പിറന്നത് എല്ലാവരെയും സമ്പന്നരാക്കുവാന്‍ വേണ്ടിയായിരുന്നു. കുറ്റവാളിയായി വിധിക്കപ്പെട്ട്, നഗ്നനായി കുരിശില്‍ തറയ്ക്കപ്പെട്ടത് ലോകം മുഴുവനെയും രക്ഷിക്കാനായിരുന്നു. സര്‍വ്വശക്തന്‍ ബലഹീനനായത് സകലരുടെയും ബലഹീനതകള്‍ ഏറ്റെടുക്കാനായിരുന്നു. ആ ദിവ്യമായ സ്‌നേഹം നാം അറിയാതെ പോകരുത്. ആ ഹൃദയം ആരെയും മാറ്റിനിര്‍ത്തിയില്ല. ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ ഒരുപോലെ മഴ പെയ്യിക്കുകയും സൂര്യനെ ഉദിപ്പിക്കുകയും ചെയ്തു. സിംഹവും കുഞ്ഞാടും അവന്റെ ചങ്ങാതിക്കൂട്ടത്തില്‍ ഒരുമിച്ചു കിടന്നുറങ്ങി. ചെറിയവനെയും വലിയവനെയും ഒരുപോലെ തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി. തന്നെ ക്രൂശിച്ചവര്‍ക്കു വേണ്ടി പിതാവിന്റെ മുമ്പില്‍ അവന്‍ മദ്ധ്യസ്ഥനായി. തന്റെ അവസാനതുള്ളി രക്തം പോലും ലോകം മുഴുവനും വേണ്ടി അവിടുന്ന് നല്‍കി. ഈ ക്രിസ്തുവിനെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കു കഴിയും? സ്‌നേഹത്തിന്റെ പുഴയും കരുണയുടെ കടലും കൊണ്ടുനടന്നവന്‍, ആരോടും പരിഭവമില്ലാത്തവന്‍, പിന്നെയും പിന്നെയും വാത്സല്യപൂര്‍വ്വം മുറിച്ചുനല്‍കുന്നവന്‍. വെറും വാക്കുകളുടെ ചിപ്പിക്കുള്ളില്‍ ആ സ്‌നേഹത്തിന്റെ ആകാശങ്ങളെ എങ്ങനെ ഒതുക്കാനാകും.

നാം ഒറ്റയ്‌ക്കായിരിക്കുമ്പോള്‍, മനസ്സ് കലങ്ങുമ്പോള്‍, സന്തോഷിക്കുമ്പോള്‍ അല്‍പം കൂടി സ്‌നേഹം ലഭിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍, ആ ഹൃദയസ്‌നേഹത്തില്‍ നിന്ന് അകലുമ്പോള്‍, അവനിലേക്ക് തിരിച്ചുനടക്കുമ്പോള്‍ എല്ലാം ഈശോ നമ്മെ സ്നേഹിക്കുന്നു. ആ ഹൃദയം നമുക്കായി ദാഹിക്കുന്നു. അവിടുത്തെപ്പോലെ ഒന്നും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവാങ്ങാത്ത, എല്ലാ മനസ്സു തുറന്നു കൊടുക്കുന്ന, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത, അവസാനിക്കാത്ത കരുതലുള്ള, കുമ്പസാരക്കൂടു പോലെ എല്ലാവരെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഹൃദയത്തിന് ഉടമയാകാം. എല്ലാവര്‍ക്കും എല്ലാമായിത്തീരാം.

സി. മഞ്ജു തെക്കിനേന്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.