പ്രതീക്ഷയുടെ കേദാരമായ തിരുഹൃദയം

ക്രിസ്തു എപ്പോഴും അങ്ങനെയായിരുന്നു. മറ്റുള്ളവരുടെ ഹൃദയത്തിന്റെ തേങ്ങലുകള്‍ എപ്പോഴും അവന്റെ കരളലിയിക്കും. ക്രിസ്തുവിന്റെ ഏറ്റവും വലിയ ബലഹീനതയും അതു തന്നെയായിരുന്നു. പ്രക്ഷുബ്ദമായ ഓരോ മനസിനെയും അവൻ കാണുന്നുണ്ട്. അതുകൊണ്ടാണ്, കല്ലെറിഞ്ഞു കൊല്ലാന്‍ കൊണ്ടുവന്ന വ്യഭിചാരിണിയെ ഈശോ കരുണയോടെ നോക്കുന്നത്. അവളില്‍ പുതിയ പ്രതീക്ഷകള്‍ക്ക്, പുതിയ ജീവിതത്തിന് ആ കൂടിക്കാഴ്ച തുടക്കം കുറിക്കുന്നു.

പ്രതീക്ഷ നഷ്ടപ്പെടുന്നതാണ് കരുണ വറ്റുന്നതിന്റെ പ്രധാന കാരണം. അങ്ങനെ അല്ലായിരുന്നെങ്കില്‍ കായേന്‍ ലോകചരിത്രത്തിലെ ആദ്യത്തെ കൊലപാതകി ആകുമായിരുന്നില്ല. നല്ലതു സമര്‍പ്പിച്ചാല്‍ ഒരുനാള്‍ താനും സംപ്രീതനാകുമെന്ന് സ്വപ്നം കാണാന്‍ അയാള്‍ക്ക് സാധിച്ചില്ല. പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ആളിക്കത്തിച്ചു കൊടുക്കുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആബേലിന്റെ രക്തം കൊണ്ട് ഭൂമി നനയില്ലായിരുന്നു. ഇന്നും ഏറിവരുന്ന ആത്മഹത്യകളും തകരുന്ന കുടുംബബന്ധങ്ങളും പ്രതീക്ഷ വറ്റുന്ന ജീവിതങ്ങളുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. നഷ്ടപ്പെട്ട പ്രതീക്ഷകള്‍ തന്നോടുതന്നെ കരുണയില്ലാത്തവനാകാന്‍ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്നു. “എനിക്ക് വിശ്വസിക്കാന്‍ ഒരു പ്രമാണമില്ല. ചെയ്യുവാന്‍ ഒരു കര്‍മ്മമില്ല. സ്‌നേഹിക്കാന്‍ ഒരു വ്യക്തിയില്ല. അതിനാല്‍ ഞാന്‍ എന്റെ ജീവിതത്തിന്റെ തിരശ്ശീല താഴ്ത്തുന്നു” – റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടന്ന കവി അയ്യപ്പന്റെ ആത്മഹത്യാകുറിപ്പാണിത്.

ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് പൊള്ളണം. ഒരാളുടെയെങ്കിലും സ്വപ്നങ്ങളെ പുതുക്കിപ്പണിയാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോയെന്ന് തോന്നണം. ഇവിടെയാണ് ക്രിസ്തു വ്യത്യസ്തനാകുന്നത്. അവന്‍ കരുണ കാണിക്കുക മാത്രമല്ല ചെയ്തത്; ക്ഷമയും കരുണയും നിറഞ്ഞ സ്‌നേഹത്തിന്റെ ഉടമകളാകാന്‍ നമ്മെ പഠിപ്പിക്കുക കൂടി ചെയ്തു.

“ശത്രുക്കളെ സ്‌നേഹിക്കുവിന്‍” (ലൂക്കാ 6:27) എന്ന തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തു ജീവിതം കൊണ്ട് കാണിച്ചുതന്നു. ഒറ്റിക്കൊടുക്കാന്‍ വന്നവനെ ‘സനേഹിതാ’ എന്നു വിളിച്ചും തള്ളിപ്പറഞ്ഞവനെ ആര്‍ദ്രതയുടെ നോട്ടം കൊണ്ടും അവന്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചു. തന്റെ സ്‌നേഹത്തിന് ഒരല്‍പം പോലും മങ്ങലേറ്റിട്ടില്ലെന്ന് തിബേരിയൂസ് കടല്‍ത്തീരത്ത് അവന്‍ വീണ്ടും തെളിയിച്ചു. ക്ഷമിക്കുന്ന സ്‌നേഹവും കരുണയും ഒരുവന്റെ ജീവിതത്തെ പുതിയ വഴിത്തിരിവിലേയ്ക്ക് നയിക്കുന്നുവെന്ന പാഠം ജനഹൃദയങ്ങളില്‍ ക്രിസ്തു കോറിയിട്ടു.

നമ്മുടെയൊക്കെ സമൂഹജീവിതത്തില്‍ ‘ക്ഷമിച്ചു’ എന്ന ഒരു വാക്കും ‘സാരമില്ല പോട്ടെ’ എന്ന സാന്ത്വനമൊഴിയും ‘ഞാന്‍ കൂടെയുണ്ട്’ എന്ന സ്‌നേഹസ്പര്‍ശവും മതിയാകും തളര്‍ന്നവന്റെയും ചങ്കുലഞ്ഞവന്റെയും ജീവിതം പൂത്തുലയാന്‍. ഇങ്ങനെയൊരു മാതൃകയാണ് ക്രിസ്തു കാണിച്ചുതന്നത്. കൂടെയുള്ളവനെ ചേര്‍ത്തുപിടിക്കുന്ന സ്‌നേഹത്തിന്റെ കരമാകാന്‍, ആശയറ്റവന്റെ സ്വപ്നങ്ങള്‍ക്ക് കാരുണ്യത്തിന്റെ നിറവാകാന്‍ നമുക്കും പരിശ്രമിക്കാം. ഈശോയുടെ കരുണ നിറഞ്ഞ കണ്ണുകളിലൂടെ ചുറ്റുമുള്ളവരെ നമുക്കും നോക്കിക്കാണാം.

സി. സ്റ്റെഫി ചുള്ളി DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

3 COMMENTS

  1. Sacred Heart 💖 of Jesus always gives us hope to live with hope in this challenging world. This article reminds us that….Thank you Sr. Stephy for your great thought…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.