അനുസരണത്തിന്റെ വിളനിലമായ ഈശോയുടെ തിരുഹൃദയം

നമ്മുടെ അഹത്തെ ബലി കഴിക്കുമ്പോഴാണ് അനുസരണം പൂര്‍ണ്ണമാകുന്നതെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ അനുസരിക്കണമെന്ന് ശഠിക്കുന്ന നമ്മില്‍ എത്ര പേരുണ്ടാകും മറ്റുള്ളവരോട് അനുസരണം പ്രകടിപ്പിക്കുന്നവരായി? അനുസരണം ഐശ്വര്യമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. അബ്രാഹത്തിന്റെ ബലി അനുസരണത്തിന്റെ ബലി കൂടിയാണ്. ആത്മാവിനെ നശിപ്പിക്കാത്തതും മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാത്തതുമായതാണ് അനുസരണം എന്ന് നാം ഓര്‍മ്മിക്കണം. അതുകൊണ്ട് അനുസരിക്കുമ്പോള്‍ വിവേചനശക്തി കൂടി ഉണ്ടായിരിക്കണം.

ഉല്‍പത്തി മുതല്‍ വെളിപാട് വരെ അനുസരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് കാണുവാൻ സാധിക്കും. ഈശോയുടെ ജീവിതത്തിലേക്കു നോക്കിയാല്‍ കാലിത്തൊഴുത്തു മുതല്‍ കാല്‍വരി വരെയുള്ള പ്രയാണം പൂര്‍ത്തീകരിക്കാന്‍ അവന്‍ തെരഞ്ഞെടുത്തത് അനുസരണത്തിന്റെ പാതയായിരുന്നു. പിതാവിന്റെ ഹിതം തിരിച്ചറിയാന്‍ കഴിയുംവിധം തന്റെ ഹൃദയം ക്രിസ്തു ഒരുക്കിവച്ചു. പിതാവിന്റെ ഇഷ്ടമാകുന്ന നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള വഴികള്‍ ക്രിസ്തു തെരഞ്ഞെടുത്തു.

‘ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി’ എന്നുപറഞ്ഞ് ദൈവഹിതം ഏറ്റുവാങ്ങിയ അമ്മയുടെ പരിശീലനം ക്രിസ്തുവിനെ തന്റെ ലക്ഷ്യത്തിലേക്കു വളര്‍ത്തി. ലോകത്തിന്റെ മാസ്മരികവലയത്തില്‍ നിന്നും അനുസരണത്തിന്റെ ശ്രേഷ്ടത തിരിച്ചറിയാന്‍ ക്രിസ്തുവിന്റെ മനോഭാവം നമുക്ക് ഉള്‍ക്കരുത്ത് പകരുന്നു.  കുരിശുമരണത്തോളം അനുസരിച്ച ക്രിസ്തുനാഥന്റെ അനുസരണത്തിന് ഇന്നലെകളോ നാളെകളോ ഇല്ല. അന്ത്യം വരെയും ചേര്‍ന്നുനടക്കേണ്ട വഴിത്താരയാണ് അനുസരണം.

സി. സിനി ചിറ്റേട്ട് DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.