അപ്പമായി മാറിയ ഹൃദയസ്നേഹം

“ഈശോയുടെ തിരുഹൃദയമേ, ഞാൻ അങ്ങയെ വിശുദ്ധ കുർബാനയിൽ കാണുന്നു. എന്നോടുള്ള സ്നേഹത്താൽ മിടിക്കുകയും ഉപവിയാൽ ജ്വലിച്ചെരിയുകയും ചെയ്യുന്ന ഒരു പരിശുദ്ധ ഹൃദയത്തെ, എഴുന്നള്ളിയിരിക്കുന്ന വിശുദ്ധ കുർബാനയിൽ ഞാൻ നിരന്തരം ദർശിക്കുന്നു. ആ ഹൃദയം തിരുവോസ്തിയിൽ എന്റെ സാന്നിധ്യത്തിൽ ശക്തമായി സ്പന്ദിക്കുന്നത് ഞാൻ കണ്ടു” – മദർ ക്ലെലിയ എന്ന വിശുദ്ധയ്‌ക്ക് ഉണ്ടാകാറുണ്ടായിരുന്ന ഹൃദയസ്പർശിയായ ദിവ്യകാരുണ്യ അനുഭവമാണിത്.

ദിവ്യകാരുണ്യത്തിൽ ഈശോയുടെ ഹൃദയത്തെ രാപ്പകലില്ലാതെ വിശപ്പും ഉറക്കവും ഉപേക്ഷിച്ചു സ്നേഹിച്ച ഒരു മിസ്റ്റിക്കാണ് മദർ ക്ലെലിയ. തന്റെ നാഥന്റെ ഹൃദയത്തെ കാണണമെന്ന് അവൾ വാശിപിടിച്ചപ്പോൾ ഈശോ തന്റെ ഹൃദയത്തെ ദിവ്യകാരുണ്യത്തിൽ അവൾക്കു കാണിച്ചുകൊടുത്തു. അവളുടെ മരണനിമിഷത്തിൽ പോലും, ഹൃദയമിടിപ്പ് നില്‍ക്കുമ്പോഴും തന്റെ ഹൃദയഭാഗത്ത് അമർത്തിപ്പിടിച്ചുകൊണ്ട് അവൾ പ്രഭാപൂരിതമായ മുഖത്തോടെ ഈശോ തന്നെ വിളിക്കാൻ വരുന്നത് ദർശിച്ചു. ‘ഈശോയുടെ പരിശുദ്ധ ഹൃദയമേ! ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് മദർ ക്ലെലിയയുടെ മൃതപ്രായമായ ശരീരം ദിവ്യകാരുണ്യ സവിധത്തിലേക്ക് സാവധാനം കടന്നുപോയി. നാം അധികം കേട്ടറിവില്ലാത്ത ഈ വിശുദ്ധയുടെ അനുഭവം നമ്മുടെ ജീവിതത്തിലും ഒരു ആത്മീയവെളിച്ചം പ്രദാനം ചെയ്യും.

ദീർഘനേരം മുട്ടിന്മേൽ നിന്ന് ആത്മീയസമാധിയിൽ നിന്നും ഉണർന്ന് അവർ പറയുമത്രെ, “എന്റെ പ്രിയ മക്കളെ, ഇന്നും തിരുവോസ്തിരൂപനിൽ ഈശോയുടെ തിരുഹൃദയം ഞാൻ കണ്ടു. അവിടുന്ന് നമ്മെ ഒത്തിരിയേറെ സ്നേഹിക്കുന്നു. നമ്മുടെ ശുഷ്ക്കിച്ചുപോകുന്ന സ്നേഹത്തെപ്രതി അവന് നമ്മോട് പരാതിയുണ്ട്. നാമെല്ലാവരും അവിടുത്തെ സ്നേഹിക്കേണ്ടവരല്ലേ? അതിനുള്ള നമ്മുടെ യോഗ്യത അവൻ നമ്മെ വിളിച്ചു എന്നുള്ളതാണ്” – വി.ക്ലേലിയ തന്റെ സഹോദരിമാരെ ഓർമിപ്പിച്ചുകൊണ്ടു പറഞ്ഞു.

വിശുദ്ധ കുർബാനയോടുള്ള എന്റെ സ്നേഹം

ഈശോയുടെ ഹൃദയം ജ്വലിച്ചെരിയുന്ന സ്നേഹാഗ്നി ചൂളയാണെന്ന് നാം പ്രാർത്ഥിക്കാറുണ്ട്. കത്തിയെരിയുന്ന ഒരു ചൂള അതിനോട് ചേർന്നിരിക്കുന്ന എന്തിനെയും ചൂടുപിടിപ്പിക്കും. സാവധാനം സകലതും കത്തി ആ ചൂളയോട് ചേരും. ഈശോയുടെ ഹൃദയത്തോട് ചേർന്നിരിക്കുന്ന എന്റെയും നിങ്ങളുടെയും ഹൃദയത്തെ ചൂടുപിടിപ്പിക്കാത്ത, കത്തിയെരിയിക്കാത്ത ഒരു സ്നേഹത്തെ നാം അനുഭവിച്ചു എന്ന് പറയാൻ പറ്റുമോ? പോൾ ആറാമൻ മാർപാപ്പ പറയുന്നു: “ഈശോയുടെ ഹൃദയസ്‌നേഹം അതിന്റെ പൂർണ്ണതയിൽ നമുക്കിന്ന് വെളിപ്പെടുന്ന ഒരേ ഒരു സ്രോതസ്സ് വിശുദ്ധ കുർബാന മാത്രമാണ്.”

വിശുദ്ധ കുർബാനയോടുള്ള നമ്മുടെ സ്‌നേഹം അവിടുത്തെ പരിശുദ്ധ ഹൃദയത്തോടുള്ള സ്നേഹം തന്നെയാവണം. ‘നിങ്ങൾക്ക്‌ ജീവൻ നൽകാൻ സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന അപ്പം’ എന്നാണ് ഈശോ തന്റെ സത്തയെ നമുക്ക് വെളിപ്പെടുത്തി തരുന്നത്. നശ്വരമായ മന്നയോടല്ല, കടൽത്തീരത്ത് തന്റെ സ്നേഹക്കനലിൽ ചുട്ടെടുത്ത അപ്പത്തോടും മീനിനോടുമാണ് ഈശോ തന്റെ ഹൃദയത്തെ താദാത്മ്യപ്പെടുത്തുക. തീക്ഷ്‌ണത മങ്ങിയ, പ്രതീക്ഷ നഷ്ടപ്പെട്ട ശിഷ്യരുടെ ഇടയിലേക്ക് സ്നേഹക്കടലായി അവരുടെ സംശയങ്ങൾക്കുത്തരമായി നിരാശയുടെ വേലിയേറ്റത്തിൽ അറിയാമായിരുന്ന തൊഴിൽ പോലും തങ്ങൾക്ക് അന്യമായിരിക്കുന്നു എന്ന തിരിച്ചറിവിൽ പകച്ചുപോയ ഒരു നിമിഷം. അവിടെ തുടിക്കുന്ന ഹൃദയത്തോടെ വിങ്ങുന്ന വേദനയിൽ ബലിയൊരുക്കി കാത്തിരിക്കുന്ന ഹൃദയസ്‌നേഹം. ആ സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്ന തിബേരിയൂസ് കടൽ തീരമാകുന്ന ബലിപീഠം. അവിടെ ബലിയും ബലിവസ്തുവും അവൻ തന്നെ, ഉത്ഥിതൻ!

അപ്പമായവനെ വിട്ട് അപ്പം അന്വേഷിക്കുവാൻ വൃഥാ നടത്തുന്ന ശിഷ്യരുടെ പരിശ്രമത്തിൽ ഹൃദയം വേദനിക്കുന്ന ദിവ്യകാരുണ്യനാഥൻ. ഇടറിയ ഹൃദയത്തോടെ, എണ്ണ വറ്റിയ വിളക്കു പോലെ, ചാരം മൂടി, ശോഭ നഷ്ടപ്പെട്ട കനൽ പോലെ തന്റെ അരുമശിഷ്യരെ ആർത്തിരമ്പുന്ന കടൽത്തീരത്ത് കണ്ട നാഥന്റെ ഹൃദയമാണ് അവിടെ അപ്പമായി മുറിക്കപ്പെട്ടത്. ചാരം മൂടിപ്പോയ ആദ്യസ്നേഹത്തിന്റെ കനലുകളെ അവിടുത്തെ ഹൃദയമാകുന്ന സ്നേഹാഗ്നിയിൽ ഊതികത്തിക്കുവാൻ വിശുദ്ധ കുർബാനയായി മാറുന്ന അതേ ഉത്ഥിതനെ നാം വിശുദ്ധ കുർബാനയിലെ തിരുവോസ്‌തിയിയിലും തിരുക്കാസയിലും കണ്ടുമുട്ടുന്നു.

തിരുഹൃദയത്തോടുള്ള എന്റെ സ്നേഹം

ഈശോയുടെ തിരുഹൃദയത്തോടുള്ള എന്റെ സ്നേഹം എന്നത് വെറും ഒരു മാനുഷിക അനുഭൂതിയല്ല. ആനന്ദത്തിന്റെ ഏതാനും നിമിഷങ്ങളോ മണിക്കൂറുകളോ അല്ല. നമ്മുടെ വ്യക്തിത്വത്തെ നാഥന്റെ പൂർണത നിറഞ്ഞ വ്യക്തിത്വവുമായി ഒന്നായി തീരുകയാണ്. ഈശോ പറഞ്ഞു: “നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും.” ഞാൻ സ്വരുക്കൂട്ടിയിട്ടുള്ള എന്റെ നിക്ഷേപം എവിടെയാണ്? നമ്മുടെ ഹൃദയങ്ങളെ എടുത്തു വാഴ്ത്തുവാൻ, നാഥന്റെ കരങ്ങളിലൂടെ അനേകർക്ക്‌ ആത്മീയ വിശപ്പടക്കുവാനുള്ള അപ്പമായി തീരുവാൻ നമുക്കും ആഗ്രഹിക്കാം.

ജീവന്റെ അപ്പമാകാൻ, സ്നേഹം മറ്റുള്ളവർക്ക് അനുഭവം ആകുന്ന സ്‌പന്ദിക്കുന്ന ഹൃദയമാകാൻ, വേദനിക്കുന്നവന് മുന്നിൽ നിലയ്ക്കാത്ത കാരുണ്യത്തിന്റെ പ്രവാഹമാകുവാൻ എനിക്ക് കഴിയുമ്പോൾ എന്റെ ഹൃദയവും തിരുഹൃദയമാകും.

സി. ബിന്ദു കൊട്ടാരത്തിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.