ഈശോയുടെ ഹൃദയമിടിപ്പിനായി കാതോർത്ത്

കര്‍ണ്ണാടകയിലെ ഭദ്രാവതി എന്ന ഗ്രാമത്തില്‍ മിഷനറിയായിരുന്ന കാലത്ത് ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയ ഒരു കൂലിക്കാരനായ ഇടയനെയും ആട്ടിന്‍പറ്റത്തെയുമാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരിക. ആ പുല്‍മേട്ടില്‍ ഇടയന്റെ കണ്‍വെട്ടത്തു നിന്നുമകന്ന് ഒറ്റയ്ക്കും പെട്ടയ്ക്കും തീറ്റ തേടി പോകുന്നവരും കൂട്ടത്തില്‍ തന്നെ നിലയുറപ്പിച്ച് പുല്‍നാമ്പുകള്‍ തിന്നുന്നവരും ക്ഷീണിതരും പരിക്കേറ്റവരുമായ ആടുകള്‍. ഉച്ചതിരിഞ്ഞ സമയത്ത് കൂലിക്കാരനായ ഇടയന്‍ പുതിയ മേച്ചില്‍പുറത്തേയ്ക്ക് പുറപ്പാടിനുള്ള തയ്യാറെടുപ്പിനായി ഒരു പ്രത്യേക ചൂളം വിളി. അത് കേൾക്കേണ്ട താമസം, ഏതാണ്ട് അഞ്ഞൂറോളം വരുന്ന ചെമ്മരിയാടുകള്‍ ഇടയന്റെ സമീപത്തേക്ക് വരുന്നു. കൂട്ടം വിട്ട് അകന്നുപോയവരും ചേര്‍ന്നുനടന്നിരുന്നവരുമെല്ലാം ആ ചൂളം വിളിയുടെ ശബ്ദം കേട്ട് അടുത്തേയ്ക്ക് വരുന്നു. കാരണം അത് തങ്ങളുടെ ഇടയന്റെ വിളിയാണ്. ആ വിളിയുടെ പ്രതിധ്വനി, നില്‍ക്കുന്നിടം വിട്ടോടുവാന്‍ ഓരോ ആടുകളെയും നിര്‍ബന്ധിക്കുന്നു. തങ്ങള്‍ക്കു ചുറ്റുമുള്ള ശബ്ദകോലാഹലങ്ങളില്‍ നിന്നും വേറിട്ട ആ സ്വരത്തിനു പിന്നാലെ ആ ആടുകള്‍ ഓടിയണയുകയാണ്.

ഇവയുടെയെല്ലാം ഒരു നേര്‍ക്കാഴ്ചയാണ് വി. യോഹന്നാന്റെ സുവിശേഷം 10:15 -ലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്നത്. “പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.” അങ്ങോട്ടുമിങ്ങോട്ടും ഒരുപോലെ അറിയുന്ന അറിവിന്റെ വലിയ ഒരു ശൃംഖല ഈ വചനത്തിന്റെ മറവിലുണ്ട്. തിരുവചനത്തിലെ ഈ ‘അറിവ്’ ലോകത്തിലെ ഏതെങ്കിലും ലൈബ്രറിയില്‍ നിന്നോ, ഇ-ബുക്കില്‍ നിന്നോ, നിരീക്ഷണ പരീക്ഷണങ്ങളിലൂടെയോ നേടുന്നതല്ല. ബുദ്ധിമാന്മാരെയും വിവേകികളെയും അതിശയിപ്പിക്കുന്ന അറിവാണ് അത്. ദൈവവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തില്‍ നങ്കൂരമുറപ്പിക്കുന്ന അറിവാണ്. അവിടെ ദൈവമനുഷ്യബന്ധം പരസ്പരം ഇഴചേരുന്നു.

ഈ അറിവ് ആര്‍ജ്ജിക്കാനുള്ള വഴികള്‍ സുഭാ. 2:2-5 മുമ്പോട്ടു വയ്ക്കുന്നു. അറിവിലേയ്ക്ക് നിന്റെ ഹൃദയം ചായ്ച്ചുകൊടുക്കുക. നിഗൂഢനിധി പോലെ അവിടുത്തെ അന്വേഷിക്കുകയും ചെയ്യുക. അപ്പോള്‍ നീ ദൈവത്തെക്കുറിച്ചുള്ള അറിവ് നേടും. അറിവിന്റെ കാന്തികശക്തി ദൈവത്തിലേയ്ക്ക് നമ്മെ ചേര്‍ത്തുപിടിക്കും. അങ്ങനെ നമ്മുടെ ഹൃദയവും അതിന്റെ നിക്ഷേപങ്ങളും യേശുവിന്റെ ഹൃദയത്തില്‍ ലയിക്കും. ദൈവത്തിന്റെ ഹൃദയമിടിപ്പ് കേൾക്കണമെങ്കിൽ അവിടുത്തെ ഹൃദയത്തോട് നാം ചേർന്നുനിൽക്കണം. ഏതു മഹാമാരിയിലും പ്രതിസന്ധിയിലും കഷ്ടതയിലും പീഡനത്തിലും യുദ്ധത്തിലും എന്റെ ഹൃദയം ക്രിസ്തുവിനെ കേൾക്കാൻ സാധിക്കുന്നതാകട്ടെ.

എന്നാല്‍ ഇന്ന് നമ്മുടെ ഹൃദയങ്ങളുടെ ചായ്‌വ് എങ്ങോട്ടാണ്? നൈമിഷിക സന്തോഷങ്ങളിലേയ്‌ക്കോ? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘നാം സോദരര്‍’ എന്ന ചാക്രികലേഖനത്തില്‍, ഡിജിറ്റല്‍ ആശയവിനിമയ സംവിധാനങ്ങള്‍ വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ അനാവശ്യമായി കടന്നുകയറി അപരനുമായുള്ള ബന്ധത്തെ ശിഥിലമാക്കുന്നു (42) എന്ന് പഠിപ്പിക്കുമ്പോള്‍ അതിനര്‍ത്ഥം, ഹൃദയത്തിന്റെ ചായ്‌വ് ലോകത്തിലേയ്ക്ക് കാടുകയറി എന്നു തന്നെയല്ലേ. നമ്മുടെ വ്യക്തിജീവിതത്തിന്റെ അന്തഃസത്ത അവിടുത്തെ തിരുഹൃദയത്തില്‍ കണ്ടെത്തുവാൻ പരിശ്രമിക്കാം. അവിടുത്തെ ഹൃദയമിടിപ്പ് പ്രതിസന്ധികളിൽ നമ്മെ കൂടുതൽ ബലപ്പെടുത്തട്ടെ.

സി. റോസമ്മ നടയ്ക്കൽ DSHJ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.