മനുഷ്യഹൃദയങ്ങൾക്കു വേണ്ടി ദാഹിക്കുന്ന തിരുഹൃദയം

കൊൽക്കത്തയിലെ മദർ തെരേസയുടെ സന്യാസിനികളുടെ മാതൃഭവനത്തിലെ ചാപ്പലിൽ എഴുതിവച്ചിരിക്കുന്ന വചനം ഇപ്രകാരമാണ്: “എനിക്ക് ദാഹിക്കുന്നു” (യോഹ. 19:28). കുരിശിലെ അവസാന വചനങ്ങളിൽ ഒന്നാണിത്. യേശുവിന്റെ ഹൃദയത്തിന്റെ ദാഹം തിരിച്ചറിഞ്ഞപ്പോഴാണ് മദർ തെരേസ തന്റെ മഠം ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങിയത്. ഈശോയുടെ തിരുഹൃദയത്തിന്റെ ഈ ദാഹം തിരിച്ചറിഞ്ഞു തന്നെയാണ് ആയിരക്കണക്കിന് പെൺകുട്ടികൾ ഈശോയുടെ ഈ ദാഹം ശമിപ്പിക്കാൻ ഉപവിയുടെ സഹോദരിമാരുടെ സമൂഹത്തിലേക്ക് കടന്നുവന്നത്.

കോവിഡ് ശുശ്രൂഷയുടെ ഇടയിൽ ഭാരതത്തിൽ ഏറ്റവുമധികം സന്യാസിനികൾ ജീവൻ സമർപ്പിച്ചതും മദർ തെരേസയുടെ സഹോദരിമാരില്‍ നിന്നു തന്നെയാണ്. ‘എനിക്ക് ദാഹിക്കുന്നു’ എന്ന ക്രിസ്തുവിന്റെ സ്വരത്തിന് മറുപടിയായിട്ടാണ് വി. തെരേസ വേർസേരിയും മോൺ. ജോസഫ് ബെനാലിയോയും കൂടി തിരുഹൃദയമക്കളുടെ സഭയ്ക്ക് രൂപം നൽകിയത്. ഇതു തന്നെയാകാം മിക്ക സഭകളുടെയും ഉത്ഭവത്തിനു കാരണം. അതോടൊപ്പം ഇശോയുടെ ദാഹത്തിന് ഇന്ന് മറുപടി കൊടുക്കാൻ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും.

ദാഹം സുവിശേഷങ്ങളിലെ ഒരു പ്രധാന പരാമർശവിഷയം തന്നെയാണ്. അനുദിന ജീവിതത്തിലും ദാഹത്തിന് പല അർത്ഥങ്ങളുണ്ട്. ദാഹിച്ചുവരണ്ട കാക്ക വെള്ളം കുടിക്കാൻ സ്വീകരിച്ച ബുദ്ധികൂർമ്മത കുഞ്ഞുനാൾ മുതലേ നമ്മൾ കേട്ടിട്ടുണ്ട്. ദാഹം ഒരു പ്രശ്നം തന്നെയാണെന്ന് ആ കുട്ടിക്കവിത പഠിക്കുന്ന കുഞ്ഞുങ്ങൾക്കു പോലും മനസ്സിലാകും. കുടിനീരിനായുള്ള ദാഹം മനുഷ്യരുടെ ഒരു നിത്യപ്രശ്നം തന്നെയാണ്. ദാഹത്തിന് അല്പംകൂടി ഉയർന്ന തലത്തിലുള്ള അർത്ഥങ്ങൾ കൂടിയുണ്ട്. വിദ്യക്കായുള്ള ദാഹം, സമ്പത്തിനായുള്ള ദാഹം, സുഖത്തിനായുള്ള ദാഹം, പ്രശസ്തിക്കായുള്ള ദാഹം എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങൾ സാധാരണമാണ്. ദാഹത്തിന്റെ ഈ തലങ്ങളിൽ നിന്നുകൊണ്ടാണ് ഈശോയുടെ തിരുഹൃദയത്തെ നാം സമീപിക്കേണ്ടത്.

സുവിശേഷങ്ങളിലെ ദാഹത്തിന്റെ സൂചനകൾ ആദ്യം കാണുന്നത് അഷ്ടസൗഭാഗ്യങ്ങളിലാണ്. നീതിക്കു വേണ്ടിയുള്ള ദാഹത്തെയാണ്. മനുഷ്യർ ജലത്തിനു വേണ്ടി ദാഹിക്കുന്നതു പോലെ തന്നെ സമൂഹത്തിൽ നീതിക്കു വേണ്ടിയും ദാഹിക്കുന്നവരുണ്ട്. നീതിക്കു വേണ്ടി അദ്ധ്വാനിച്ച്, തടവറയിൽ കിടക്കുന്ന സ്റ്റാൻ സ്വാമി എന്ന വന്ദ്യവയോധിക വൈദികന്റെ ജീവിതസായാഹ്നത്തിലെ സംതൃപ്തി നമുക്കും അനുഭവിക്കണമെങ്കിൽ നീതിക്കു വേണ്ടി ദാഹിക്കുക തന്നെ വേണം.

സമരിയാക്കാരി സ്ത്രീയുടെ ആത്മാവിനെ നേടാനുള്ള പ്രയത്നത്തിൽ യേശു അവളുടെ ദാഹത്തെ തിരിച്ചറിയുന്നുണ്ട്. ദാഹം എന്നാൽ വെള്ളം കുടിക്കാനുള്ള ആഗ്രഹമല്ല എന്ന് നാം ഈ സുവിശേഷഭാഗങ്ങളിലൂടെ തിരിച്ചറിയുന്നു. സമരിയാക്കാരി ശാരീരികദാഹത്തെ കുറിക്കുമ്പോൾ ദാഹത്തിന്റെ ആത്മീയതലത്തിലേക്കാണ് യേശു അവളെ ഉയർത്തുന്നത്. ദാഹിക്കുന്ന മനുഷ്യരുടെ ഏക ആശ്രയം താനാണെന്നാണ് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം കർത്താവ് പറയുന്നത്. “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (യോഹ. 7:37). “എനിക്ക് കുടിക്കാൻ തരിക” എന്ന് ഒരു സ്ത്രീയോട് അഭ്യർത്ഥിച്ചവൻ തന്നെ “ദാഹാർത്തർ എന്റെ അടുക്കൽ വരട്ടെ” എന്നു പറയുന്നത് വൈരുദ്ധ്യമല്ലേ? ഈശോയുടെ ഹൃദയം ഒരേ സമയം ദാഹിക്കുകയും മനുഷ്യന്റെ ദാഹം ശമിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് തിരുഹൃദയത്തിന്റെ സൗന്ദര്യവും നിഗൂഢതയും.

എളിയവരിൽ ഒരുവനു നൽകുന്ന ഒരു പാത്രം ദാഹജലത്തിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്ന കർത്താവിനെ നാം കാണുന്നു. മനുഷ്യരുടെ നാനാവിധമായ ദാഹത്തിനുള്ള പരിഹാരം കാണേണ്ടവരാണ് നമ്മൾ എന്നും അതിന്നു പ്രതിഫലമുണ്ടെന്നും യേശു നമുക്ക് ഉറപ്പു തരുന്നു. ദാഹിക്കുന്ന മനുഷ്യർക്ക് കുടിക്കാൻ നൽകുന്നില്ലെങ്കിൽ അവൻ എന്നെന്നേയ്ക്കുമായി നമ്മളെ തള്ളിക്കളയുന്ന ഗൗരവമായ രംഗം അന്ത്യവിധിയുടെ വചനങ്ങളിലാണുള്ളത്. “എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നില്ല” (മത്തായി 25:42).

ഒരു മനുഷ്യന് ദാഹിക്കുമ്പോൾ ഈശോയ്ക്കു തന്നെയാണ് ദാഹിക്കുന്നത്. ഒരു മനുഷ്യന്റെ ദാഹമകറ്റുമ്പോൾ ഈശോയുടെ ദാഹമാണ് നമ്മളകറ്റുന്നത്. “എനിക്ക് കുടിക്കാൻ തരിക” എന്നു പറയുമ്പോൾ ദാഹിക്കുന്ന മനുഷ്യർക്കാണ് നമ്മൾ കുടിക്കാൻ കൊടുക്കേണ്ടത്. “എനിക്ക് ദാഹിക്കുന്നു” എന്നു പറയുമ്പോൾ ദാഹിക്കുന്നവരിലേക്കാണ് നമ്മൾ തിരിയേണ്ടത്. അവസാന തുള്ളി ജലവും തന്റെ ഹൃദയത്തിൽ നിന്നും ഒഴുക്കിയ കർത്താവിനെ സ്നേഹിക്കുന്നു എന്നു പറയണമെങ്കിൽ മനുഷ്യരുടെ ദാഹിക്കുന്ന അവസ്ഥകളിലേക്ക് നാം ഇറങ്ങണം. കുത്തിത്തുറക്കപ്പെട്ട തിരുഹൃദയത്തിന്റെ നിശബ്ദക്ഷണം അതിലേക്കു തന്നെയാണ്.

ആത്മാക്കളുടെ രക്ഷയ്ക്കായി ദാഹിക്കുന്ന ഈശോയുടെ തിരുഹൃദയമേ, എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കണമേ.

സി. സോഫിയ ഫിലിപ്പ് കൊല്ലംപറമ്പിൽ DSHJ

2 COMMENTS

Leave a Reply to AnonymousCancel reply