സ്നേഹിക്കാൻ മാത്രമറിയുന്ന തിരുഹൃദയം

സിക്കമൂര്‍ മരത്തിന്റെ ശിഖരങ്ങളില്‍ ആത്മീയദാഹത്താല്‍ വലയുന്ന സക്കേവൂസിന്റെ ഉള്‍ത്തുടിപ്പുകള്‍ ക്രിസ്തുവിന്റെ ഹൃദയം തിരിച്ചറിഞ്ഞു. എന്റെ ജീവിതയാത്രയുടെ തിരക്കുകളിലും ഒറ്റപ്പെടലിന്റെ സിക്കമൂര്‍ മരങ്ങളില്‍ ആശ്വാസം തേടി കാത്തിരിക്കുന്നവരെ കാണാന്‍ കഴിഞ്ഞാല്‍ എന്റെ ഹൃദയം തിരുഹൃദയത്തിനു സദൃശ്യമാകും.

എളിമ, ശാന്തത, സ്‌നേഹം, സമാധാനം എന്നീ പുണ്യങ്ങളുടെ കലവറയാണ് യേശുവിന്റെ ഹൃദയം. എന്നാല്‍ നമ്മുടെ ഹൃദയം അഹങ്കാരത്തിന്റെ തടവറയായി മാറുന്നുണ്ടോ? സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ആ തിരുഹൃദയത്തില്‍ എനിക്ക് ഇടമുള്ളിടത്തോളം കാലം പാപത്തിന് എന്നെ അടിമയാക്കാന്‍ സാധിക്കില്ല. അനുതാപത്തോടെയുള്ള വിശുദ്ധ ബലിയര്‍പ്പണം നമ്മിലുള്ള ശിലാഹൃദയം മാറ്റി മാംസളഹൃദയം രൂപപ്പെടുത്തുന്നു. എന്നെ സ്‌നേഹിച്ചു മതിവരാത്ത ഹൃദയമാണല്ലോ ഈശോയുടേത് എന്ന ചിന്തയാണ് മറ്റുള്ളവര്‍ക്ക് അപ്പമായിത്തീരുവാന്‍, മുറിച്ചു കൊടുക്കപ്പെടുവാന്‍, സഹായഹസ്തമാകുവാന്‍ എന്നെ പ്രചോദിപ്പിക്കുന്നത്.

തുറക്കപ്പെട്ട ഹൃദയം

ദിവ്യകാരുണ്യമായിത്തീര്‍ന്ന യേശുവിന്റെ ഹൃദയം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അസ്വസ്ഥരെയും അസഹനീയരെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും ആശ്വസിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന, ശക്തിപ്പെടുത്തുന്ന യേശുവിന്റെ ഹൃദയസ്പന്ദനം നമുക്ക് സ്വായത്തമാക്കാം. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11: 28-29). മനുഷ്യമക്കളെ ഇത്ര അഗാധമായി സ്‌നേഹിക്കുന്ന മറ്റൊരു ഹൃദയമില്ല. ആ പവിത്രഹൃദയജ്വാല സ്‌നേഹത്തിന്റെ ദിവ്യപ്രകാശമാണ്. യേശുവിന്റെ ഹൃദയം മനുഷ്യരെ അതിരുകളില്ലാതെ സ്‌നേഹിക്കുമ്പോള്‍ മനുഷ്യര്‍ മറ്റുള്ളവരാല്‍ സ്‌നേഹിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു. അപരന്റെ സ്‌നേഹം കുറയുമ്പോള്‍ പരാതി, പരിഭവം, പരദൂഷണം എന്നിവയാല്‍ നമ്മുടെ ഹൃദയം വികസിക്കുന്നു.

സി. ലിസി പാണംപറമ്പിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.