ഈശോയുടെ ഹൃദയം പഠിപ്പിക്കുന്ന വിശുദ്ധിയിലേക്ക് വളരാം

“ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍” (മത്തായി 11-29). ഈശോയുടെ ഹൃദയമാകുന്ന സ്‌കൂളില്‍ നിന്ന് അവിടുത്തെ ഹൃദയത്തെ നോക്കി പഠിക്കാന്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരുമാണ് നാം ഓരോരുത്തരും. ഈശോയുടെ ഹൃദയസ്‌നേഹത്തിന്റെ അവകാശികളായ നാം ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്ന ആ തിരുഹൃദയത്തിലേക്ക് നോക്കി അനുദിന ജീവിതം ആരംഭിക്കണം. കുത്തിത്തുറക്കപ്പെട്ട അവിടുത്തെ ഹൃദയത്തെ ധ്യാനാത്മകമാക്കണം. ഈശോയുടെ ഹൃദയഭാവങ്ങളെ സ്വന്തമാക്കാന്‍ അനുദിനം വിശുദ്ധ കുര്‍ബാനയില്‍ അവിടുത്തെ ഹൃദയമായ ദിവ്യകാരുണ്യം നൽകി ഈശോ നമ്മെ സ്നേഹിക്കുന്നു. അവിടുത്തെ ഹൃദയം പോലെ നമ്മുടെ ഹൃദയവുമാകുവാൻ ഈശോ നമ്മെ ചേർത്തുപിടിക്കുന്നു.

‘ഹൃദയം’ എന്ന വാക്ക് ആയിരത്തിലധികം പ്രാവശ്യം ബൈബിളില്‍ നാം കാണുന്നുണ്ട്. വികാരങ്ങൾ, ഭാവങ്ങൾ എന്നിവയേക്കാളുപരി ഹൃദയം ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. തിരുവചനങ്ങളില്‍ ഈശോ പറയുന്നു: “ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്” (മത്തായി 12:34). ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21). അതായത്, നമ്മുടെ നിക്ഷേപം എവിടെയാണോ അവിടെയാണ് നമ്മള്‍ എന്ന്. ഹൃദയം ഒരു വ്യക്തിയെ സൂചിപ്പിക്കുന്നെങ്കില്‍ തിരുഹൃദയഭക്തി ഈശോയോടുള്ള ആരാധനയാണ്, സ്‌നേഹമാണ്. അവിടുത്തെ തുറക്കപ്പെട്ട ഹൃദയത്തില്‍ നമ്മുടെ ഹൃദയം, നമ്മുടെ വ്യക്തിത്വം നിക്ഷേപിക്കലാണ്. ഈശോയുടെ ഹൃദയസ്‌നേഹത്താല്‍ രൂപാന്തരപ്പെടലാണ്.

ദൈവസ്നേഹത്തിന്റെ ആഴം മനസിലാക്കിത്തരുന്ന തിരുഹൃദയം

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം CCC 2563-ാമത്തെ ആര്‍ട്ടിക്കിള്‍ ഇപ്രകാരം പറഞ്ഞുതരുന്നു: “ഹൃദയം ഞാനായിരിക്കുന്ന, ഞാന്‍ വസിക്കുന്ന ആലയമാണ്. വിശുദ്ധ ഗ്രന്ഥഭാഷയുടെ ശൈലിയില്‍ പറഞ്ഞാല്‍, ഞാന്‍ ഇറങ്ങിവരുന്ന, ഞാന്‍ ഗൂഢമായി വസിക്കുന്ന, എന്റെയും മറ്റുള്ളവരുടെയും യുക്തിക്കതീതമായ നിഗൂഢമായ കേന്ദ്രമാണ് ഹൃദയം. എന്റെ മാനസീകതീരുമാനങ്ങള്‍ക്കപ്പുറമുള്ള ഇടം. ദൈവത്തിന്റെ ആത്മാവിനു മാത്രമേ അതിനെ അളക്കാനും അതിന്റെ ആഴമറിയാനും സാധിക്കൂ. മാനസികമായ ആന്തരികപ്രേരണകളുടെ അഗാധതലങ്ങളുടെ തീരുമാനങ്ങള്‍ക്കപ്പുറമുള്ള സ്ഥലം. അതെ, അവിടെയാണ് ദൈവവുമായുള്ള കണ്ടുമുട്ടലിന്റെ വേദി. ഉടമ്പടികളുടെ സ്ഥലമാണത്.”

ഫ്രാന്‍സിലെ പാരെ – ലെ – മോണിയയില്‍ 1673-1675 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ വി. മാര്‍ഗരറ്റ് മേരി അലക്കോക്കിനുണ്ടായ വെളിപ്പെടുത്തലോടെയാണ് തിരുഹൃദയഭക്തിയുടെ തുടക്കം. ഈശോയുടെ തുറക്കപ്പെട്ട തിരുഹൃദയം കാണിച്ചുകൊണ്ട് അവിടുത്തെ സ്‌നേഹത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിവരാന്‍ അവിടുന്ന് ക്ഷണിക്കുന്നു. ഹൃദയം തുറന്നാലേ, നമുക്ക് ഒരാളെ മനസിലാകൂ. ഈശോയുടെ ഹൃദയം തുറന്നുകാണിക്കുന്നത് ഒരു ബന്ധത്തിലേക്കുള്ള ക്ഷണമാണ്. തിരുഹൃദയഭക്തി അവിടുത്തെ വ്യക്തിത്വത്തിലേക്ക്, അവിടുത്തെ സത്തയിലേക്കുള്ള നോട്ടമാണ്.

“തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ അവര്‍ നോക്കിനില്‍ക്കും” (യോഹ. 19:37). ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്റെ പ്രബോധനമദ്ധ്യേ ഇപ്രകാരം പറയുന്നു: “ക്രൂശിതന്റെ കുത്തിത്തുറക്കപ്പെട്ട ഹൃദയത്തില്‍ നമ്മള്‍ ദൈവത്തെ തന്നെയാണ് കാണുന്നത്. അവിടെ ദൈവം ആരാണെന്നും ദൈവം എങ്ങനെയാണെന്നും ദൈവം എങ്ങനെ നമ്മെ സ്‌നേഹിക്കുന്നുവെന്നും കാണുന്നു. ക്രൂശിതന്റെ ഹൃദയത്തില്‍ സ്വര്‍ഗ്ഗം നമുക്കായി തുറന്നിട്ടിരിക്കുന്നു. തുറക്കപ്പെട്ട തിരുഹൃദയം, വരൂ നമുക്ക് ബന്ധത്തിലാകാം എന്നുപറഞ്ഞ് എപ്പോഴും ക്ഷണിക്കുന്നു. ഈ ക്ഷണത്തിന് നാം കൊടുക്കുന്ന ഉത്തരമാണ് പ്രാര്‍ത്ഥന. അതെ, വരൂ എന്ന വാക്കിന് അര്‍ത്ഥം ബന്ധം – ദൈവത്തോടും മനുഷ്യരോടും എങ്ങനെ ബന്ധത്തിലാകാം എന്ന് തിരുഹൃദയത്തെ നോക്കിയിരിക്കുമ്പോള്‍ ഈശോ പറഞ്ഞുതരുന്നു.”

തിരുഹൃദയം നൽകുന്നത് ദൈവ-മനുഷ്യബന്ധത്തിനുള്ള ക്ഷണമാണ്

തിരുഹൃദയത്തോടുള്ള ഭക്തി ആദ്യകാലം മുതലേ ഉണ്ടായിരുന്നു. “പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തി. ഉടനെ അതില്‍ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ. 19:34). എന്നാല്‍ നമ്മള്‍ ഇന്ന് മനസിലാക്കുന്നതുപോലുള്ള തിരുഹൃദയഭക്തി ആരംഭിച്ചത് 1673-ലാണ്. വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് എന്ന സമര്‍പ്പിതക്ക് ഈശോ കൊടുത്ത വെളിപാടാണ് ഈ തിരുഹൃദയം. തിരുഹൃദയ ദര്‍ശനത്തില്‍ അവള്‍ കണ്ടത്, അഗ്നിസിംഹാസനത്തില്‍ കര്‍ത്താവിന്റെ ഹൃദയം. സൂര്യശോഭയോടെ ജ്വലിക്കുന്ന, കിരണങ്ങള്‍ പുറത്തേക്ക് പ്രസരിപ്പിക്കുന്ന കര്‍ത്താവിന്റെ ഹൃദയം. മുള്ളുകളാല്‍ ചുറ്റപ്പെട്ട് മുറിയപ്പെട്ട ഹൃദയം. അതിന്റെ മുകളില്‍ അവന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അടയാളമായ ശ്ലീവാ/ കുരിശ് – ഇതാണ് തിരുഹൃദയം.

പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, “നിങ്ങള്‍ ക്രിസ്തുവിനെ ധരിക്കുവിന്‍” (റോമ. 13:14). സദാ സൂര്യശോഭയോടെ സ്‌നേഹജ്വാലയില്‍ ജ്വലിക്കുന്ന ഈശോയുടെ തിരുഹൃദയഭാവങ്ങള്‍ ധരിക്കണം. ഈശോയുടെ തിരുഹൃദയപുത്രിമാരുടെ സഭാസ്ഥാപകനായ മോണ്‍. ജോസഫ് ബെനാലിയോ 1834 മെയ് 26-ന് ബെര്‍ഗമോയില്‍ നിന്ന് ഇപ്രകാരം എഴുതി: “ഈശോയുടെ തിരുഹൃദയത്തിന്റെ ചൈതന്യമാണ് നിങ്ങളുടെ സഭയുടെ ചൈതന്യം. ഈ ചൈതന്യം സ്വായത്തമാക്കാനും വളര്‍ത്താനും നിങ്ങള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണം. ഇതു തന്നെയാണ് ദൈവം നിങ്ങളില്‍ നിന്ന ആഗ്രഹിക്കുന്നത്. നിങ്ങളുടെ വിശുദ്ധീകരണം അടങ്ങിയിരിക്കുന്നത് ഈശോയെ ധരിക്കുന്നതിലും അവിടുത്തെ ഹൃദയഭാവങ്ങള്‍, വികാരവിചാരങ്ങള്‍ വലിച്ചെടുത്ത് അവ ജീവിക്കുന്നതിലൂടെയുമാണ്. ഈശോയെപ്പോലെ ചിന്തിക്കാന്‍, ഈശോയെപ്പോലെ സ്‌നേഹിക്കാന്‍, ഈശോയെപ്പോലെ സഹിക്കാന്‍, ഈശോയെപ്പോലെ എളിമയുള്ളവരും മാധുര്യമുള്ളവരും ശാന്തതയുള്ളവരും ദയയുള്ളവരും മറ്റുള്ളവരുടെ താഴ്മയിലേക്ക് ഇറങ്ങിച്ചെല്ലുന്നവരും ആയിരിക്കുവാൻ പരിശ്രമിക്കുക.”

വി. അഗസ്റ്റിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “നാം എന്തിനെ സ്‌നേഹിക്കുന്നുവോ അതായിത്തീരുന്നു. ആരെ സ്‌നേഹിക്കുന്നുവോ അത് നമ്മെ രൂപാന്തരപ്പെടുത്തും; രൂപപ്പെടുത്തും. വസ്തുവിനെ സ്‌നേഹിച്ചാന്‍ വസ്തുവായിത്തീരും. ഒന്നിനെയും സ്‌നേഹിച്ചില്ലെങ്കില്‍ ഒന്നുമല്ലാതായിത്തീരും. ക്രിസ്തുവിനെ സ്‌നേഹിച്ചാല്‍ ക്രിസ്തുവിനെപ്പോലെ ആയിത്തീരും. സ്‌നേഹത്തിന്റെ രുചിയില്ലാത്ത ആത്മാവിന് യാതൊരു മൂല്യവുമില്ല. ദൈവവുമായി പ്രണയത്തിലാകുകയാണ് ഏറ്റവും ശ്രേഷ്ഠപ്രണയവും ലഹരിയും. ഓ, എന്റെ ദൈവമേ… ഞാന്‍ വൈകിപ്പോയി. അങ്ങയെ സ്‌നേഹിക്കാന്‍. അതിപുരാതനവും എന്നും ഏറ്റവും പുതുമയേറിയതുമായ സൗന്ദര്യമേ, അങ്ങയെ സ്‌നേഹിക്കാന്‍ ഞാന്‍ വൈകിപ്പോയല്ലോ.”

ഈശോയെ ധരിച്ചാല്‍ ഈശോയെപ്പോലെ ആകാം. ഈശോയുടെ തിരുഹൃദയത്തെ പ്രത്യേകമാംവിധം ധ്യാനിക്കാന്‍, പഠിക്കാന്‍ സമര്‍പ്പിക്കപ്പെട്ട ജൂണ്‍ മാസത്തിന്റെ അവസാന ദിവസം അവിടുത്തെ തുറക്കപ്പെട്ട ഹൃദയത്തിലേക്ക് നിരന്തരമായി നമുക്കും നോക്കിനില്‍ക്കാം. നമ്മെ സ്‌നേഹിച്ചു സ്വന്തമാക്കിയ നാഥന്റെ അടുത്തിരിക്കാം. സ്‌നേഹത്താല്‍ ജ്വലിക്കുന്ന അവിടുത്തെ അഗ്നിയുടെ ചൂടേറ്റ് നമുക്കും നമ്മുടെ ഹൃദയത്തെ രൂപപ്പെടുത്താന്‍ വിട്ടുകൊടുക്കാം. തന്റെ ഇടതുകൈയ്യില്‍ നമുക്കു തരാനായി ഹൃദയം എടുത്തുപിടിച്ച് വലതുകൈ നീട്ടി നമ്മുടെ ഹൃദയത്തെ ചോദിക്കുന്ന അവിടുത്തെ കരത്തിലേക്ക് നമ്മുടെ ഹൃദയത്തെ കൊടുക്കാം. നമ്മുടെ ഉണ്മയിലേക്ക് സ്‌നേഹത്തോടെ നോക്കുന്ന ഈശോയുടെ കാഴ്ചയും കേള്‍വിയും സ്പര്‍ശനവും രുചിയും മണവും ഉള്ളവരാകാം.

സി. സ്റ്റെല്ലാ മരിയ കൊള്ളികൊളവില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.