ദാരിദ്ര്യത്തെ പുല്‍കിയ ഈശോയുടെ തിരുഹൃദയം

ദൈവമായിരുന്നിട്ടും അവിടുത്തേക്ക് എല്ലാം സാധ്യമായിരുന്നിട്ടും നമ്മെ സമ്പന്നരാക്കാന്‍ തന്നെത്തന്നെ ദരിദ്രനാക്കിയവന്‍. അന്നും ഇന്നും എന്നും മനുഷ്യമക്കളോടുള്ള സ്‌നേഹത്താല്‍ കത്തിജ്ജ്വലിക്കുന്ന ജീവന്റെ വറ്റാത്ത ഉറവിടമായ ഈശോയുടെ തിരുഹൃദയം. ആ ദിവ്യഹൃദയത്തിലെ അഗ്നി ഒരിക്കലും അണഞ്ഞുപോകുന്നതല്ല. കാരണം അതിനെ സഹായിക്കുന്ന ഇന്ധനം തന്റെ മക്കളോടുള്ള അതിരറ്റ സ്‌നേഹമാണ്. അതിനായി അവിടുന്ന് തെരഞ്ഞെടുത്ത വഴികള്‍ ദാരിദ്ര്യത്തിന്റേതായിരുന്നു. ‘അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ’ (2 കോറി 8:9).

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിള്ളക്കച്ചകള്‍ കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ മനുഷ്യനായി പിറന്നതു മുതല്‍ തുടങ്ങുന്നു ആ ദിവ്യഹൃദയം ഏറ്റെടുത്ത ദാരിദ്ര്യം. തുടര്‍ന്നുള്ള അവിടുത്തെ ജീവിതം മുഴുവനും പാവങ്ങളുടെയും പാപികളുടെയും മാറ്റിനിര്‍ത്തപ്പെട്ടവരുടെയും കൂടെ, എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു കൊണ്ടുള്ളതായിരുന്നു. കുറുനരികള്‍ക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്ക് കൂടുകളുമുണ്ട്. മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല’ (ലൂക്കാ 9:58).

അവിടുന്ന് ഉദ്ബോദിപ്പിക്കുന്ന ഈ ദിവ്യവചനം അവിടുന്ന് പുല്‍കിയ ദാരിദ്ര്യത്തിന് സാക്ഷ്യം നല്‍കുന്നു. ഭാരമേറിയ കുരിശും പേറി ചാട്ടവാറടി ഏറ്റുവാങ്ങി തളരാതെ മുമ്പോട്ടു നടന്നത് ഈ ദാരിദ്ര്യത്തിനു നടുവിലും അവിടുന്ന് നമ്മെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തിയതിനാലായിരുന്നു. ആ തിരുഹൃദയം നമുക്ക് തരാനായിരുന്നു. അവിടുത്തെ രക്തത്തുള്ളികള്‍ ഓരോ അടിയിലും ഇറ്റിറ്റു വീഴുമ്പോഴും അവസാനം കുരിശിന്റെ മാറില്‍ തറച്ചിടുമ്പോഴും പടയാളികള്‍ കുന്തം കൊണ്ട് ആ ദിവ്യഹൃദയത്തെ കുത്തിയപ്പോഴും കരുതിവച്ച അവസാന തുള്ളി രക്തം പോലും നമുക്കായി നല്‍കിയവന്‍. എന്നിട്ടും തീര്‍ന്നില്ല, അവിടുത്തെ മരണശേഷവും അന്നുവരെയും ആരെയും അടക്കിയിട്ടില്ലാത്ത കല്ലറയില്‍ സംസ്‌ക്കരിക്കേണ്ടി വന്നപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ അതിനാഥന് ആറടി മണ്ണു പോലും സ്വന്തമായില്ലാതെ ആരുടെയൊക്കെയോ ഔദാര്യത്തില്‍ സംസ്‌ക്കരിക്കപ്പെടേണ്ടി വന്നു.

മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വിവശനായി ഒരു നേരത്തെ ആഹാരത്തിനായി കൈനീട്ടുന്ന ഒരു പാവപ്പെട്ട മനുഷ്യന്‍. നമുക്കു തരാന്‍ അവന്റെ കൈയ്യില്‍ ഒന്നുമുണ്ടായെന്നു വരില്ല. അവന് പറയാനുള്ളത് അവന്റെ കഥനകഥകള്‍ മാത്രം; ഒപ്പം ഒരു നേരത്തെ ആഹാരവും. എന്നാല്‍ ഇതിലും തികച്ചും വ്യത്യസ്തമായ രീതിയില്‍ ഒരു പാവപ്പെട്ടവനെ നമുക്ക് കാണാം. അവന്‍ വിവശനെങ്കിലും അവന്റെ നോട്ടം ആരെയും മനം നൊന്ത് കരയാന്‍ പ്രേരിപ്പിക്കും. ഏശയ്യാ പ്രവാചകന്റെ പുസ്തകം 53-ാം അദ്ധ്യായം പറയുന്നതുപോലെ, ‘ശ്രദ്ധാര്‍ഹമായോ രൂപഭംഗിയോ, ഗാംഭീര്യമോ, ആകര്‍ഷകമായ സൗന്ദര്യമോ ഒന്നും അവനുണ്ടായിരുന്നില്ല.’ അത്രയേറെ തന്റെ മക്കളെ ജീവന്‍ കൊടുത്തു സ്‌നേഹിച്ചു എന്ന ഒറ്റക്കാരണത്താല്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തവന്‍. അതേ ഈശോ ഇന്നും നമ്മുടെ മുമ്പില്‍, എനിക്ക് ദാഹിക്കുന്നു എന്ന സ്നേഹത്തിന്റെ വിളി ഈ പ്രപഞ്ചത്തില്‍ ഉയരുന്നുണ്ട്.

ഈ ലോകത്തിലെ സ്ഥാനമാനങ്ങളോ, പണമോ ഒന്നും വേണ്ട. അവിടുത്തേയ്ക്ക് വേണ്ടത് ഒന്നുമാത്രം. അത് എന്താണെന്ന് ആ തിരുഹൃദയത്തിലേയ്ക്ക് നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാം. അതിനു പകരം അവന്‍ നമ്മിലേയ്ക്ക് നീട്ടുന്നത്, സ്‌നേഹിച്ചു സ്‌നേഹിച്ച് തിരുഹൃദയമായി മാറിയ അവിടുത്തെ ജീവന്‍ തുടിക്കുന്ന ഹൃദയമാണ്. ആ ഹൃദയ സ്നേഹം അനുഭവിക്കാൻ നമുക്ക് പരിശ്രമിക്കാം.

സി. ജോയിസി മേനാച്ചേരി DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.