തിരുഹൃദയം – ക്ഷമയുടെ നീര്‍ച്ചാല്‍

സകല പുണ്യങ്ങളുടെയും വറ്റാത്ത നീര്‍ച്ചാലായ ഈശോയുടെ തിരുഹൃദയം നമ്മെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പുണ്യമാണ് ക്ഷമ. ക്ഷമ എന്ന പുണ്യം മനുഷ്യാത്മാവിന്റെ അന്തരംഗത്തിലേയ്ക്ക് മഞ്ഞുപോലെ പെയ്തിറങ്ങണമെന്ന് ആഗ്രഹിച്ച നാഥന്‍ സ്വജീവിതത്തിലൂടെ മാനവരാശിക്ക് മാതൃക നല്‍കി. ക്രിസ്തുവിന്റെ ദൈവത്വത്തെ തിരിച്ചറിഞ്ഞ് അനുഭവിച്ച പത്രോസ്, എനിക്ക് ഇവനെ അറിയില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞപ്പോള്‍, അവന്റെ ജീവിതത്തെ അനുതാപത്തിലേയ്ക്ക് നയിക്കുവാന്‍ അവിടുത്തെ ഒരു നോട്ടം മാത്രം മതിയായിരുന്നു.

ക്ഷമയുടെ മാധുര്യം ഓരോ ക്രിസ്തു ശിഷ്യന്റെയും ജീവിതവിശുദ്ധിക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കിയ നാഥന്‍ തന്റെ അരുമശിഷ്യരോട് അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ്: “നിങ്ങള്‍ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കുവിന്‍. സഹോദരന്‍ തെറ്റ് ചെയ്താല്‍ അവനെ ശാസിക്കുകയും പശ്ചാത്താപത്തോടെ തിരിച്ചുവന്നാല്‍ അവനോട് ക്ഷമിക്കുകയും ചെയ്യണം. ദിവസത്തില്‍ ഏഴു പ്രാവശ്യം നിനക്കെതിരെ പാപം ചെയ്തിട്ട് പശ്ചാത്താപവിവശനായി കടന്നുവന്നാലും നീ അവനോട് ക്ഷമിക്കണം.”

മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞവനോട് മറുചോദ്യവുമായി ക്രിസ്തുവും കടന്നുചെല്ലുന്നു. “നീ എന്നെ സ്‌നേഹിക്കുന്നുവോ?” ക്രിസ്തുസ്‌നേഹം ക്ഷമയായി, കാരുണ്യമായി പത്രോസിന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തില്‍ വച്ചു തന്നെ രക്തസാക്ഷിത്വമകുടം ചൂടുവാന്‍ അവിടുന്ന് അവസരം നല്‍കുന്നു. വീണവരെ താങ്ങുന്ന ഹൃദയം എപ്പോഴും ക്ഷമിക്കുന്ന ഹൃദയമാണ്. തന്റെ ചൂടും വാത്സല്യവും ഏറ്റുവളര്‍ന്ന യൂദാസ് 30 വെള്ളിത്തുട്ടുകള്‍ക്കു വേണ്ടി തന്നെ ഒറ്റിക്കൊടുക്കുവാന്‍ ചുംബനം നല്‍കിയപ്പോഴും ക്ഷമിക്കുന്ന കരുണ നിറഞ്ഞ സ്‌നേഹത്തോടെ അവിടുന്ന് അവനെ വിളിച്ചു ‘സ്‌നേഹിതാ’ എന്ന്.

സ്വര്‍ഗ്ഗീയപിതാവിന്റെ പരിപൂര്‍ണ്ണതയിലേക്ക് വളരണമെന്ന് ആഗ്രഹിക്കുന്നവര്‍ ക്ഷമയുടെ പാഠപുസ്തകങ്ങളായി മാറണമെന്ന് അവിടുന്ന് പഠിപ്പിച്ചു. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ എന്ന് പ്രാര്‍ത്ഥിപ്പിച്ചു. ലോകത്തിന്റെ വിധിക്കു മുമ്പില്‍ സ്‌നേഹപിതാവിന്റെ തിരുവിഷ്ടം നിറവേറ്റാനായി ന്യായാധിപസംഘത്തിന്റെ മുമ്പില്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോഴും മുള്‍മുടി അണിയിക്കപ്പെട്ടപ്പോഴും അവിടന്ന് നിശബ്ദനായിരുന്നു. ഇരുകരണത്ത് അടിച്ചവരോടും ദാഹജലത്തിനു പകരം വിനാഗിരി കൊടുത്തവരോടും അവിടുന്ന് ക്ഷമിച്ചു. ശാന്തമായി അവിടുന്ന് പിതാവിങ്കലേയ്ക്കു നോക്കി. “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.”

അതേ ഈശോയുടെ സ്വഭാവമുള്ളവര്‍ക്കാണ് നിരുപാധികം ക്ഷമിക്കാന്‍ കഴിയുക. ക്ഷമ എന്ന ദിവ്യ ഔഷധം അനുദിന ജീവിതത്തില്‍ അഭ്യസിച്ചുകൊണ്ട് തിരുഹൃദയത്തോട് ചേര്‍ന്നുനിന്ന് ജീവിതത്തെ സ്വര്‍ഗ്ഗീയസന്നിധിയിലേയ്ക്ക് ഉയര്‍ത്തുവാന്‍ ഈശോയുടെ ക്ഷമാശീലം നമുക്കും പ്രചോദനമേകട്ടെ.

സി. അല്‍ഫോന്‍സ പുത്തൻപുരയ്ക്കൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.