നമ്മുടെ സ്‌നേഹം മുഴുവനും ഈശോയുടെ ദിവ്യഹൃദയത്തില്‍ നിക്ഷേപിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

കൂടുതല്‍ ക്ഷമയാര്‍ന്നതും ഉപരിയുദാരവും കൂടുതല്‍ കരുണാര്‍ദ്രവുമായ ഒരു ഹൃദയം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പ്പാപ്പാ. ജൂണ്‍ മാസം തിരുഹൃദയത്തിന് പ്രതിഷ്ഠിതമായിരിക്കുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

ക്രിസ്തുവിന്റെ ഹൃദയത്തിന് സവിശേഷമാംവിധം പ്രതിഷ്ഠിതമായിരിക്കുന്ന ജൂണ്‍ മാസത്തില്‍ നമുക്ക് ലളിതമായ ഒരു പ്രാര്‍ത്ഥന ആവര്‍ത്തിച്ചുരുവിടാം: “യേശുവേ, എന്റെ ഹൃദയത്തെ നിന്റെ ഹൃദയത്തോട് അനുരൂപമാക്കണമേ.” ഇപ്രകാരം നമ്മുടെ ഹൃദയങ്ങള്‍ സാവധാനം, എന്നാല്‍ നിശ്ചയമായും കൂടുതല്‍ ക്ഷമയുള്ളതും ഉപരിയുദാരവും കൂടുതല്‍ കരുണയുള്ളതുമായിത്തീരും – പാപ്പാ പറഞ്ഞു.

ഈശോമിശിഹാ തന്റെ തിരുഹൃദയഭക്തന്മാര്‍ക്ക് അനേക നന്മകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈശോയെ കൂടാതെ നമുക്ക് ഒന്നും തന്നെ ചെയ്യുവാന്‍ സാദ്ധ്യമല്ല എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതുകൊണ്ട് അവിടുത്തെ അനുഗ്രഹങ്ങള്‍ നമുക്ക് അത്യന്തം ആവശ്യമാണ്. തിരുഹൃദയനാഥന്റെ അനുഗ്രഹങ്ങള്‍ കൂടാതെയുള്ള ക്രൈസ്തവജീവിതത്തെപ്പറ്റി നമുക്കു ചിന്തിക്കുക കൂടി സാദ്ധ്യമല്ല. അതിനാല്‍ നമ്മുടെ സ്‌നേഹം മുഴുവനും ഇന്നു മുതല്‍ ഈശോയുടെ ദിവ്യഹൃദയത്തില്‍ നിക്ഷേപിക്കാം – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.