ദിവ്യസ്നേഹാഗ്നി: അപരര്‍ക്ക് ഹൃദയത്തില്‍ ഇടം നല്‍കാം

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ദൈവസ്നേഹം എത്ര വലുതാണെന്ന് കാണിക്കുന്നു. അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന്‌ വേണ്ടി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഈശോ തന്നെത്തന്നെ നമ്മുടെയും ലോകം മുഴുവന്റെയും രക്ഷയ്ക്കായി സമര്‍പ്പിച്ചു.

ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ മോണ്‍സിഞ്ഞോര്‍ ബെനാലിയോ പറയുന്നു. “അവന്റെ മനോഭാവങ്ങള്‍ സ്വീകരിച്ച്, അവനില്‍ നിന്നും പഠിച്ച് ഹൃദയം സ്നേഹത്താല്‍ വിശാലമാക്കുക.” ദൈവം സ്നേഹമാണെങ്കില്‍ ആ സ്നേഹം തന്നെയാണ് വിശുദ്ധി. പൗലോസ് ശ്ലീഹാ തെസലോനിക്കക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ ഇപ്രകാരം പറയുന്നുണ്ട്. “ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹംപോലെ നിങ്ങള്‍ക്ക് തമ്മില്‍ തമ്മിലും മറ്റെല്ലാവരോടുമുള്ള സ്നേഹം വളര്‍ന്ന് സമൃദ്ധമാകുവാന്‍ ഇടയാകട്ടെ.”
ആദിമസഭയില്‍ ഈശോയുടെ ഈ മനോഭാവം രൂപപ്പെട്ടതുകൊണ്ടായിരിക്കാം ഒരു മനസും ഒരാത്മാവുമായി അവര്‍ ജീവിച്ചത്. കൂടെ ജീവിക്കുന്നവര്‍ക്കും ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കും ഗുരുഭൂതര്‍ക്കും ഹൃദയത്തില്‍ ഇടം കൊടുക്കാത്തവര്‍ ഉണ്ടാകാം. ഹൃദയത്തില്‍ അപരന് ഇടം കൊടുക്കാതിരുന്നവര്‍ ആണ് ഈശോയ്ക്ക് പിറക്കാന്‍ ഇടം നല്കാതിരുന്നവര്‍.

ഈശോയുടെ ആ മാംസളമായ ഹൃദയം എല്ലാവരെയും അവരുടെ ബലഹീനതകളോടും തെറ്റുകളോടും കൂടെ ഉള്‍ക്കൊള്ളാന്‍ തക്കവിധം വിശാലമാണ്. തന്റെ ഹൃദയത്തില്‍ നമുക്ക് ഇടം നല്‍കിയ അവിടുത്തോട് നന്ദിയോടെ ആ വിശാലമായ ഹൃദയത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.