രക്ഷയോടൊപ്പം സൗഖ്യം ഫ്രീ

തിരുഹൃദയസ്പന്ദനങ്ങള്‍ 16

Buy three Get one free, TV വാങ്ങിയാല്‍ സ്റ്റെബിലൈസര്‍ ഫ്രീ, ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി ഫ്രീ മുതലായ പരസ്യവാചകങ്ങളില്‍ കുടുങ്ങി ഷോപ്പിംഗ്‌ നടത്താത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. ചിലപ്പോഴെല്ലാം ഈ സൗജന്യം കിട്ടുന്ന സാധനങ്ങളില്‍ കണ്ണുകള്‍ ഉടക്കി, വാങ്ങുന്ന വസ്തുവിന്‍റെ ഗുണത്തിലും മേന്മയിലും നമ്മള്‍ വിട്ടുവീഴ്ച നടത്തുകയും അങ്ങനെ വഞ്ചിതരാവുകയും ചെയ്യാറുണ്ട്.

ക്രിസ്തു നമുക്ക് നല്‍കുന്ന ഏറ്റവും വലിയ കൃപ നിത്യരക്ഷയാണ്. പക്ഷെ പലപ്പോഴും നിത്യരക്ഷയെക്കാളും നമ്മള്‍ ആകൃഷ്ടരാകുന്നത് ചില നൈമിഷികമായ അനുഗ്രഹങ്ങളിലാണ്. രോഗശാന്തി, ജോലി, സാമ്പത്തികലാഭം, സ്ഥലവില്പന, വിവാഹക്കാര്യം ഇവയൊക്കെയാണ് നമുക്ക് ദൈവത്തിന്‍റെ മുന്‍പില്‍ അവതരിപ്പിക്കാനുള്ളത്. അതല്ലാതെ നിത്യരക്ഷക്കുവേണ്ടി നാം എത്രമാത്രം തീക്ഷണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ട്? നമ്മള്‍ പലപ്പോഴും ഫ്രീ കിട്ടുന്ന സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നവരെപ്പോലെയാണ്, ഏറ്റവും ആവശ്യമായത് നമ്മള്‍ എടുക്കാന്‍ മറന്നുപോകുന്നു.

പത്ത് കുഷ്ഠരോഗികളുടെ അത്ഭുതം ഇവിടെ പ്രസ്താവ്യമാണ് (ലൂക്കാ 17:11-19). അസുഖത്തില്‍ നിന്നും മോചിതരായ അവരില്‍ ഒരാള്‍ മാത്രം തിരിച്ചു വന്നു കര്‍ത്താവിനോട് സാഷ്ടാംഗം പ്രണമിച്ചു നന്ദി പറയുന്നു. കര്‍ത്താവ് അവനോട് പറയുന്നത് “എഴുന്നേറ്റ് പോയ്‌കൊള്ളുക, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നാണ്. ബാക്കി ഒന്‍പതുപേരും സൗഖ്യം പ്രാപിച്ചപ്പോള്‍ പത്താമന്‍ നേടിയത് അതിലും വലുതായ നിത്യ രക്ഷയാണ്. ബാക്കി ഒന്‍പതുപേരും നിത്യരക്ഷ നഷ്ടപ്പെടുത്തുകയായിരുന്നു.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ നാം എന്തിന് വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്? രക്ഷ എന്നത് എനിക്ക് എത്ര മാത്രം ഗൗരവമുള്ള വിഷയമായിരുന്നു? നൈമിഷികമായ കാര്യങ്ങള്‍ക്കല്ലാതെ ‘നിത്യ’മായവക്കുവേണ്ടി ഞാന്‍ ദൈവത്തെ സമീപിക്കാറുണ്ടോ? നമുക്ക് വിചിന്തനം നടത്താം.

തിരുവചനം: ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. (മത്തായി 5:8)

സുകൃതജപം: കുരിശുമരണം വരെയും അനുസരിച്ച ഈശോയുടെ ദിവ്യഹൃദയമേ, എന്‍റെ മേല്‍ കൃപയായിരിക്കണമേ.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.