ജീവന്‍ നഷ്ടപ്പെടുന്നവള്‍

തിരുഹൃദയസ്പന്ദനങ്ങള്‍ 15

മര്‍ക്കോസിന്‍റെ സുവിശേഷം 5-ആം അദ്ധ്യായം 25 മുതലുള്ള വാക്യങ്ങളില്‍ രക്തസ്രാവമുള്ള സ്ത്രീയെ കര്‍ത്താവ് സുഖപ്പെടുത്തുന്ന ഭാഗമുണ്ട്. രക്തം ജീവന്‍റെ പ്രതീകം ആണ്. രക്തം നഷടപ്പെടുക എന്ന് പറഞ്ഞാല്‍ ജീവന്‍ നഷ്ടപ്പെടുക എന്നാണു അര്‍ത്ഥം. മറ്റുള്ളവരുടെ മുന്‍പില്‍, പ്രത്യേകിച്ചു അന്നത്തെ സമൂഹ വ്യവസ്ഥിതിയില്‍ തുറന്നു പറയാന്‍ പോലും ആകാത്ത അസുഖം. അതുകൊണ്ട് തന്നെ യേശുവിനോട് സംസാരിക്കാന്‍ പോലും അവള്‍ ആഗ്രഹിക്കുന്നില്ല. അവള്‍ ആഗ്രഹിക്കുന്നത് ഒന്നു മാത്രം. ഒന്നു സ്പര്‍ശിക്കണം. അവനെ തൊടാന്‍ ആയില്ലെങ്കിലും ആ വസ്ത്രത്തിലെങ്കിലും ഒന്നു തൊടണം. അത് മതി താന്‍ സൗഖ്യം നേടാന്‍. അവള്‍ ഉറച്ചു വിശ്വസിച്ചു. ആ തിരക്കിനിടയിലും ആ അസുഖാവസ്ഥയിലും അവള്‍ അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ തൊടാനായി മത്സരിച്ചു. അവസാനം അവള്‍ക്കതിനു സാധിച്ചു. അവള്‍ക്കു നഷ്ടപ്പെട്ടിരുന്ന ജീവന്‍, മരണത്തിലേക്ക് നടന്നിരുന്ന അവള്‍ക്ക് തിരിച്ചു കിട്ടുകയാണ്.

എന്‍റെ ജീവനും നഷ്ടപ്പെടുന്നുണ്ട്. ഓരോ നിമിഷം ഞാന്‍ പാപത്തില്‍ വീഴുമ്പോഴും ഞാന്‍ ജീവന്‍ നഷ്ടപ്പെടുത്തുകയാണ്. രക്തസ്ത്രാവക്കാരിക്ക് അവളുടെ രോഗാവസ്ഥ അറിയാമായിരുന്നു. താന്‍ മരണത്തിന്‍റെ പാതയിലാണെന്ന് അവള്‍ അറിഞ്ഞിരുന്നു. ഒരു മാറ്റം വേണമെന്നും അത് തരാന്‍ കര്‍ത്താവിനു കഴിയുമെന്നും അവള്‍ വിശ്വസിച്ചു. അതവള്‍ക്ക് അനുഗ്രഹകാരണമായി. പക്ഷേ എന്‍റെ നിത്യജീവന്‍ എനിക്ക് നഷ്ടമാകുന്നുണ്ടെന്നു ഞാന്‍ അറിയുന്നില്ല. നിത്യ ജീവനായ കര്‍ത്താവില്‍ നിന്ന് ഞാന്‍ കാതങ്ങള്‍ അകലെയാണെന്നും അവന്‍റെ സ്പര്‍ശനത്തിന് മാത്രമേ എനിക്ക് സൗഖ്യം തരാന്‍ കഴിയൂ എന്നും ഞാന്‍ അറിയുന്നില്ല. നമുക്ക് കര്‍ത്താവിങ്കലേക്ക് തിരിയാം. അവിടുത്തെ സ്പര്‍ശിക്കാനുള്ള യോഗ്യതയില്ലെങ്കിലും വസ്ത്രത്തിന്‍റെ വിളുംബിലെങ്കിലും സ്പര്‍ശിക്കാനും അത് വഴി നിത്യജീവനിലേക്ക് തിരിച്ചു നടക്കാനും നമുക്ക് പരിശ്രമിക്കാം. പ്രാര്‍ത്ഥനകള്‍.

തിരുവചനം: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട്‌ ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്‌താല്‍ അവന്‌ അതു സാധിച്ചുകിട്ടും (മര്‍ക്കോസ്‌ 11 : 23)

സുകൃതജപം: ഈശോയുടെ ദിവ്യഹൃദയമേ, എല്ലാവരും നിന്നെ അറിഞ്ഞു സ്നേഹിക്കുന്നതിനു അനുഗ്രഹം തരണമേ.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.