സ്‌നേഹം തുടിക്കുന്ന തിരുഹൃദയം

ഈശോയുടെ തിരുഹൃദയം ഈശോയുടെ വ്യക്തിത്വത്തിന്റെ ആകെത്തുകയാണ്. ഈശോയെ അനുഗമിക്കുന്നവന് നോക്കിപ്പഠിക്കാന്‍ ഒരു ഹൃദയമുണ്ട്; കേട്ടുശീലിക്കാന്‍ ആ നെഞ്ചിടിപ്പും. സ്‌നേഹത്തിന്റെ കനല്‍ കത്തുന്ന ആ ഹൃദയം നമുക്കായി തുറന്നിട്ടിരിക്കുകയാണ്.

യേശു പറഞ്ഞു: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പിതാവ് ചെയ്യുന്നതെല്ലാം പുത്രനും അപ്രകാരം ചെയ്യുന്നു” (യോഹ. 5:19).  ഈ തിരുവചനം ക്രിസ്തുവിന് പിതാവായ ദൈവത്തോടുള്ള അഭേദ്യമായ ബന്ധത്തെ കാണിക്കുന്നു. മനുഷ്യകുലത്തെക്കുറിച്ചുള്ള സൃഷ്ടാവിന്റെ സ്വപ്നം ഏറ്റുവാങ്ങി സ്‌നേഹത്തിന്റെ അഗ്നി ഹൃദയത്തില്‍ നിറച്ച് ആ സ്വപ്നം മനുഷ്യഹൃദയങ്ങളില്‍ വിതയ്ക്കുവാന്‍ മന്നിലിറങ്ങിയവനാണ് ക്രിസ്തു. കാലിത്തൊഴുത്തു മുതല്‍ കാല്‍വരി വരെയുള്ള പ്രയാണം പൂര്‍ത്തിയാക്കാന്‍ അവന്‍ തിരഞ്ഞെടുത്തത് അനുസരണത്തിന്റെ പാതയായിരുന്നു. പിതാവിന്റെ ഹിതം തിരിച്ചറിയാന്‍ കഴിയുംവിധം തന്റെ ഹൃദയം ഒരുക്കിവച്ചു ക്രിസ്തു. പിതാവിന്റെ ഇഷ്ടമാകുന്ന നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള വഴികൾ ക്രിസ്തു തെരഞ്ഞെടുത്തു. പാപം വൈകൃതമാക്കിയ ജീവിതങ്ങളെ ദര്‍ശനത്താലും സ്പര്‍ശനത്താലും ദിവ്യവചസ്സുകളാലും സൗഖ്യമേകി ദൈവികഛായ തിരിച്ചുകൊടുത്തു അവിടുന്ന്.

മാംസബന്ധങ്ങളേക്കാള്‍ ശക്തമായ ഒരു ബന്ധത്തിന്റെ തിരിച്ചറിവ് ബാലനായ ഈശോയിൽ ഉണരുന്നു. പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകാനുള്ള തീക്ഷ്ണത, അത് അവന്റെ മാതാപിതാക്കള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു. ശേഷം അവന്‍ അവര്‍ക്ക് വിധേയനായി ജീവിക്കുന്നു. ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലുള്ള ജീവിതം. ഇവിടെ അനുസരണത്തിന്റെ ഇരുതലങ്ങളും ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നസ്രത്തിലെ ജീവിതം ക്രിസ്തുവിനെ രൂപപ്പെടുത്തി, പാകപ്പെടുത്തി. അനേകഹൃദയങ്ങള്‍ ആരാധിക്കുന്ന ദിവ്യഹൃദയം വളര്‍ന്നുവന്ന ഇടം. ‘ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി’ എന്നുപറഞ്ഞ് ദൈവഹിതം ഏറ്റുവാങ്ങിയ അമ്മയുടെ പരിശീലനം ക്രിസ്തുവിനെ തന്റെ ലക്ഷ്യത്തിലേയ്ക്ക് വളര്‍ത്തി.

സ്വാര്‍ത്ഥതയില്‍ നിന്നും ദൈവസ്വരം വിവേചിച്ചറിയാന്‍ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും ദൈവഹിതം തിരിച്ചറിയാന്‍ ക്രിസ്തുവിന്റെ മനോഭാവം നമുക്ക് ഉള്‍ക്കരുത്ത് പകരുന്നു. ഏകാന്തത, രോഗം, തകര്‍ച്ചകള്‍, വേദന എന്തിന് വിശ്വാസഭ്രംശനത്തില്‍ പോലും ദൈവിക ഇടപെടല്‍ തിരിച്ചറിഞ്ഞ് അനുസരണത്തിന്റെ ചാലു കീറി ദൈവപിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.

വിതക്കാരനായി സ്വയം അവതരിച്ച ക്രിസ്തുവിനെപ്പോലെ പിതാവിന്റെ സ്വപ്നം വിതയ്ക്കാനും വളര്‍ത്താനും ഫലം കൊയ്യാനും നമുക്കാകട്ടെ. കുരിശുമരണത്തോളം അനുസരിച്ച ക്രിസ്തുവിന്റെ അനുസരണത്തിന് ഇന്നലെകളോ, നാളെകളോ ഇല്ല. അത് ചരിക്കുന്നത് നിരന്തര വര്‍ത്തമാനകാലത്തിലാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ലോകമെങ്ങും അര്‍പ്പിക്കുന്ന ബലികളില്‍ അവിടുന്ന് ജീവിക്കുന്നു. അനുഗമിക്കുന്നവന് അന്ത്യം വരെയും ചേര്‍ന്നുനടക്കേണ്ട വഴിത്താരയാണ് അനുസരണം.

സി. ജാൻസി വടക്കേക്കുറ്റ് DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.