ദിവ്യസ്നേഹാഗ്നി: സ്നേഹത്തിന്റെ ഇരിപ്പിടം  

സങ്കീര്‍ത്തനം പോലെ എസക്കിയേലും പ്രവചിക്കുന്നു. ഒരു പുതിയ ഹൃദയം നിങ്ങള്‍ക്ക് ഞാന്‍ നല്‍കും. ഒരു പുതിയ ചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തില്‍ നിന്നും ശിലാഹൃദയം എടുത്ത് മാറ്റി മാംസള ഹൃദയം നല്‍കും. തിരുഹൃദയം പലര്‍ക്കും പലതിന്റെയും ഓര്‍മ്മപ്പെടുത്തല്‍ ആണ്. കുരിശാകുന്ന മരക്കൊമ്പില്‍ കെട്ടിവയ്ക്കപ്പെട്ട ഒരു ഹൃദയം.

എത്തേണ്ടിടത്ത് എത്തുവാന്‍ എത്രയും ബാക്കിയുണ്ടെന്ന് സന്ദേഹിക്കുന്നവന് തിരുഹൃദയം ദീപസ്തംഭം ആണ്. ഗോപുര മുകളിലെ ഘടികാരം പോലെ ഏവര്‍ക്കും കാണാവുന്ന തരത്തില്‍ കാല്‍വരി കുന്നിലെ മരക്കുരിശില്‍ തിരുഹൃദയം ഇന്നും മിടിച്ചുകൊണ്ടിരിക്കുന്നു. സ്നേഹത്തിന്റെ ഇരിപ്പിടം. സ്നേഹിച്ച് മരിച്ചവന്റെ മറക്കാനാവാത്ത ഓര്‍മ്മ. സ്നേഹിച്ച് ലോകത്തെ പരാജയപ്പെടുത്തിയവന്റെ സ്പന്ദനം. ഇതാണ് തുടിക്കുന്ന തിരുഹൃദയത്തിന്റെ ലാവണ്യമായ ഓര്‍മ്മപ്പെടുത്തല്‍ ഈ ഭൂവിന് നല്‍കുന്നത്.

ചിന്തകളെയും വികാരങ്ങളെയും വാക്കുകളെയും വിമുലീകരിക്കുന്നവനായി ഈ ഭൂമിയുടെ മാറില്‍ അവന്‍ പ്രത്യക്ഷനായി. ഒപ്പം ഹൃദയത്തില്‍ സ്നേഹത്തിന്റെ ചാലുകള്‍ കീറിക്കൊണ്ട്, മണ്ണിനോടും വിണ്ണിനോടും സ്നേഹത്തിന്റെ കഥകള്‍ പറഞ്ഞുകൊണ്ട് ഈ ഭൂമിയില്‍ പാദം ഇടറാതെ അവന്‍ സഞ്ചരിച്ചു. അവിടുന്ന് നടന്ന വഴിയേ സ്നേഹത്തിന്റെ പൊന്‍കിരണങ്ങള്‍ ആയി ആര്‍ദ്രതയുടെ അലയാഴിയായി മാധുര്യമുള്ള മൊഴികളായി, നയനങ്ങളില്‍ കിനിഞ്ഞിറങ്ങുന്ന അലിവായി, സ്നേഹത്തിന്റെ ഹൃദയത്തില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുവാനുള്ള കരുത്ത് ആര്‍ജ്ജിച്ചെടുക്കുവാന്‍ തിരുഹൃദയമേ, അനുവദിക്കണമേ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.