അനുഗ്രഹത്തിന്റെ വരമാരി പെയ്തിറങ്ങുന്ന തിരുഹൃദയ വിചിന്തനം – ഒന്നാം ദിവസം    

ആകാശ വിതാനത്തില്‍ വര്‍ണ്ണപകിട്ടോടെ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ഉദയ സൂര്യനെപ്പോലെ മനുഷ്യ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ ഒളിമങ്ങാത്ത പ്രകാശ കിരണങ്ങള്‍ ഏകി, സ്നേഹാഗ്നി ചൂളയായി മാറിയ ആ കുത്തിതുറക്കപ്പെട്ട ഹൃദയത്തിന്റെ വിരിമാറിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ വീണ്ടും ഇതാ ഒരു സുവര്‍ണാവസരം. ജൂണ്‍ മാസം. തിരുഹൃദയ മാസം.

തിരുഹൃദയ സ്നേഹത്തിന്റെ അലയടികള്‍ക്ക് കാതോര്‍ത്ത് തിരുഹൃദയ ഭക്തിയില്‍ ഒരു പടികൂടി ആഴത്തില്‍ വളരാന്‍, ആ ഹൃദയ സ്നേഹത്തിന്റെ കൈവഴികളായി ചുറ്റുമുള്ളവരിലേക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തിരുസഭാ മാതാവ് വീണ്ടും നമ്മെ ക്ഷണിക്കുന്ന പുണ്യമാസം.

തിരുഹൃദയം. അത് സ്നേഹത്തിന്റെ കലവറയാണ്. സ്വാന്തനത്തിന്റെ തണലാണ്‌. ആരേയും മാറ്റിനിര്‍ത്താത്ത ആ ഹൃദയത്തില്‍ ഏവര്‍ക്കും സ്ഥാനമുണ്ട്. വചനത്തിലൂടെ അവിടുന്ന് സ്വയം തന്നെത്തന്നെ വെളിപ്പെടുത്തുന്നു. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ പക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.

പ്രിയ സഹോദരാ, സഹോദരി, ലോകം മുഴുവന്‍ ഒരു വലിയ മാറാരോഗത്തിന്റെ മുള്‍മുനയിലൂടെ കടന്നുപോയി കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് വേറൊന്നുമല്ല. കോവിഡ് 19. തൊഴിലില്ലായ്മയും പട്ടിണിയും സാമ്പത്തിക മാന്ദ്യവും രോഗത്തിന്റെ പരാധീനതകളും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളുമൊക്കെ മനുഷ്യമനസിനെ വരിഞ്ഞുമുറുക്കുന്ന ഈ പശ്ചാത്തലത്തില്‍ തണലേകുന്ന, സ്വാന്തനമേകുന്ന സൗഖ്യമേകുന്ന ആ വലിയ ഹൃദയത്തിന്റെ തണലില്‍ നമുക്കും അഭയം തേടാം.

ഈ ലോകത്തിന്റെ ഭൗമിക സുഖങ്ങളും ജഡിക സന്തോഷങ്ങളും പ്രൌഡിയും പ്രശസ്തിയും പ്രതാപവുമൊക്കെ വെറും നശ്വരമാണെന്നുള്ള ആ വലിയ തിരിച്ചറിവ് നമുക്കും സ്വന്തമാക്കാം. ഈ തിരുഹൃദയ മാസത്തില്‍ നമ്മുടെ ഹൃദയങ്ങളെ അല്പംകൂടി ഒന്ന് വിശാലമാക്കാം. ലോകം മുഴുവനെയും ആ കുത്തിതുറക്കപ്പെട്ട ഹൃദയത്തിലേക്ക് വിട്ടുകൊടുക്കാം. ലോകത്തിന്റെ മേല്‍ കരുണയായിരിക്കണമേ എന്ന് നമുക്ക് കേണപേക്ഷിക്കാം.

ഓ തിരുഹൃദയമേ, അലിവുള്ള ഹൃദയമേ…എന്നിലും എന്റെ മുന്‍പിലും പിന്‍പിലും ചുറ്റുമുള്ളവരിലുമുള്ള ഹൃദയം നിന്റെ ഹൃദയം പോലെ വിശാലമാക്കി തീര്‍ക്കണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.