ഭവനത്തില്‍ സമാധാനവും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചിത്രം

അനുഗ്രഹം നല്‍കാനെന്നവണ്ണം വലതുകരം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ലോകത്തെ മുഴുവന്‍ ദര്‍ശിക്കാനെന്നവണ്ണം അവിടുത്തെ തിരുഹൃദയം പുറത്ത് കാണായിരിക്കുന്നു. ഇതാണ് ഈശോയുടെ തിരുഹൃദയ ചിത്രത്തിന്റെ പ്രത്യേകത.

വീട് ഒരു കുടുംബമാണെന്നും ആ കുടുംബത്തെ മുഴുവന്‍ ഈശോ സദാ നോക്കി പരിപാലിച്ചു കൊണ്ടിരിക്കുകയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുകയും അതുവഴിയായി നമ്മില്‍ പരിപൂര്‍ണ്ണ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ദൈവം കൂടെയുണ്ടെന്ന ഉറപ്പ് ആ ചിത്രത്തിലെ തിരുഹൃദയത്തിലേയ്ക്ക് ഒരു തവണ നോക്കിയാല്‍ പോലും കിട്ടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.

തിരുഹൃദയം ഈശോയ്ക്ക് – ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തെയാണ് സൂചിപ്പിക്കുന്നത്. അവിടുന്ന് നമുക്കുവേണ്ടി കുരിശില്‍ മരിച്ചതിനെയും ഇക്കാരണത്താല്‍ നാം അവിടുത്തേയ്ക്കു വേണ്ടി ജീവിക്കാന്‍ ബാധ്യസ്ഥരാണെന്ന ബോധ്യവുമാണ് നല്‍കുന്നത്.

ഇത്തരത്തിലുള്ള ഈശോയുടെ ഒരു തിരുഹൃദയ ചിത്രം വീട്ടിലുണ്ടെങ്കില്‍ അത് നല്‍കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ഒരപ്പന്‍ മക്കളെ കാത്തുപരിപാലിക്കുന്ന അതേ രീതിയില്‍ നമ്മെ കാണാനും നമ്മെ കേള്‍ക്കാനുമൊക്കെ ഒരാളുണ്ടെന്ന തോന്നലാണ് അത് ജനിപ്പിക്കുന്നത്. ദൈവവുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാനും ഇത്തരം ചിത്രങ്ങള്‍ സഹായിക്കും.

ഉദാഹരണത്തിന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആ ചിത്രത്തിന്റെ അടുത്തേയ്ക്ക് ചെന്ന്, അതിലേയ്ക്ക് നോക്കി എന്തെങ്കിലുമൊക്കെ മനസില്‍ പറഞ്ഞ് കുറഞ്ഞതൊരു ഗുഡ്‌മോണിംഗ് എങ്കിലും പറഞ്ഞ്, ആംഗ്യത്തിലൂടെ ഒരു ചുംബനമൊക്കെ കൊടുത്ത്, എല്ലാറ്റിലും കൂടെയുണ്ടാകണേ എന്നൊക്കെ പറഞ്ഞാല്‍ തന്നെ ഒന്നാലോചിച്ച് നോക്കൂ ആ ദിവസം നാം ചെയ്യുന്ന ഓരോ കാര്യങ്ങളിലും ദൈവം നമ്മെ കൂടെ നടന്ന് നയിക്കുകയും സഹായിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടും. ദീര്‍ഘമായ പ്രാര്‍ത്ഥനയോ ഉപവാസമോ മാത്രമല്ല, ആഗ്രഹത്തോടെയുള്ള ഒരു നോട്ടം പോലും മതി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്നതാണ് നാം മനസിലാക്കേണ്ടത്.