തിരുഹൃദയത്തോട് ചേര്‍ന്ന്

തിരുഹൃദയപ്പൂക്കള്‍ 1

ഫിലിസ്ത്യരുടെ കാലത്ത് 20 വര്‍ഷം  ഇസ്രായേല്‍ക്കാരുടെ ന്യായാധിപനായിരുന്ന സാംസണ്‍ ദലീലയെന്ന സ്ത്രീയെ പ്രണയിക്കുന്നു. അവന്‍റെ കരുത്തിന്‍റെ രഹസ്യം തേടി ഫിലിസ്ത്യര്‍ ദലീലയെ സമീപിക്കുന്നു. അവരില്‍ നിന്ന് പണം വാങ്ങി അവന്‍റെ കരുത്തിന്‍റെ രഹസ്യം ചോര്‍ത്തിക്കൊടുക്കാന്‍ അവള്‍ ഒരുങ്ങുകയാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും സാംസണ്‍ തന്‍റെ കരുത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നില്ല. “നിന്‍െറ ഹൃദയം എന്നോടു കൂടെയല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന്‌ നിനക്ക്‌ എങ്ങനെ പറയാന്‍ കഴിയും?” (ന്യായാധിപന്‍മാര്‍ 16 : 15) എന്ന ദലീലയുടെ ചോദ്യത്തിനു മുന്‍പില്‍ സാംസണ്‍ രഹസ്യം വെളിപ്പെടുത്തുന്നു. ദലീല ഒറ്റിക്കൊടുത്തതനുസരിച്ച് ഫിലിസ്ത്യര്‍ എത്തി സാംസണെ ബന്ധിച്ചുകൊണ്ട് പോകുന്നു.

വിളിച്ചവനും അയച്ചവനുമായ യഹോവയില്‍ ആയിരുന്നില്ല സാംസണ്‍ ഹൃദയം സമര്‍പ്പിച്ചത്. പിന്നെയോ ഒരു വിജാതീയ സ്ത്രീയിലായിരുന്നു. അവന്റെ നാശത്തിനു കാരണം ദലീലയല്ലേ എന്ന് തോന്നിപ്പോകാം. എങ്ങനെയാണ് ജീവിക്കേണ്ടതെന്നു സാംസണ് അറിയാമായിരുന്നു. എങ്കിലും പലപ്പോഴും അവൻ ദൈവഹിതപ്രകാരം അല്ല വർത്തിച്ചത്. ഹൃദയം അര്‍പ്പിക്കപ്പെടേണ്ടത് ദൈവത്തിലാണ് എന്നറിഞ്ഞിട്ടും അവൻ ഹൃദയം നൽകിയത് ദലീലക്ക് ആയിരുന്നു. ഇന്ന് ദൈവം നമ്മോട് ചോദിക്കുന്നു, “ നിന്‍െറ ഹൃദയം എന്നോടു കൂടെയല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന്‌ നിനക്ക്‌ എങ്ങനെ പറയാന്‍ കഴിയും?”

ഹൃദയം കര്‍ത്താവിലേക്ക് തിരിക്കാം… പ്രാര്‍ത്ഥനകള്‍.

തിരുവചനം: കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍െറ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച്‌ ഞാന്‍ പ്രതിഫലം നല്‍കും. (ജറെമിയാ 17 : 10)

സുകൃതജപം: ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ!

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.