‘സഭാതാരം’ അവാർഡ് പ്രൊഫ.മാത്യു ഉലകംതറയ്ക് സമ്മാനിച്ചു

സീറോ മലബാർ സഭയിലെ പരമോന്നത അല്മായ ബഹുമതിയായ ‘സഭാതാരം’ അവാർഡ് പ്രൊഫ. മാത്യു ഉലകംതറയ്ക്ക് ആർച്ചുബിഷപ്പ് കര്‍ദിനാള്‍ മാർ ജോർജ് ആലഞ്ചേരി സമ്മാനിച്ചു. അദ്ദേഹത്തിന്റെ സ്വദേശമായ കുടമാളൂരിൽ വെച്ചുനടന്ന പൊതുസമ്മേളനത്തിലാണ് പുരസ്ത്‌കാരം സമ്മാനിച്ചത്.

ക്രിസ്തീയ സഭയ്ക്കും സാഹിത്യ ലോകത്തിനും സാംസ്‌കാരിക ലോകത്തും വളരെയേറെ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് പ്രൊഫ. മാത്യു ഉലകംതറ. 60 ഓളം പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്‍റെ ‘ക്രിസ്തു ഗാഥ’ എന്ന കവിതാ സമാഹാരം വളരെ പ്രശസ്തമാണ്. വിവിധ യൂണിവേഴ്സികളിൽ പഠന ഗ്രന്ഥമായും അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്.

“സഭയുടെ വീരപുത്രന്, സാഹിത്യ നായകന്, സാംസ്‌കാരിക നേതാവിന് എല്ലാവിധ അനുമോദനങ്ങളും ഒപ്പം നന്ദിയും അറിയിക്കുന്നു. സഭയുടെ സാഹിത്യ പ്രേഷിതനും ഈ കാലഘട്ടത്തിന്റെ വക്താവുമാണ് അദ്ദേഹം,” പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

ജൂലൈ മൂന്നാം തിയതി സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ പ്രശ്നങ്ങളാൽ പ്രൊഫ. മാത്യു ഉലകംതറയ്ക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. അതിനാല്‍ കുടമാളൂരിൽ വെച്ച് നടന്ന പൊതു സമ്മേളനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ടു വന്നു സമ്മാനദാനം നിർവ്വഹിക്കുകയായിരുന്നു.