ദാരിദ്ര്യം പേറുന്ന റുവാണ്ട: മിഷൻ അനുഭവങ്ങളുമായി ഒരു സന്യാസിനി

ബീഹാറിലെ ഭഗൽപുർ മിഷനിൽ 33 വർഷത്തെ മിഷൻ അനുഭവം തെരേസിയൻ കർമ്മലീത്ത സന്യാസിനിയായ (CTC) സി. ഡാഫ്‌നിയ്ക്കുണ്ട്. അതിനു ശേഷം ഈ സന്യാസിനി 12 വർഷം കേരളത്തിലുണ്ടായിരുന്നു. ഈ സമയം CTC സഭയുടെ സുപ്പീരിയർ ജനറലായും ജനറൽ കൗൺസിലറായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ആറു വർഷമായി ആഫ്രിക്കയിലെ റുവാണ്ടയിലാണ് ഈ മിഷനറി. ജീവിതത്തിന്റെ ഏറിയ പങ്കും പാവപ്പെട്ടവരോടൊപ്പം ചിലവഴിച്ച സി. ഡാഫ്‌നി തന്റെ റുവാണ്ടയിലെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

എന്റെ വീട് വരാപ്പുഴയിലാണ്. വരാപ്പുഴ അതിരൂപതയിലെ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ് ചർച്ച് ഇടവകാംഗമാണ് ഞാൻ. 1967 -ൽ  ബീഹാറിലെ ഭഗൽപുർ മിഷനിലാണ് എന്റെ സന്യാസജീവിതം ആരംഭിക്കുന്നത്. അതിനു ശേഷം മദ്ധ്യ – കിഴക്കേ ആഫ്രിക്കയിലെ ‘ആയിരം കുന്നുകളുടെയും അനേകായിരം പുഞ്ചിരികളുടെയും’ നാട് എന്നറിയപ്പെടുന്ന റുവാണ്ടയിൽ മിഷൻ പ്രവർത്തനങ്ങൾ തുടർന്നു. കേവലം 26,338 ച.കി.മി. വിസ്തീർണ്ണമുള്ള ഈ രാജ്യം, നമ്മുടെ കേരളത്തേക്കാൾ ചെറുതാണ്. ജനസംഖ്യ ഏകദേശം 13 മില്യൺ വരും; അതിൽ 50 ശതമാനവും 25 വയസ്സിൽ താഴെയുള്ളവരാണ്.

‘അനേകായിരം പുഞ്ചിരികളുടെ നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ, ഇവരുടെ ജീവിതത്തിൽ പുഞ്ചിരി അപൂർവ്വമാണ്. കാരണം വ്യാപകമായിട്ടുള്ള ആക്രമണങ്ങൾ തന്നെ. 1994 -ൽ നടന്ന കൂട്ടക്കൊലയിൽ റുവാണ്ടയിലെ എട്ടു ലക്ഷത്തിലധികം ജനങ്ങളാണ് കൊല്ലപ്പെട്ടത്. അവരിൽ സ്ത്രീകളും പുരുഷന്മാരും നിഷ്കളങ്കരായ കുഞ്ഞുങ്ങളും മെത്രാന്മാരും വൈദികരും സിസ്റ്റേഴ്‌സും ഉൾപ്പെടുന്നു.

ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ

റുവാണ്ടയിൽ മൂന്ന് ഗോത്രവർഗ്ഗക്കാരുണ്ട്. ആദിവാസികളായ ‘ഇത്‌വാ’, കൃഷി തൊഴിലാക്കിയ ‘ഹുട്ടോ വർഗ്ഗം’, കന്നുകാലികളെ മേയ്ക്കുന്ന ‘ടുട്‌സി വർഗ്ഗം.’ കൂടുതൽ വികസിത നേതൃത്വപാടവമുള്ള ‘ടുട്‌സി’കളെ രാജ്യഭരണത്തിൽ നിന്നും പുറത്താക്കുവാനായി ഹുട്ടോകൾ നടത്തിയ നരഹത്യയിൽ ടുട്‌സി ഗോത്ര ഉന്മൂലനം എതിർത്തവരും ടുട്‌സികളെ സംരക്ഷിച്ചവരുമായ അനേകം ഹുട്ടോകളും ഇരയായി. ഈ നരഹത്യയിലൂടെ അനേകായിരങ്ങൾ അനാഥരായിത്തീർന്നു. വർഗ്ഗനശീകരണത്തിന്റെ മുറിവുണക്കാൻ കഷ്ടപ്പെടുന്ന ഒരു ജനസമൂഹം! അടങ്ങാത്ത ദുഃഖത്തിന്റെയും തിളച്ചുരുകുന്ന പകയുടെയും അനേകം ജീവിതകഥകൾ ഇവർക്ക് പങ്കുവയ്ക്കാനുണ്ട്.

റുവാണ്ട രണ്ട് യൂറോപ്യൻ രാജ്യങ്ങളുടെ കോളനിയായിരുന്നു. ആദ്യം ജർമ്മൻ കോളനി, പിന്നീട് ബൽജിയൻ കോളനി. ഈ കോളനിവൽക്കരണത്തിലൂടെയാണ് ക്രിസ്തീയവിശ്വാസം റുവാണ്ടയിലെത്തിയത്. 1900 -ാം ആണ്ടിൽ ‘മിഷൻസ് ഓഫ് ഔർ ലേഡി ഓഫ് ആഫ്രിക്ക’ അഥവാ ‘വൈറ്റ് ഫാദേഴ്‌സ്’ എന്ന് അറിയപ്പെടുന്ന ബൽജിയൻ മിഷനറിമാരാണ് ഇവിടുത്തെ ആദ്യ മിഷനറിമാർ. 1945 -ൽ അന്നത്തെ റുവാണ്ടൻ രാജാവ്, റുവാണ്ടയെ പൂർണ്ണമായും ക്രിസ്തുവിന് സമർപ്പിച്ചു. അങ്ങനെ ഇതൊരു ക്രിസ്തുമത രാഷ്ട്രമായി. 95 % ക്രിസ്ത്യാനികളുള്ള ഇവരിൽ 85 ശതമാനവും കത്തോലിക്കരായിരുന്നു.

എന്നാൽ, 1994 -ലെ വംശനശീകരണ ഹത്യയിൽ, വലിയ സംഖ്യ നരഹത്യകൾ നടന്നതും ദൈവാലയങ്ങളിലായിരുന്നു. അതുകൊണ്ട് വലിയൊരു ശതമാനം കത്തോലിക്കർ മറ്റ് ക്രിസ്തീയവിഭാഗങ്ങളിലേക്കു പോയി. പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻസ്, സെവൻത് ഡേ അഡ്വെന്റ്‌റിസ്റ്റ്, പെന്തക്കോസ്ത്  എന്നീ ക്രിസ്തീയവിഭാഗങ്ങൾ ഇവിടെയുണ്ട്. 2016 -ൽ തദ്ദേശീയരായ പുരോഹിതാഭിഷേകത്തിന്റെ ശതാബ്ദിയും 2019 -ൽ തദ്ദേശീയ സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദിയും റുവാണ്ടയിൽ ആഘോഷിക്കപ്പെട്ടു.

ഇന്ന് റുവാണ്ടയിലെ ക്രൈസ്തവ പ്രാധിനിത്യം

എട്ട് രൂപതകളും ഒരു അതിരൂപതയുമുള്ള റുവാണ്ടൻ കത്തോലിക്കാ സഭ വിദ്യാഭ്യാസം, സാമൂഹ്യപ്രവർത്തനം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ ഗവണ്മെന്റുമായി സംയോജിച്ച് നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. വിവിധ പ്രാദേശിക-വിദേശ സന്യാസ-സന്യാസിനീ സഭകളും ഇവിടെയുണ്ട്. ആഫ്രിക്കയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടാൻ തിരഞ്ഞെടുത്ത ഭൂമിയും റുവാണ്ട തന്നെയാണ്. ഇവിടെ ഗീക്കൻ ഗോരോ രൂപതയിൽ ‘കീബേഹോ’ എന്ന സ്ഥലത്ത് പരിശുദ്ധ അമ്മയുടെ മക്കൾ എന്ന് അറിയപ്പെടുന്ന തദ്ദേശിയ സന്യാസിനീ സഭ നടത്തുന്ന ഒരു പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് 1982 മുതൽ 1989 വരെ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് പല സന്ദേശങ്ങളും നൽകുകയുണ്ടായി. ‘അനുതപിക്കുക, അനുതപിക്കുക, നിരന്തരമായി അനുതപിക്കുക’ എന്നതായിരുന്നു മുഖ്യസന്ദേശം.

പച്ചപ്പുൽത്തകിടിയിൽ പൊതിഞ്ഞ മനോഹരമായ കുന്നുകളാലും വൃക്ഷങ്ങളാലും നിറഞ്ഞ വളരെ മനോഹരമായ പ്രദേശമാണ് ‘കദൂഹ.’ ഇവിടെയാണ് എന്റെയും സഹസന്യാസിനിമാരുടെയും പ്രവർത്തനമണ്ഡലം. ഇവിടെ  86 % ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്; ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരും. തൂമ്പയും വാക്കത്തിയും മാത്രമാണ് പണിയായുധങ്ങൾ. കൃഷിക്കുള്ള ആധുനിക മെഷീനുകളൊന്നും റുവാണ്ടയിലില്ല. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുമിച്ച് കൃഷിപ്പണി ചെയ്യും. ഒത്തിരി പട്ടിണി അനുഭവിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. വീടുകളിൽ പുക കാണുന്നത് വൈകുന്നേരം മാത്രമാണ്. മിക്കവാറും ദിവസങ്ങളിൽ മധുരക്കിഴങ്ങാണ് അവരുടെ ഭക്ഷണം. ഗ്രാമങ്ങളിൽ വൈദ്യുതി ഇല്ലാത്തതുകൊണ്ട് ഇരുട്ടാകുമ്പോൾ തന്നെ അവർ ഉറങ്ങും.

“ഒരിക്കൽ ഞാൻ ക്ലാസ്സിൽ ചോദിച്ചു: ‘ദൈവം നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ഏറ്റവും ആദ്യം നിങ്ങൾ എന്തു ചോദിക്കും?’ ഒറ്റസ്വരത്തിൽ അവർ പറഞ്ഞു. ‘ഭക്ഷണം’ – ആ മറുപടി ഇന്നും എനിക്ക് കണ്ണ് നനയിക്കുന്ന ഓർമ്മയാണ്. കാരണം അത്രമാത്രം വിശപ്പ് അനുഭവിക്കുന്നുണ്ടവർ” – സിസ്റ്റർ പറയുന്നു.

ദാരിദ്ര്യത്താൽ വലയുന്ന ഈ ജനങ്ങൾ ഭക്ഷണത്തിനു വേണ്ടി ആരുടെയും മുന്നിൽ കൈനീട്ടും. പ്രത്യേകിച്ച്, വിദേശികളുടെ മുമ്പിൽ. ‘മുസുങ്കു’ (വിദേശി) ‘I am Hungry, Give me Money’ എന്ന് ഇംഗ്ലീഷിൽ പറയാൻ കൊച്ചുകുഞ്ഞിനു പോലും അറിയാം. ഇവിടുത്തെ ജനങ്ങൾക്ക് ഒരു വർഷത്തിലെ എല്ലാ ദിവസവും ഒരുപോലെയാണ്. ക്രിസ്തുമസെന്നോ, ഈസ്റ്ററെന്നോ, ജന്മദിനമെന്നോ ഒരു വ്യത്യാസവും ദിവസങ്ങൾക്കില്ല. ‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കണ്ണുനീർ’ എന്ന പാട്ട് കൂടുതൽ അർത്ഥമാക്കുന്നത് ഇവരുടെ ഇടയിലാണോ എന്ന് തോന്നിപ്പോകും. കാരണം, എന്നും ഒരേ ഭക്ഷണം, ഒരേ ഉടുപ്പ്. പോഷകാഹാരം എന്ന സ്വപ്നം അവർക്ക് ഇന്നും അന്യം. ദാരിദ്ര്യത്താലും അജ്ഞതയാലും വംശനശീകരണത്തിന്റെ കെടുതിയാലും ഈ ജനങ്ങളിൽ അനേകം പേർ അനാഥരും മാനസികരോഗികളും അംഗവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യമുള്ളവരുമാണ്.

ഇവിടുത്തെ ഭാഷ റോമൻ ലിപിയിൽ എഴുതപ്പെടുന്ന ‘ഇച്ചിഞ്ഞിയാറ്ഗവാണ്ട’ എന്ന് പറയപ്പെടുന്നതാണ്. ഭാഷ വളരെ കഠിനമാണ്. കഴിഞ്ഞ 10 വർഷമായിട്ട് ഞങ്ങൾ സിസ്റ്റേഴ്‌സ് ഇവിടുത്തെ സ്‌കൂളുകളിലും ഹെൽത്ത് സെന്ററിലും സേവനമനുഷ്ഠിക്കുന്നു.

സ്‌കൂളുകളുടെ ഘടന മൂന്നു ഘട്ടമായാണ്. 7 വയസ്സ് മുതൽ 12 വയസ്സു വരെ പ്രൈമറി സ്‌ക്കൂൾ, 13 മുതൽ 14 വയസ്സു വരെ ലോവർ സെക്കന്ററി, 15 വയസ്സ് മുതൽ 18 വയസ്സു വരെ അപ്പർ സെക്കന്ററി അതിനു ശേഷം യൂണിവേഴ്‌സിറ്റി പഠനങ്ങൾ. ഏതു സമയത്തും സ്‌കൂളുകളിൽ പ്രവേശനം ലഭ്യമാണ്. മാർക്ക് ലിസ്റ്റ് മാത്രം മതി. പ്രവേശനത്തിന് പ്രായപരിധിയില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ കുട്ടികൾ പ്രൈമറി സ്‌ക്കൂൾ പഠനശേഷം ജോലി ചെയ്ത് ഫീസ് ഉണ്ടാക്കി മുമ്പോട്ട് പഠിക്കാറുണ്ട്. ലോവർ സെക്കന്ററിയിലും ഹയർ സെക്കന്ററിയിലും 30-നും 40-നുമിടയിൽ പ്രായമുള്ളവരുണ്ട്. ക്ലാസ്സ് സമയം 7.15 മുതൽ 5 മണി വരെയാണ്. ഇടയ്ക്ക് ഒരു മണിക്കൂർ ഇടവേള. രാവിലെ ചോളപ്പൊടി കൊണ്ടുള്ള കുറുക്കും കഴിച്ചുവന്നാൽ പിന്നെ വൈകുന്നേരമാണ് അവരുടെ അടുത്ത ഭക്ഷണം.

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവമാണ് കുട്ടികളുടെ സ്‌ക്കൂൾ അഡ്മിഷൻ. സ്‌ക്കൂൾ തുറക്കുന്ന ദിവസം നാല് വയസ്സു മുതൽ പ്രായമുള്ള കുട്ടികൾ വന്ന് തനിയെ പേരെഴുതിച്ച് സ്‌കൂളിൽ അഡ്മിഷൻ  എടുക്കും. മാതാപിതാക്കൾ കുട്ടികളെ കൊണ്ടുവരാറില്ല. സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ തങ്ങളുടെ കടമ നിർവ്വഹിക്കുന്നു. ശമ്പളം വളരെ കുറവാണ്. ഉത്തരവാദിത്വത്തോടെ കുട്ടികളെ പഠിപ്പിക്കുന്നതിൽ കൂടുതൽ പേരും പിന്നോക്കമാണ്. അതുകൊണ്ട് പ്രൈമറി സ്‌കൂളിൽ പഠനം മുഴുവനാക്കാതെ പോകുന്നവരും ധാരാളമാണ്. ഈ അവസ്ഥ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

അദ്ധ്യയനം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഞങ്ങൾ ഇവിടെ നേഴ്‌സറി സ്‌ക്കൂൾ നടത്തുന്നു. ധാരാളം കുട്ടികൾ അതിൽ പഠിക്കുന്നു. അദ്ധ്യാപകരെ തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി ബോധവത്ക്കരിക്കാനും കൂടുതൽ സമർപ്പിത മനോഭാവത്തോടെ ജോലി ചെയ്യുവാനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തിക്കൊടുക്കാനും ഞങ്ങൾ ഒരുപാട് പരിശ്രമിക്കുന്നു. അദ്ധ്യയനവർഷം കേവലം 180 ദിവസമാണ്. ഭൂരിഭാഗം സമയവും അവധിക്കാലമാണ് ഇവിടെ.

എല്ലാ സെക്ടറുകളിലും (പഞ്ചായത്ത്) ഓരോ ഹെൽത്ത് സെന്റർ ഉണ്ട്. കദൂഹായിലെ ഹെൽത്ത് സെന്ററിൽ ഞങ്ങളുടെ സിസ്റ്റേഴ്‌സ് സേവനമനുഷ്ഠിക്കുന്നു. വാഹനങ്ങളില്ലാത്ത ഈ നാട്ടിൽ കാൽനടയായിട്ടാണ് രോഗികൾ വരുന്നത്. രോഗം മൂർച്ഛിച്ചവരെ വാഴപ്പോളയും മുളയും ഉപയോഗിച്ചുണ്ടാക്കിയ സ്‌ട്രെച്ചറിൽ ചുമന്നുകൊണ്ടു വരും. ഇവിടുത്തെ മെഡിക്കൽ കെയർ സിസ്റ്റം അനുസരിച്ച് ‘ഫാമിലി ഹെൽത്ത് ഇൻഷുറൻസ് ഡിപെൻഡൻസി’ ആവശ്യമാണ്. ഓരോ കുടുംബവും അംഗസംഖ്യ അനുസരിച്ച് ഒരാൾക്ക് 3000 റുവാൻ ഫ്രാങ്ക് (230 രൂപ) അടച്ചുകഴിഞ്ഞാൽ ആ കുടുംബത്തിൽ പ്രാഥമിക ആരോഗ്യ ഇൻഷുറൻസ് ലഭിക്കും. ഇൻഷുറൻസ് എടുക്കാത്തവർക്ക് ചികിത്സ ബുദ്ധിമുട്ടാണ്. ഇവിടെ ചികിത്സ വളരെ ചിലവുള്ളതാണ്.

എയ്ഡ്‌സ്, മലേറിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ഇവിടെ സർവ്വസാധാരണമാണ്. ആദ്യം ചികിത്സ തേടേണ്ടത് ഹെൽത്ത് സെന്ററിലാണ്. രോഗികളെ പരിശോധിക്കുന്നതും മരുന്നുകൾ നിശ്ചയിക്കുന്നതും നഴ്‌സുമാരാണ്. കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ ജില്ലാ ആശുപത്രിയിലേക്കും പ്രത്യേക ചികിത്സയ്ക്ക് മറ്റ് ആശുപത്രിയിലേക്കും അയക്കും. 150-200 രോഗികൾ ഞങ്ങളുടെ ഹെൽത്ത് സെന്ററിൽ ഓരോ ദിവസവും എത്തുന്നു.

യൂറോപ്യൻ കോളനി ആയിരുന്നതുകൊണ്ട് അവരുടെ സംസ്ക്കാരം ഈ ജനതയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അത് അവരുടെ വിശ്വാസജീവിതത്തിലും ജീവിതരീതിയിലും വ്യക്തിബന്ധങ്ങളിലും പ്രകടമാകുന്നു. ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും ധാരാളം ജനങ്ങൾ കുർബാനയിൽ പങ്കുചേരാൻ കുന്നുകളും മലകളും താണ്ടിയെത്തും. വളരെ മൃദുസ്വരത്തിൽ പ്രാർത്ഥനകളും പാട്ടും നൃത്തവുമൊക്കെ ചെയ്ത് ദൈവാരാധന നടത്തുന്നു. പരിശുദ്ധ അമ്മയുടെ വലിയ ഭക്തരാണിവർ. വർഷം മുഴുവനും റുവാണ്ടയിലെ എല്ലാ രൂപതകളിൽ നിന്നും വിശ്വാസികൾ കാൽനടയായും വാഹനങ്ങളിലും ‘കിബേഹോ’യിലേക്ക് തീർത്ഥാടനം നടത്താറുണ്ട്. പ്രത്യക്ഷീകരണത്തിന്റെ സമയത്ത് പരിശുദ്ധ അമ്മ പഠിപ്പിച്ച ‘വ്യാകുല കൊന്ത’ ഇവിടുത്തെ പ്രത്യേക പ്രാർത്ഥനയാണ്.

ഞായറാഴ്ച വേദപാഠ ക്ലാസ്സ് ഇവിടെയില്ല. പകരം വിശ്വാസം സ്‌കൂളിൽ ഒരു വിഷയമായി പഠിപ്പിക്കുന്നു. വിശുദ്ധരോടുള്ള പ്രത്യേക ഭക്തി ഇവിടെ കേട്ടിട്ടില്ല. ധാരാളം ഭക്തസംഘടനകൾ വളരെ നന്നായി പ്രവർത്തിക്കുന്നു. ഒരു കുടുംബത്തിൽ തന്നെ പല മതവിഭാഗക്കാരുണ്ട്. എങ്കിലും അവർ സ്‌നേഹത്തിലും സൗഹാർദ്ദത്തിലും കഴിയുന്നു.

എല്ലാ കുടുംബങ്ങളിലും തന്നെ ധാരാളം മക്കളുണ്ട്. ഇവിടുത്തെ ജനങ്ങൾ  ഗർഭച്ഛിദ്രം നടത്താറില്ല. അതു പോലെ കൊടും ദാരിദ്ര്യമാണെങ്കിലും അനാഥരായ കുഞ്ഞുങ്ങളെയും വലിയവരെയും അകന്ന ബന്ധുക്കൾ കഴിവു പോലെ സംരക്ഷിച്ചുപോരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതപങ്കാളിയെ ഇവർ കണ്ടെത്തുന്നു. വിവാഹാഘോഷങ്ങൾക്ക് പണം കൈവശമുള്ളപ്പോൾ മാത്രം ആഘോഷിക്കുന്നു. ആ സമയത്ത് അവരുടെ കുട്ടികളുടെ മാമ്മോദീസായും മറ്റ് കൂദാശാ സ്വീകരണങ്ങളും നടത്തുന്നു. സ്ത്രീധനം ഈ നാട്ടിലില്ല. പകരം, വരൻ വധുവിന്റെ പിതാവിന് ഒരു പശുവിനെ നൽകിയതിനു ശേഷമായിരിക്കും വിവാഹം നടക്കുക.

ഞങ്ങൾ പലപ്പോഴും ഭവനസന്ദർശനങ്ങൾ നടത്താറുണ്ട്. ആദ്യകാലങ്ങളിൽ വീടിനകത്തേക്ക് ഞങ്ങളെ ക്ഷണിക്കാറില്ലായിരുന്നു. പുറത്തു നിന്ന് സംസാരിച്ച് ഞങ്ങൾക്ക് തിരിച്ചു പോരേണ്ടി വരും. അവർക്ക് നമ്മെ പേടിയും എന്തോ സംശയവുമുണ്ടെന്ന് അന്ന് തോന്നിയിരുന്നു. പിന്നീടാണ് ഞങ്ങൾ ഒരു നഴ്‌സറി സ്‌കൂൾ തുടങ്ങിയത്. അതിനു ശേഷം ഭവനസന്ദർശനത്തിനു ചെന്നാൽ കുട്ടികൾ ഞങ്ങളോടൊപ്പം കൂടും. എല്ലാ വീടുകളിലേക്കും അവർ ഞങ്ങളെ നയിക്കും. സംസാരവും പ്രാർത്ഥനയും പാട്ടുമൊക്കെ അവർ തന്നെ ചെയ്യും. ഇന്ന് ആ അവസ്ഥയൊക്കെ മാറി. ഭവനസന്ദർശനം വളരെ ആസ്വാദ്യകരമാണ്.

വംശഹത്യയ്ക്കു ശേഷം കത്തോലിക്കാ സഭ വിട്ടുപോയ പലരും വീണ്ടും ഇന്ന് സഭയിലേക്ക് തിരിച്ചുവരുന്നുണ്ട്. സ്‌കൂൾ അദ്ധ്യയനവർഷത്തിൽ ഓരോ വർഷവും 150 മുതൽ 200 കുട്ടികളെ വരെ മാമ്മോദീസാ സ്വീകരണത്തിനായി ഞങ്ങൾ പഠിപ്പിച്ച് ഒരുക്കാറുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ദാരിദ്ര്യത്തിൽ, 2-ാം സ്ഥാനം റുവാണ്ടയ്ക്കാണ്. എങ്കിലും ഗവണ്മെന്റ് രാജ്യത്തെപ്പറ്റി ഒരു നല്ല ചിത്രം പുറത്തിറക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ നല്ല മുഖം പ്രസിദ്ധീകരിക്കാൻ പാവപ്പെട്ടവരോട് അനേകം അനീതികളും അക്രമങ്ങളും ഭരണകൂടം നടത്തുന്നുണ്ട്. ഗവണ്മെന്റിനെ എതിർക്കുന്നവരെ ഭൂമുഖത്തു നിന്നുപോലും അവർ തുടച്ചുനീക്കും. റുവാണ്ടയെ രക്ഷിക്കാൻ, റുവാണ്ടൻ ജനതയെ ബോധവൽക്കരിക്കാൻ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. പുഞ്ചിരികളുടെ ഈ നാട്ടിൽ ജീവിക്കുന്ന ഈ പാവപ്പെട്ടവരുടെ ജീവിതത്തിൽ പുഞ്ചിരി വിരിയട്ടെ.

സി. ഡാഫ്നി CTC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.