അധികാരം കൈയ്യാളുന്ന കാലത്തോളം സ്വവര്‍ഗ വിവാഹം രാജ്യത്ത് അനുവദിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ്

സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട തന്റെ നയത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ്, വ്‌ളാഡിമിര്‍ പുടിന്‍. താന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം റഷ്യയില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് പുടിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണഘടന ഭേദഗതിയെ പറ്റി ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ഒരു കൂടികാഴ്ചയിലാണ് പ്രസ്തുത വിഷയത്തെ സംബന്ധിച്ച നിലപാട് പുടിന്‍ വ്യക്തമാക്കിയത്.

സ്വവര്‍ഗ്ഗ വിവാഹത്തിന് താന്‍ എതിരാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. 2013ല്‍ പുടിന്റെ നേതൃത്വത്തില്‍ പാസാക്കിയ നിയമ പ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നത് തന്നെ റഷ്യയില്‍ ഒരു കുറ്റമാണ്. റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്‌സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഓര്‍ത്തഡോക്‌സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പുടിന്‍ അറിയിച്ചിരുന്നു.