ന്യൂക്ലിയർ ആയുധങ്ങൾ ആശിർവദിക്കുന്നത് നിർത്തലാക്കുവാൻ റഷ്യൻ ഓർത്തഡോക്സ് സഭ 

ടൺ കണക്കിനുള്ള ന്യൂക്ലിയർ ആയുധങ്ങൾ ആശിർവദിക്കുന്നത് നിർത്തലാക്കുവാൻ റഷ്യൻ ഓർത്തഡോക്സ് സഭ. ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ ചർച്ച നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് സഭാസമൂഹം. കഴിഞ്ഞ മാസം മോസ്കോയിലെ സഭാനിയമങ്ങൾക്കായുള്ള കമ്മിറ്റിയാണ് ആയുധങ്ങൾ ആശീർവദിക്കുന്നത് നിർത്തലാക്കുന്ന കാര്യം മുന്നോട്ടുവച്ചത്.

വൈദികർക്ക് രാജ്യം സംരക്ഷിക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടാളക്കാരെ ആശിർവദിക്കുന്നതിനുള്ള കടമ മാത്രമേയുള്ളു എന്നും ആയുധങ്ങൾ ആശിർവദിക്കേണ്ടതില്ല എന്നും കമ്മിറ്റി വ്യക്തമാക്കി. ഇതിനെ അനുകൂലിച്ചുകൊണ്ട് മോസ്‌കോ ബിഷപ്പും രംഗത്തെത്തി. മറ്റ് രാജ്യങ്ങളെയും സംരക്ഷിക്കുക എന്നത് വലിയ ഒരു ദൗത്യമാണ്. ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നത് ഉചിതമാണ്. എന്നാൽ, ന്യൂക്ലീയർ ആയുധങ്ങൾ അങ്ങനെയല്ല. ഒരു മനുഷ്യവംശത്തെ മുഴുവന്‍ നശിപ്പിക്കാൻ ഉതകുന്നതാണ്. ഇത്തരം വസ്തുക്കളെ ആശീർവദിക്കുന്നതിനെ ന്യായീകരിക്കുവാൻ കഴിയില്ല എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വൻനാശത്തിന്റെ ആയുധങ്ങൾ വിശുദ്ധീകരിക്കപ്പെടരുത്. ഇത്തരം ആചാരങ്ങൾ നിർത്തലാക്കണമെന്നും മോസ്‌കോ ബിഷപ്പ് ചൂണ്ടിക്കാട്ടി. വലിയ ആയുധങ്ങൾക്കുള്ള അനുഗ്രഹം അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തിന് റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ മോസ്കോയിലെ പാത്രിയർക്കീസ്, കിറിൽ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഈ രീതിക്ക് എന്നന്നേയ്ക്കുമായി തടയിടാനുള്ള നീക്കത്തിലാണ് സഭാസമൂഹം.