ലഹരിക്ക് അടിമകളായവരെ കരകയറ്റാൻ റഷ്യൻ ഓർത്തഡോക്സ് സഭ 

ലഹരിക്ക്‌ അടിമകളായ ആളുകളെ ജീവിതത്തിലേയ്ക്കും പ്രത്യാശയിലേയ്ക്കും കൈപിടിച്ചു കയറ്റുവാൻ സൗജന്യചികിത്സ നൽകുന്ന ലഹരിവിമുക്ത സ്ഥാപനത്തിന് രൂപംകൊടുത്ത് റഷ്യയിലെ ഓർത്തഡോക്സ് സഭ.

മോസ്കോയിലെ കൊഴെവ്നികി ജില്ലയിലെ ദി മോസ്റ്റ്‌ ഹോളി ലൈഫ്-ഗിവിംഗ് ട്രിനിറ്റി ദേവാലയത്തോട് ചേര്‍ന്നാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പാട്രിയാര്‍ക്കേറ്റിന്റെ ചാരിറ്റിക്കു വേണ്ടിയുള്ള സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഒരേസമയം പതിനഞ്ചോളം ആളുകളെ ഒരുമിച്ച് താമസിപ്പിക്കുന്നതിനും ചികിത്സ നൽകുന്നതിനും ഈ സ്ഥാപനത്തിന് കഴിയും. ലഹരിമരുന്നിന് അടിമകളായവരുടെ കാര്യത്തില്‍ ആരും താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അവരുടെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചു കൊള്ളുമെന്നുമാണ് പലരും വിശ്വസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ലഹരിമരുന്നിന് അടിമകളായവര്‍ക്കാണ് നമ്മുടെ സഹായം വേണ്ടത്. തന്റെ തെറ്റുകള്‍ തിരുത്തുവാനും ലഹരിമരുന്ന് ഉപേക്ഷിക്കുവാനും ആഗ്രഹമുള്ളിടത്തോളം കാലം, അവരെ സ്വാഗതം ചെയ്യുവാന്‍ സഭ തയ്യാറാണ്. സഭയുടെ ചാരിറ്റി വിഭാഗം തലവനും ഒരെഖോവോ-സ്യുവോയിലെ മെത്രാനുമായ പാന്റെലെയ്മോന്‍ ചൂണ്ടിക്കാട്ടി.

ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമകളായ ഏതാണ്ട് 5 ലക്ഷത്തോളം പേര്‍ രാജ്യത്തുണ്ട് എന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവര്‍ക്കായി നിരവധി പുനരധിവാസ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ കീഴിലുണ്ടെങ്കിലും സ്വകാര്യമേഖലയിലെ ആദ്യത്തെ സൗജന്യ ലഹരിവിമോചന പുനരധിവാസ കേന്ദ്രത്തിന് അനുമതി ലഭിക്കുന്നത് ഇത് ആദ്യമായാണ്. റഷ്യയുടെ സേവനപ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് ഈ റിഹാബിലിറ്റേഷന്‍ സെന്റര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.