വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുസാന്നിധ്യം ഐക്യം സൃഷ്ടിക്കുന്നുവെന്ന് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് മെത്രാന്‍

വിശുദ്ധ കുര്‍ബാനയിലെ വചനങ്ങള്‍ ഉച്ചരിക്കുന്ന സമയത്ത് വൈദികര്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാല്‍ തന്നെ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തിലുളള വിശ്വാസം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രൈസ്തവ വിഭാഗങ്ങളായ കത്തോലിക്കരെയും ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളെയും ഒന്നിപ്പിക്കുന്ന ഘടകമാണെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് മെത്രാനായ ഹിലാരിയോണ്‍.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേദിയില്‍ സന്ദേശം നല്‍കി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശുദ്ധ കുര്‍ബാന ഇല്ലാതെ സഭയ്ക്ക് നിലനില്‍പ്പില്ലെന്നും ദൈവശാസ്ത്രപരമായി സഭയും വിശുദ്ധ കുര്‍ബാനയും രക്ഷയും തമ്മില്‍ വേര്‍പ്പെടുത്താനാവാത്തവിധം ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് ഓഫ് ദി മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ അദ്ധ്യക്ഷനും വോളോകോലാംസ്‌കിലെ മെത്രാപ്പോലീത്തയുമാണ് ഹിലാരിയോണ്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ തുറന്നുകാട്ടി നിരവധി തവണ പ്രസ്താവന നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.