ആത്മീയത നഷ്ടപ്പെട്ട നഗരത്തെയും നഗരവാസികളെയും വിശുദ്ധീകരിക്കാന്‍ വിമാനത്തില്‍ നിന്നും വെഞ്ചരിപ്പ്

ലഹരി ഉപയോഗവും ലൈംഗികാസക്തികളും കൊണ്ട് ആത്മീയത നഷ്ടപ്പെട്ട റഷ്യന്‍ നഗരത്തെയും നഗര-നിവാസികളെയും വിശുദ്ധീകരിക്കാന്‍ ശ്രദ്ധേയമായ ഇടപെടലുമായി ഓര്‍ത്തഡോക്‌സ് വൈദികര്‍. തിന്മയുടെ സ്വാധീനത്തിലായ ട്വെര്‍ എന്ന പട്ടണത്തില്‍ വിമാനത്തില്‍ നിന്നും വിശുദ്ധജലം തളിച്ചാണ് വൈദികര്‍ പ്രാര്‍ത്ഥിച്ചത്. സെപ്റ്റംബര്‍ പതിനൊന്നാം തീയതി പ്രത്യേകം വെഞ്ചരിച്ച 70 ലിറ്റര്‍ വിശുദ്ധജലം, റഷ്യന്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ വിമാനത്തില്‍ നിന്നും താഴെയുള്ള പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തളിച്ചു.

റഷ്യയില്‍ അനൗദ്യോഗിക അവധി ദിവസമായിരുന്ന സെപ്റ്റംബര്‍ പതിനൊന്നിനാണ് ശുദ്ധീകരണം നടത്തിയത്. വിമാനം 800 അടി ഉയരത്തിലെത്തിയപ്പോള്‍, പ്രാര്‍ത്ഥനയോടെ വിശുദ്ധജലം തളിക്കാന്‍ വൈദികര്‍ ആരംഭിക്കുകയായിരുന്നു. കടുത്ത മദ്യപാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരാള്‍, ഭാര്യയ്ക്കൊ‌പ്പം വിമാനത്തിലുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമായി.