സമർപ്പിതർ ആന്തരികസങ്കടത്തിൽ നിന്നും ഓടിയകലുക: മുന്നറിയിപ്പുമായി മാർപാപ്പ

സമർപ്പിതർ തങ്ങളുടെ ആന്തരികസങ്കടത്തിൽ നിന്നും ഓടിയകലേണ്ടത് വളരെ അത്യാവശ്യമാണെന്നും അല്ലെങ്കിൽ നമ്മുടെ ആത്മാവിനെ കാർന്നുതിന്നുന്ന ഒരു പുഴുവായി അത് മാറിയേക്കാമെന്നും പരിശുദ്ധ പിതാവ് മുന്നറിയിപ്പ് നൽകി. യേശുവിനെ ദൈവാലയത്തിൽ കാഴ്ചവച്ചതിന്റെ തിരുനാളിനെയും സമർപ്പിതജീവിത ദിനത്തേയും ആധാരമാക്കി വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിൽ നടത്തിയ പ്രാർത്ഥനയിലും അഭിസംബോധനയിലുമാണ് പാപ്പായുടെ ഈ പരാമർശമുള്ളത്.

കർത്താവിനെ ദർശിക്കുവാനായി കാത്തിരുന്ന ശിമയോന്റെ ക്ഷമാശീലമാണ് സമർപ്പിതജീവിതത്തിന് വളരെ അത്യാവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ ക്ഷമയെ ധ്യാനിക്കുമ്പോഴേ ദൈവത്തിന്റെ തിരുവിഷ്ടം നടപ്പിലാക്കുവാൻ എടുക്കുന്ന സമയത്തെപ്പറ്റി നമുക്ക് ധാരണയുണ്ടാവുകയുള്ളൂ. ശിമയോന്റെ ക്ഷമ ദൈവത്തിന്റെ ക്ഷമയുടെ പ്രതിഫലനമാണ്. ക്രിസ്തീയജീവിതത്തിന്റെ പ്രത്യാശയുടെ മറ്റൊരു പ്രതിഫലനമാണ് ക്ഷമ എന്നും പാപ്പാ വ്യക്തമാക്കി. അതിനാൽ തന്നെ സമർപ്പിതജീവിതത്തിൽ ക്ഷമ വളരെ അത്യാവശ്യവും ഒഴിവാക്കാനാകാത്തതുമാണ്. വ്യക്തിപരമായും സ്വന്തം സമൂഹത്തിന്റെയും ലോകത്തിനു തന്നെയും മുമ്പോട്ടു പോകണമെങ്കിൽ ക്ഷമ കൂടിയേ തീരു. പ്രതീക്ഷ നഷ്ടപ്പെടാതിരിക്കുവാനും നമ്മെയും നമ്മുടെ സമൂഹത്തെയും കരുണയോടെ നോക്കുവാനും ക്ഷമ എന്ന പുണ്യം നമ്മെ സഹായിക്കുന്നു. അതിനാൽ ഹൃദയങ്ങളിൽ ക്ഷമ ഇല്ലാതാകുമ്പോഴാണ് ആന്തരികസങ്കടങ്ങളും വിഷമതകളും ഹൃദയത്തിൽ ഉണ്ടായിവരുന്നതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

“ഒറ്റയ്ക്ക് പാടുവാനുള്ള ഒരു ഗായകനോ ഗായികയോ ആയിട്ടല്ല ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. മറിച്ച് കൂട്ടമായി വലിയൊരു ഗായകസംഘത്തിന്റെ ഭാഗമായി മനോഹരമായ ഗീതം ആലപിക്കുവാനാണ്. എന്നാൽ ചിലപ്പോഴൊക്കെ രാഗത്തിലോ ശ്രുതിയിലോ വ്യത്യസം വരുമ്പോൾ എല്ലായ്പ്പോഴും ഒരുമിച്ചു പാടുവാൻ നാം ശ്രമിക്കേണ്ടതുണ്ട്.” ആന്തരികമായ സങ്കടങ്ങളും വിഷമതകളും അതിജീവിക്കുവാൻ ഇതൊക്കെയാണ് നാം അനുശാസിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധീകരിക്കപ്പെട്ട വ്യക്തികളിലെ ആന്തരികസങ്കടം നമ്മെ ഉള്ളിൽ നിന്ന് ഭക്ഷിക്കുന്ന പുഴുവാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.