ആത്മീയജീവിതത്തെ ശക്തിപ്പെടുത്തുന്ന ജപമാല

ദൈവം നമുക്ക് നൽകിയിട്ടുള്ള ഏറ്റവും ശക്തമായ പ്രാർത്ഥനയാണ് ജപമാല. സാത്താനെയും അവന്റെ കൂട്ടുകാരെയും പ്രലോഭനങ്ങളെയും നമ്മുടെ ജീവിതത്തിൽ നിന്നും ജീവിതസാഹചര്യങ്ങളിൽ നിന്നും അകറ്റിനിർത്തുവാൻ ജപമാല പ്രാർത്ഥനയോളം ശക്തിയുള്ള മറ്റൊരു പ്രാർത്ഥനയില്ല. നിരാശയും ഭയവും സന്തോഷമില്ലായ്മയും ഉണ്ടാകുന്ന സമയങ്ങളിൽ നമ്മുടെ ജീവിതത്തിൽ പ്രകാശം പരത്തുവാൻ, പ്രത്യാശയിലേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ ഈ പ്രാർത്ഥനയ്ക്ക് കഴിയും.

ഇനി എപ്പോഴാണ് നിരാശയും ഭയവും അസന്തുഷ്ടിയും നമ്മുടെ ജീവിതത്തെ വലയ്ക്കുക? അത് ദൈവത്തിൽ നിന്ന് അകലുമ്പോൾ തന്നെ. ദൈവത്തോട് ചേർന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന സഹനങ്ങളെ നാം പ്രത്യാശയോടെ സ്വീകരിക്കും. മറിച്ചാണെങ്കിലോ, നിരാശയിലേയ്ക്ക് കൂപ്പുകുത്തും. ദൈവത്തിൽ നിന്ന് അകലുന്തോറും നമ്മുടെയുള്ളിൽ നിരാശയുടെ വിത്തുകൾ സാത്താൻ വിതയ്ക്കും. എന്നാൽ, ശക്തമായ ഒരു ആത്മീയ അടിത്തറയുള്ള വ്യക്തികളിൽ നിന്ന് സാത്താൻ അകന്നു നിൽക്കുക തന്നെ ചെയ്യും. ആത്മീയജീവിതം കൂടുതൽ ശക്തമാക്കുവാൻ ജപമാല പ്രാർത്ഥനയ്ക്ക് കഴിയും. അത് പ്രധാനമായും നാല് മാർഗ്ഗങ്ങളിലൂടെയാണ് സംഭവിക്കുക. ആ മാർഗ്ഗങ്ങളിലൂടെ കടന്നുപോകാം.

1. സമാധാനം ചൊരിയുന്ന ജപമാല പ്രാർത്ഥന

നമ്മുടെ മനസ്സിൽ ആകുലതകളും വിഷമങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന സമയത്ത് ശരിയായി ചിന്തിക്കുവാനോ, പ്രാർത്ഥിക്കുവാനോ നമുക്ക് കഴിയില്ല. എന്തിന് ഒന്ന് സ്വസ്ഥമായി ഇരിക്കുവാൻ പോലും കഴിയില്ല എന്നതാണ് സത്യം. തീർത്തും അസ്വസ്ഥമായ അവസ്ഥയിൽ ജപമാല പ്രാർത്ഥന കണ്ണുനീരോടെ അർപ്പിക്കുന്ന ഏതൊരു വ്യക്തിയിലേയ്ക്കും വലിയ ഒരു ശാന്തത കടന്നുവരും. നിരാശയുടെ ഇരുൾ നിറഞ്ഞ ഉള്ളുകളിൽ പ്രത്യാശയുടെ വെളിച്ചം വിതറുവാനും നമുക്ക് സ്വർഗ്ഗത്തിൽ ഒരു അമ്മയുണ്ട് എന്ന ബോധ്യത്തിലേയ്ക്ക് വളരുവാനും അമ്മയുടെ കരം പിടിച്ച് ഈശോയിലേയ്ക്ക് എത്തുവാനും ജപമാല പ്രാർത്ഥന സഹായിക്കും. ഇത്തരത്തിൽ ഒരു ആത്മീയവളർച്ചയിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയും പടിപടിയായി ദൈവത്തിലേയ്ക്കും അവിടുത്തെ സമാധാനത്തിലേയ്ക്കും എത്തുന്നു.

2. വിശ്വാസം നവീകരിക്കുന്ന പ്രാർത്ഥന

അർത്ഥം മനസിലാക്കി അർപ്പിക്കുന്ന ഓരോ ജപമാല പ്രാർത്ഥനയും നമ്മുടെ ഉള്ളിലുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയും ആഴപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാരണം, ജപമാല വെറും ഒരു പ്രാർത്ഥനയല്ല. മറിയത്തോടു ചേർന്ന് ഈശോയെ സ്തുതിക്കുകയാണ് ചെയ്യുന്നത്. ഈ പ്രാർത്ഥന മറിയത്തിന്റെ കരം പിടിച്ചു ഈശോയിലേയ്ക്കുള്ള ഒരു യാത്രയാണ്. അതിനാൽ തന്നെ ഓരോ നിമിഷവും നമ്മുടെ വിശ്വാസത്തെ അത് നവീകരിച്ചു കൊണ്ടിരിക്കുന്നു. ഒപ്പംതന്നെ, ദൈവഹിതം നടപ്പിലാക്കാനും പരീക്ഷണങ്ങളെ മറികടക്കാനും പ്രത്യാശയിൽ നിലനിൽക്കുവാനും ജപമാല പ്രാർത്ഥന നമ്മെ സഹായിക്കുന്നു.

3. പാപങ്ങൾക്കെതിരെ പോരാടാൻ ശക്തി പ്രദാനം ചെയ്യുന്നു

പരിശുദ്ധ അമ്മയോട് ചേർന്നുനിൽക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഒരു അനുഗ്രഹമാണ് പാപങ്ങളെയും പാപസാഹചര്യങ്ങളെയും അതിജീവിക്കാനുള്ള പ്രത്യേക കൃപ. നമ്മുടെ പാപം തന്റെ മകനായ ഈശോയെ വേദനിപ്പിക്കും എന്ന് അറിയുന്ന പരിശുദ്ധ അമ്മ, തന്നോട് ചേർന്നുനിൽക്കുന്ന ഓരോ വ്യക്തിയും പാപത്തിൽ വീഴാതിരിക്കുവാൻ പ്രത്യേക സംരക്ഷണം നൽകുന്നു. ഒപ്പംതന്നെ, സാത്താന്റെ പ്രലോഭനങ്ങളെ മനസിലാക്കുവാനും അതിൽ നിന്ന് അകന്നുനിൽക്കുവാനും നമ്മെ സഹായിക്കുന്നുണ്ട്.

അനുദിനം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിന് തന്നെത്തന്നെ സമർപ്പിക്കുന്നവരിൽ നിന്ന് സാത്താൻ അകന്നുനിൽക്കും. പാപക്കറ കൂടാതെ ജനിക്കുകയും ദൈവപുത്രന്റെ മാതാവായി ദൈവം തിരഞ്ഞെടുക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയം, നമ്മെ ജീവിതവിശുദ്ധി കൈവരിക്കുന്നതിനും തന്റെ തിരുക്കുമാരന് ഇഷ്ടമുള്ളവരാക്കി വളർത്തുന്നതിനും സദാ ശ്രദ്ധാലുവാണ്.

4. കൂദാശകളിലേയ്ക്ക് നമ്മെ അടുപ്പിക്കുന്ന ജപമാല

ഒരാളുടെ ആത്മീയജീവിതം ശക്തമാകുന്നത് പ്രാർത്ഥനയുടെയും അനുദിനമുള്ള കൂദാശ സ്വീകരണത്തിലൂടെയുമാണ്. വിശുദ്ധ കുർബാന, കുമ്പസാരം തുടങ്ങിയ കൂദാശളുടെ അടുത്തടുത്ത സ്വീകരണം നമ്മെ വിശുദ്ധിയിലേയ്ക്ക് നയിക്കുന്നു. ഈ കൂദാശകളുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും അവ ഒരുക്കത്തോടെ സ്വീകരിക്കുവാനും ജപമാല പ്രാർത്ഥന നമ്മെ സഹായിക്കുന്നുണ്ട്.

ജപമാല പ്രാർത്ഥന ഭക്തിപൂർവ്വം ചൊല്ലുന്നവരിൽ, വിശുദ്ധിയിൽ നിലനിൽക്കുവാനും ജീവിക്കുവാനുമുള്ള വലിയ ആഗ്രഹം വർഷിക്കപ്പെടുന്നു. വിശുദ്ധിക്കായുള്ള തീവ്രമായ ആഗ്രഹം നമ്മെ കുമ്പസാരം എന്ന കൂദാശയിലേയ്ക്കും വിശുദ്ധ കുര്‍ബാനയിലേയ്ക്കും അടുപ്പിക്കുന്നു. ഒപ്പംതന്നെ, ജപമാല രഹസ്യങ്ങൾ ദിവ്യകാരുണ്യഭക്തിയിലേയ്ക്കും നമ്മെ നയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ