ജപമാല സാത്താനെ ബന്ധിക്കുന്ന ചങ്ങല

ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന ഒരു ആത്മീയ ആയുധം എന്ന് ജപമാലയെ വിളിക്കാന്‍ സാധിക്കും. താന്‍ പ്രത്യക്ഷപ്പെട്ട ഇടങ്ങളിലെല്ലാം ജപമാലയുടെ അനന്തമായ ശക്തിയെക്കുറിച്ച് പരിശുദ്ധ മറിയം തന്നെ പറയുന്നുമുണ്ട്. “ജപമാല എന്റെ പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥന നിങ്ങളില്‍ നിന്നും യാചിക്കുവാനാണ് ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും വന്നത്. കാരണം, യുദ്ധത്തിന്റെ ഈ നിമിഷങ്ങളില്‍ നിങ്ങള്‍ ഉപയോഗിക്കേണ്ട ആയുധമാണ് ഈ പ്രാര്‍ത്ഥന.” സാത്താനെതിരെയുള്ള യുദ്ധത്തെക്കുറിച്ചാണ് ഇവിടെ പരിശുദ്ധ അമ്മ സൂചിപ്പിക്കുന്നത്.

ജപമാല ഫലപ്രദമാകുന്നതിന്റെ പിന്നില്‍ ചില രഹസ്യങ്ങളുണ്ട്. ഒന്നാമത്തേത്, ജപമാല നാം അമ്മയുടെ കൂടെ ചൊല്ലുന്ന പ്രാര്‍ത്ഥനയാണെന്നതാണ്. ജപമാല, മറിയത്തോടുള്ള പ്രാര്‍ത്ഥനയല്ല; മറിയത്തോടൊപ്പമുള്ള പ്രാര്‍ത്ഥനയാണ്. അമ്മയുടെ മാദ്ധ്യസ്ഥത്തിന് വലിയ ശക്തിയുണ്ട്. അമ്മ പറഞ്ഞാല്‍ സ്വര്‍ഗം ‘നോ’ പറയില്ല. ‘പാപികളായ ഞങ്ങള്‍ക്കു വേണ്ടി’ എന്നു ചൊല്ലുമ്പോള്‍ ലോകം മുഴുവനുമുള്ള മനുഷ്യരിലേക്കും ജപമാലയുടെ അനുഗ്രഹം നിറയുന്നുണ്ടെന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

ജപമാല ചൊല്ലുകയും മറ്റുള്ളവരില്‍ ജപമാലഭക്തി എത്തിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് ആത്മീയവളര്‍ച്ച ലഭിക്കുമെന്ന് അമ്മ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ലോകത്തെ വിശുദ്ധീകരിക്കാന്‍ അമ്മയോട് ചേര്‍ന്ന് ജപമാല ചൊല്ലുന്ന മരിയന്‍ സൈന്യത്തില്‍ നമുക്കും പങ്കാളികളാകാം.