ജപമാലമധുരം – ഒക്ടോബർ 30: ചില കൊന്ത വിചാരങ്ങൾ

ചില കൊന്ത വിചാരങ്ങൾ

ഫാ. അജോ രാമച്ചനാട്ട്

ഭരണങ്ങാനം മഠത്തിലെ കുഞ്ഞുമുറിയൊന്നിൽ ഒരു ദീനക്കാരി കന്യാസ്ത്രീ കിടപ്പുണ്ടായിരുന്നു. പേര് സി. അൽഫോൻസാ. വയസ്സ് മുപ്പത്തിയഞ്ച്. ജീവിതത്തിന്റെ വസന്തകാലം രോഗക്കിടക്കയിൽ ചിലവഴിച്ച അൽഫോൻസായുടെ കയ്യിൽ ഒരു ജപമാല ഉരുളുന്നുണ്ടായിരുന്നൂ, നിരന്തരം. ജനാലക്കരികിൽ വന്നു സ്കൂൾ കുട്ടികൾ ഓർമ്മപ്പെടുത്തുമായിരുന്നു, “പരീക്ഷയാണേ, അമ്മ പ്രാർത്ഥിക്കണമേ”. പിന്നെ, ആ ജപമാലക്കുരുക്കൾ ഉരുളുന്നത് അവർക്ക് വേണ്ടിയായിരുന്നു. അങ്ങനെയങ്ങനെ, കടലാസിലും ജീവിതപരീക്ഷയിലും മാർക്കു വാങ്ങിയ എത്രയോ കുഞ്ഞുങ്ങൾ !

ചിന്നം വിളിച്ചു നിൽക്കുന്നൊരു ഒറ്റയാൻ. വീഴാറായ കുടിലിൽ ഉറങ്ങിക്കിടക്കുന്ന ഭർത്താവും മക്കളും. പൊട്ടിപ്പോയ ഒരു കൊന്തയുടെ കഷണം ഇടത് കയ്യിൽ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, “മക്കള് പോ ഇപ്പൊ”. ആന അനുസരിച്ചു എന്ന് !
തിരികെ മടങ്ങിപ്പോയി എന്ന്!

ഒരിക്കൽ ഒരു കന്യാസ്ത്രീയമ്മയുടെ കയ്യിലെ ജപമാല കണ്ടു. അതിലെ തടിക്കുരിശ്ശ് തേഞ്ഞ് shape ഇല്ലാതെ.. നൂലുകളൊക്കെ ദ്രവിച്ച് പൊട്ടുമെന്ന സ്ഥിതി..
ദിവസവും ഇരുപതിലധികം കൊന്ത ചൊല്ലുന്നുണ്ടെന്ന്!
ഒരു ജപമാലയിൽ ഈയുള്ളവനുമുണ്ടെന്ന് !

അപ്പോൾ സുഹൃത്തേ, ഈ കുരുക്കളും ഈ നൂലും അത്ര നിസ്സാരമല്ല. വി. ബനഡിക്ടിന്‌ പരി. മറിയം പ്രത്യക്ഷപ്പെട്ട് നേരിട്ട് നൽകിയതാണ് എന്നാണ്, നിഷേധിക്കാനാവാത്ത പാരമ്പര്യം. അങ്ങനെയെങ്കിൽ ഇത് made in heaven ആണ്, ചുമ്മാതല്ല, ഇങ്ങനൊക്കെ പലതും കേൾക്കുന്നത് !!

അറിയാമോ?
ഈ കുരുക്കൾ കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്നവർ..
കുടുംബം തകരാതെ കാക്കുന്നവർ..
പഠിക്കാൻ പോയ കുഞ്ഞിനെ മറിയത്തിനു കൊടുത്തിട്ട് കൊന്ത ചൊല്ലി വഴിക്കണ്ണുമായി ഒരു അപ്പനും അമ്മയും..
രോഗിയായ മകനരികെ കൊന്തയുരുട്ടി ഒരമ്മ..
കൃഷിയിടത്തിൽ “നൻമനിറഞ്ഞ മറിയമേ” കൊണ്ടു നിറയ്ക്കുന്നവർ..
യാത്രകളെ, ഡ്രൈവിംഗിനെ “അഖണ്ഡ ജപമാല”യാക്കുന്നവർ..

ചിലർ അങ്ങനെയാണ്, logic ഇല്ലാത്ത പലതിലും ആശ്രയം വയ്ക്കാൻ ധൈര്യമുള്ളവർ..
അമ്പത്തിമൂന്നു മണികൾകൊണ്ട് സ്വർഗത്തിലേക്ക് നടക്കാൻ കൃപ കിട്ടിയവർ..

കൃപ നിറഞ്ഞ ഒരു ജപമാലയനുഭവം സ്നേഹപൂർവം,

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.